‘മൂല്യമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കും’

‘മൂല്യമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കും’

ടെക്‌സാസിലെ എ&എം സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അരുണ്‍ സുരേന്ദ്രന്‍ തന്റെ പിഎച്ച്ഡി അഡൈ്വസറെ ഒരു സ്ഥാപനം തുടങ്ങാന്‍ സഹായിച്ചിരുന്നു. അത് വളരെ വലിയ ഒരു അനുഭവമായിരുന്നുവെന്ന് അരുണ്‍ ഇന്നും ഓര്‍മിക്കുന്നു. വളരെ മനോഹരമായ കാമ്പസുള്ള ഐഐടി മുംബൈയിലും ടെക്‌സസിലെ എ&എമ്മിലും പഠിച്ചതുകൊണ്ടുതന്നെ വളരെ ആകര്‍ഷകമായ വിദ്യാര്‍ഥി ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭാവിയാണ് അരുണ്‍ ആഗ്രഹിച്ചിരുന്നതും. ടെക്‌സാസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ട്രിനിറ്റി കോളെജ് ഓഫ് എന്‍ജിനീയറിംഗ് തുടങ്ങാനുള്ള സുവര്‍ണാവസരമാണ് അരുണിന് മുന്നില്‍ തെളിഞ്ഞത്. ഇപ്പോള്‍ തിരുവനന്തപുരം ട്രിനിറ്റി കോളെജ് ഓഫ് എന്‍ജിനീയറിംഗിന്റെ സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലുമാണ് ഡോ. അരുണ്‍ സുരേന്ദ്രന്‍. കോളെജ് ചെയര്‍മാനും എംഡിയുമായ ഡോ തോമസ് അലക്‌സാണ്ടറാണ് കോളെജിന്റെ ചുമതല ഏല്‍പ്പിക്കാന്‍ അരുണിനെ തെരഞ്ഞെടുത്തത്. അലക്‌സ് സാറിനെ മെന്ററായി ലഭിച്ചതും സ്വന്തം നാട്ടില്‍ത്തന്നെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനായതും തന്നെ ഈ ചുമതല ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെന്ന് അരുണ്‍ പറയുന്നു.
ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യനാളുകള്‍ വളരെയേറെ വെല്ലുവിളിനിറഞ്ഞതും അതോടൊപ്പംതന്നെ സന്തോഷം തരുന്നതുമായിരുന്നുവെന്ന് അരുണ്‍ വ്യക്തമാക്കുന്നു. ‘ബെന്‍ ഹൊറോവിറ്റ്‌സിന്റെ ദി ഹാര്‍ഡ് തിംഗ് എബൗട്ട് ഹാര്‍ഡ് തിംഗ്‌സ്’ എന്ന പുസ്തകത്തില്‍ പറയുന്നത് ഒരു സംരംഭകന് രണ്ടുവികാരങ്ങള്‍ മാത്രമേ ഉണ്ടാകാവൂ എന്നാണ്. ഭയവും സന്തോഷവുമാണ് ആ വികാരങ്ങള്‍. എല്ലാ സംരംഭങ്ങളുടെയും ആദ്യനാളുകളുടെ കാര്യം പരിഗണിച്ചാല്‍ ഇത് വളരെ ശരിയാണെന്നാണ് എനിക്കുതോന്നുന്നത്. ഐഐടി, അമേരിക്കന്‍ സര്‍വകലാശാല തുടങ്ങിയ വളരെ ശാന്തവും സംഘടിതവുമായ വിദ്യാഭ്യാസ സമ്പദ്രായം പിന്തുടരുന്ന അന്തരീക്ഷത്തില്‍ പഠിച്ച എനിക്ക് കേരളത്തിലെ പഠനത്തിന് അവസാന പരിഗണന നല്‍കുന്ന രാഷ്ട്രീയത്തിലൂന്നിയ കോളെജ് അന്തരീക്ഷം ആദ്യകാലങ്ങളില്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ അലക്‌സ് സാറിനെപ്പോലൊരു മെന്ററിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. വലിയ വെല്ലുവിളികള്‍ക്കുള്ളിലാണ് മികച്ച കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളുള്ളതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ സമയങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുന്നത് നല്ലതാണെന്നും അത് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ നമ്മെ പ്രാപ്തമാക്കുമെന്നും അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ക്ലാസുകള്‍ നടക്കുമ്പോള്‍ തന്നെ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ക്ലാസുകളെ ബാധിക്കാത്ത രീതിയില്‍ ഇത് മുന്നോട്ടുകൊണ്ടുപോയത് വലിയ അനുഭവമായിരുന്നു. കോളെജിന്റെ ആദ്യകാലങ്ങളിലെടുക്കുന്ന തീരുമാനങ്ങളും വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകളും അനുസരിച്ചായിരിക്കും ഭാവിയിലെ കോളെജ് സംസ്‌കാരമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
