ബ്രസീലില്‍ പാരസ്ഥിതിക നിയമം പൊളിച്ചെഴുതുന്നു, ഒപ്പം പ്രതിഷേധവും

ബ്രസീലില്‍ പാരസ്ഥിതിക നിയമം പൊളിച്ചെഴുതുന്നു, ഒപ്പം പ്രതിഷേധവും

 
ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് വരെ രാഷ്ട്രീയം തിളച്ചുമറിയുകയായിരുന്നു. പ്രസിഡന്റ് ദില്‍മ റൂസഫിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യമാണ് ബ്രസീലിന്റെ രാഷ്ട്രീയത്തെ പിടിച്ചുലച്ചത്. ദില്‍മയ്‌ക്കെതിരേ ഇംപീച്ച്‌മെന്റ് നടപടി പുരോഗമിച്ചതോടെ രാഷ്ട്രീയ വിവാദത്തിന് അന്ത്യമായെങ്കിലും ഇപ്പോള്‍ ബ്രസീലില്‍ മറ്റൊരു പ്രതിഷേധത്തിന് പ്രാധാന്യമേറുകയാണ്. കുറച്ചു മാസങ്ങളായി പാരസ്ഥിതിക പ്രവര്‍ത്തകരും തദ്ദേശീയ അവകാശസംരക്ഷണങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരും ശക്തമായൊരു പ്രതിഷേധം നടത്തുകയാണ് ബ്രസീലില്‍.
പരിസ്ഥിതിയെയും ഭൂപ്രദേശത്തെയും സംരക്ഷിക്കുന്ന നിയമം മയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരേയാണു പ്രതിഷേധം ശക്തമായിരിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷം പാരീസ് ഉച്ചകോടിയില്‍ രൂപപ്പെടുത്തിയ പാരസ്ഥിതിക സംരക്ഷണ ഉടമ്പടിയോട് നീതി പുലര്‍ത്താന്‍ സഹായിക്കില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
PEC 65/2012 എന്ന ബില്ലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബില്‍ പ്രകാരം, ബ്രസീലില്‍ പ്രധാനപ്പെട്ട അടിസ്ഥാന വികസന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കു നിരവധി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. ജൈവ വൈവിധ്യം, ഭൂപ്രദേശം, പരമ്പരാഗതമായി പ്രദേശത്തു വസിക്കുന്നവര്‍, പ്രത്യേകം സംരക്ഷിക്കേണ്ട പ്രദേശങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കാതെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി മുന്നേറാമെന്ന ഉറപ്പാണ് ബില്ലിലുള്ളത്. ഗ്രീന്‍ഹൗസ് വാതകം പുറന്തള്ളുന്നത് 2025-ാടെ 37 % മായി വെട്ടിച്ചുരുക്കാമെന്നും വനനശീകരണ തോത് 2030-ാടെ പൂര്‍ണമായി അവസാനിപ്പിക്കുമെന്നും പാരീസ് ഉടമ്പടിയില്‍ ബ്രസീല്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഉറപ്പുകളുടെ നഗ്നമായ ലംഘനം നടത്താനാണ് ഇപ്പോള്‍ ബ്രസീലില്‍ ഭരണകൂടം തയാറെടുക്കുന്നത്.
ആമസോണ്‍ പോലെ ലോകത്തെ തന്നെ ഏറ്റവും വലിയ വനപ്രദേശം കുടികൊള്ളുന്ന ബ്രസീലിലാണ് പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്നതെന്ന വൈരുദ്ധ്യവും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
വിവാദമായ PEC 65/2012 ബില്ലിന്റെ സൃഷ്ടി കര്‍ത്താവ് സെനറ്റര്‍ ആസിര്‍ ഗുര്‍ഗാക്‌സാണ്. ഇദ്ദേഹത്തിന്റെ സ്ഥാപിത താത്പര്യമാണ് ഇത്തരമൊരു ബില്ലിന് അനുവാദം നല്‍കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ തയാറായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗുര്‍ഗാക്‌സിന്റെ കുടുംബം ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമകളാണ്. ബ്രസീലിലെ രണ്ട് വലിയ നഗരങ്ങളാണ് പോര്‍ട്ടോ വെല്‍ഹോയും മനൗസും. ഈ രണ്ട് നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 900 കി.മി. ദൈര്‍ഘ്യമുള്ള BR319 ദേശീയപാത നിര്‍മാണം ഗുര്‍ഗാക്‌സിന്റെ സ്വപ്‌നമാണ്. ഇതിന്റെ നിര്‍മാണം പക്ഷേ നിലവിലെ പാരിസ്ഥിതിക നിയമം വച്ച് സാധ്യമല്ല. നിര്‍ദ്ദിഷ്ട പദ്ധതിക്കെതിരേ ബ്രസീലില്‍ പാരിസ്ഥിതിക, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക ഏജന്‍സിയായ IBAMA, രംഗത്തുവന്നത് പദ്ധതിക്ക് വന്‍ തിരിച്ചടിയായി.
PEC 65/2012 ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ തയാറെടുക്കുന്നത്. പരിസ്ഥിതിവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്നു ദീര്‍ഘകാലം മരവിപ്പിച്ച നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു ബ്രസീലിയന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടിയിലെ മൗറോ പെരെയ്ര രംഗത്തുവന്നിട്ടുണ്ട്. ഇദ്ദേഹം പ്രസിഡന്റ് മൈക്കള്‍ ടെമറിന്റെ പാര്‍ട്ടിക്കാരനാണ്. അതേസമയം ബില്ലിനെ എതിര്‍ത്ത് പാരിസ്ഥിതിക വകുപ്പ് മന്ത്രി ജോസ് സാര്‍നേ ഫിലോ രംഗത്തുവന്നിട്ടുണ്ട്.

Comments

comments

Categories: World