വളരെ ആസ്വാദ്യകരവും ആവേശകരവുമായ അന്തരീക്ഷം പ്രദാനംചെയ്തുകൊണ്ട് മൂല്യമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അരുണ്‍ ആവേശത്തോടെ പറയുന്നു. ഇത് എത്രത്തോളം ഫലപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാനായി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ എന്റെ വിജയത്തെയും നേട്ടങ്ങളെയും കാണുന്നത്. അതുകൊണ്ടുതന്നെ ഓരോ പുതിയ ബാച്ച് വരുമ്പോഴും അവര്‍ക്കായുള്ള എന്റെ ലക്ഷ്യങ്ങള്‍ ശാശ്വതമായിരിക്കും. ഓരോ കുട്ടിക്കും വ്യത്യസ്തമായ ആവശ്യങ്ങളായിരിക്കും. സംരംഭകത്വത്തിലേക്ക് നേരത്തെ കടക്കാനായത് തങ്ങളുടെ നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം പറയുന്നു. ഫാക്കല്‍റ്റി അംഗങ്ങള്‍ സംരംഭകത്വത്തിലേക്ക് തിരിയുന്നില്ലെങ്കില്‍ കുട്ടികളെ സ്റ്റാര്‍ട്ടപ്പുകളിലേക്കു തിരിക്കാന്‍ പ്രയാസമായിരിക്കുമെന്നും ഞങ്ങള്‍ മനസിലാക്കി. നല്ല മെഡിക്കല്‍ കോളെജുകളില്‍ ഡോക്ടര്‍മാര്‍ പഠിപ്പിക്കാന്‍ എത്തുന്നതിനോടൊപ്പം അവരുടെ പ്രാക്ടീസ് തുടരുന്നതുപോലെതന്നെ എന്‍ജിനീയറിംഗ് കോളെജില്‍ ജോലിചെയ്യുന്ന എന്‍ജിനിയര്‍മാര്‍ പഠിപ്പിക്കാനെത്തുന്ന തരത്തിലുള്ള എന്‍ജിനീയറിംഗ് കോളെജാണ് ഞങ്ങള്‍ക്കാവശ്യം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കമ്പനികള്‍ സ്വന്തമായി നടത്തുന്ന അധ്യാപകരുള്ള ഏക എന്‍ജിനീയറിംഗ് കോളെജാണ് ട്രിനിറ്റിയെന്നും അരുണ്‍ അഭിമാനത്തോടെ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നാലുപേര്‍ നിലവില്‍ കോളെജിലുണ്ട് ഇനിയും നിരവധിപ്പേര്‍ ഈ രീതി പിന്തുടരാന്‍ തയാറായിരിക്കുകയാണ്, അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
”പരാജയങ്ങളെ പഠിക്കാനുള്ള അവസരമായി നോക്കിക്കാണുന്നതാണ് പ്രധാന കാര്യം. അങ്ങനെയാകുമ്പോള്‍ ഒരിക്കലും പരാജയങ്ങളുണ്ടാകില്ല. മറിച്ച് പഠനാവസരങ്ങളാണ് ഉണ്ടാകുക. ഇത് നമ്മളെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തും. എന്‍ജിനീയറിംഗ് കൈകാര്യം ചെയ്യാനാവാത്ത നിരവധി കുട്ടികളെ ഞാന്‍ കാണാറുണ്ട്. അവരുമായി വ്യക്തിപരമായി സംസാരിച്ച് അവരുടെ താത്പര്യത്തിനും ഇഷ്ടത്തിനും കഴിവിനും അനുസരിച്ച് അവര്‍ക്ക് ശോഭിക്കാനാവുന്ന മറ്റുതലങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്താന്‍ ഞാന്‍ സഹായിക്കാറുണ്ട്,” ഡോ അരുണ്‍ സുരേന്ദ്രന്‍ പറയുന്നു.
കൂടുതല്‍ യുവാക്കളുമായി ചേര്‍ന്നുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അരുണ്‍ വ്യക്തമാക്കുന്നു. അവരുടെ ആശയങ്ങള്‍കേട്ട് അവര്‍ക്ക് വിജയം നേടാന്‍ സഹായിക്കുന്നതരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത് എനിക്ക് വളരെയേറെ താല്‍പര്യമുള്ള കാര്യമാണ്. ഇത്തരം ധാരാളം അവസരങ്ങള്‍ എനിക്ക് ട്രിനിറ്റി കോളെജില്‍ ലഭിക്കുന്നുണ്ട്. ദൈനംദിനം മാറിവരുന്ന സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും ലോകത്ത് കൂടുതല്‍ അറിവ് സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അരുണ്‍ പറയുന്നു. കേരളത്തിലെ ബിസിനസ് ഇന്‍ക്യുബേഷന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. കെസിസി നായരുമായി ചേര്‍ന്ന് അരുണ്‍ ദി സ്റ്റാര്‍ട്ടബ് ഹാബിറ്റ് എന്ന പുസ്തകത്തിന്റെ സഹരചയിതാവുമായി. റിട്ടയര്‍മെന്റിനു ശേഷവും ഒരു അധ്യാപകനും അതോടൊപ്പംതന്നെ വിദ്യാര്‍ഥിയുമായി തുടരാനാണ് ആഗ്രഹം. ഒരു നല്ല മെന്ററും പരിചയസമ്പന്നയായ സംരംഭകനുമായി മാറാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഡോ അരുണ്‍ സുരേന്ദ്രന്‍

എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ ബിടെക്കും പിഎച്ച്ഡിയും നേടിയ അരുണ്‍ സുരേന്ദ്രന്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ഓഫ് സ്റ്റോക് മാര്‍ക്കറ്റ് സെക്യൂരിറ്റീസ് എന്ന വിഷയമാണ് ഡെസര്‍ട്ടേഷനായി തിരഞ്ഞെടുത്തത്. ഇത് ബിസിനസിനെക്കുറിച്ചും യുഎസ്എയിലെ വിജയകരമായ കമ്പനികളെക്കുറിച്ചും കൂടുതല്‍ വായിച്ചറിയാനു
ള്ള അവസരമായിരുന്നുവെന്നും ജോലിയും സമ്പത്തും സൃഷ്ടിക്കുന്ന മികച്ച സംരംഭകരില്‍നിന്ന് അതിശക്തമായി താന്‍ പ്രചോദിതനായെന്നും അരുണ്‍ പറയുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ട്രിനിറ്റി കോളെജിന്റെ ഭരണപരവും അക്കാദമിക്പരവുമായ മുഴുവന്‍സമയ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നതിനു പുറമേ ബാങ്കേഴ്‌സ് ട്രെയ്‌നിംഗ് സെന്ററിന്റെയും കോയില്‍ എ ഡെ ചെല്‍ഡ്‌കെയര്‍ ഫൗണ്ടേഷന്റെയും ഭാഗമാണ് അരുണ്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോജിയിലും ചാരാച്ചിറയിലുള്ള സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് അക്കാദമിയിലും അരുണ്‍ ഗസ്റ്റ് ലക്ചറായി പോകാറുണ്ട്. ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തനിക്ക് വളരെയേറെ സന്തോഷമാണെന്നും അദ്ദേഹം പറയുന്നു.

റോള്‍ മോഡല്‍

വിവിധ പശ്ചാത്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ തത്വങ്ങളും അവരുടെ സ്വഭാവവും മാതൃകയാക്കാന്‍ ശ്രമിക്കാറുണ്ട്. എതിരാളികളെ കൈകാര്യം ചെയ്യാനുള്ള എബ്രഹാം ലിങ്കന്റെ കഴിവ് മാതൃകയാണ്. പല പ്രതിസന്ധികള്‍ മറികടന്ന് ഐതിഹാസിക ബ്രാന്‍ഡ് കെട്ടിപ്പെടുത്ത അമുലിന്റെ വര്‍ഗീസ് കുര്യനും പ്രചോദനം തന്നെയാണ്. നേടിയെടുക്കാനാവില്ലെന്നു കരുതുന്ന ലക്ഷ്യങ്ങള്‍ വളരെ ചിട്ടയായ രീതികളിലൂടെ എങ്ങനെ നേടിയെടുക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് റൈറ്റ് സഹോദരന്‍മാരുടെ കഥ. ഒരു അധ്യാപകനെന്ന നിലയഅിലും സാങ്കേതികവിദഗ്ധനായ ഭരണാധികാരിയെന്ന നിലയിലും ഡോ കലാം എന്നും മാതൃകയാണ്. റോള്‍ മോഡലായ മെന്റര്‍മാരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം ആളുകളുമായി ചേര്‍ന്നുനില്‍ക്കുന്ന സംരംഭകനാണ് അലക്‌സ് സാര്‍. ഡോ കെസിസി നായരും പോസിറ്റീവായ സമീപനങ്ങള്‍ നിറഞ്ഞ വ്യക്തിയാണ്.

കേരളത്തിലെ സംരംഭക സംസ്‌കാരത്തില്‍ മാറ്റം
കൊണ്ടുവരാനാവുന്ന മൂന്ന് ആശയങ്ങള്‍
മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭരണാധികാരികളുടെയും കാഴ്ചപ്പാടുകള്‍ മാറണം. വീട്, സ്‌കൂള്‍, കോളെജ് എന്നിവിടങ്ങളിലും സര്‍ക്കാര്‍ തലത്തിലും സംരംഭകത്വം പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ പുരോഗതിയുണ്ടാവില്ല. 90 ശതമാനം സമയങ്ങളിലും പുതിയ സംരംഭങ്ങള്‍ പരാജയപ്പെടും. വീണ്ടും വീണ്ടും ശ്രമിക്കാന്‍ തയാറാകുന്നവരാണ് വിജയികളായ സംരംഭകര്‍. പിന്തുണ നല്‍കുന്ന അന്തരീക്ഷമാണ് നമുക്കാവശ്യം. പരീക്ഷ, മാര്‍ക്ക് തുടങ്ങിയവയെ നോക്കിക്കാണുന്ന കണ്ണോടെ സ്റ്റാര്‍ട്ടപ്പുകളെ നോക്കാന്‍ നമുക്കു കഴിയില്ല.

പ്രൊഫഷനില്‍ വിജയം നേടാന്‍
മൂന്ന് ടിപ്‌സ്
നിങ്ങളുടെ എല്ലാ തീരുമാനങ്ങളുടെയും പ്രവൃത്തികളുടെയും പൂര്‍ണ ഉത്തരവാദിത്വം എടുക്കുക.
വിജയത്തെയും വളര്‍ച്ചയെയും കുറിച്ച് ചിന്തിക്കുമ്പോള്‍ പണത്തെക്കാളുപരിയായി നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെക്കുറിച്ച് ചിന്തിക്കുക (സ്റ്റാഫ്, ഉപഭോക്താക്കള്‍, ഇടപാടുകാര്‍, പ്രതിയോഗികള്‍)
നര്‍മബോധം ഉണ്ടാക്കിയെടുക്കുക. എങ്കില്‍ മാത്രമേ പരാജയങ്ങളെ പഠനമാര്‍ഗങ്ങളായി കാണാനാവൂ.

ട്രിനിറ്റി കോളെജ് ഓഫ് എന്‍ജിനീയറിംഗ്
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള വിദ്യാഭ്യാസ സ്ഥാപനമാണ് ട്രിനിറ്റി കോളെജ് ഓഫ് എന്‍ജിനീയറിംഗ്. 400 വിദ്യാര്‍ഥികളുള്ള കോളെജില്‍ 130 ഓളം ഫാക്കല്‍റ്റികള്‍ സേവനമനുഷ്ടിക്കുന്നുണ്ട്. നിസ്വാര്‍ഥ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോയാല്‍ അത് മികച്ച അനന്തരഫലം നല്‍കുമെന്നതാണ് കോളെജിന്റെ മോറല്‍ ഫിലോസഫി. 2021-ല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം, ഇന്നൊവേഷന്‍, സംരംഭകത്വം എന്നിവയില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനമായി മാറാന്‍ ട്രിനിറ്റി കോളേജ് ലക്ഷ്യമിടുന്നു.

Comments

comments

Categories: FK Special