ശല്യപ്പെടുത്തിയതിനെ ചോദ്യംചെയ്ത യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

ശല്യപ്പെടുത്തിയതിനെ ചോദ്യംചെയ്ത യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

ലക്‌നൗ: ശല്യപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനു യുവതിയെ സ്വന്തം മകളുടെ മുന്‍പില്‍ തല്ലി ചതച്ചു. രണ്ട് പേര്‍ ചേര്‍ന്നാണു വലിയ വടി കൊണ്ട് യുവതിയെ തല്ലിയത്. യുവതിയുടെ ശരീരത്തില്‍നിന്നും ചോര വാര്‍ന്നൊഴുകിയിട്ടും മര്‍ദ്ദനം തുടര്‍ന്നതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനമേല്‍ക്കുമ്പോള്‍ യുവതിയുടെ സമീപം മകളും ഭര്‍ത്താവുമുണ്ടായിരുന്നു. മമ്മീ മമ്മീ എന്നുറക്കെ കരയുന്ന കുഞ്ഞിന്റെ ചിത്രവും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ ശക്തികേന്ദ്രമായ യുപിയിലെ മെയ്ന്‍പുരി എന്ന നഗരത്തിലെ മാര്‍ക്കറ്റിനുള്ളില്‍ വച്ചാണു തിങ്കളാഴ്ച മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും സ്ഥിതിഗതികളെ നിരീക്ഷിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ സക്‌സേന പറഞ്ഞു.
യുവതിയെ തല്ലുമ്പോള്‍ നിരവധി പേര്‍ ചുറ്റും കൂടിനിന്നിരുന്നു. അവരില്‍ പലരും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും മറന്നില്ല. ആരും യുവതിയെ രക്ഷപ്പെടുത്താന്‍ മെനക്കെട്ടതുമില്ല. സംഭവം നടക്കുന്നതിനിടെ ആരോ ഫോണ്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ഈ സംഭവത്തെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണപാര്‍ട്ടിക്കെതിരേ ഉപയോഗപ്പെടുത്താനുള്ള അവസരമായിട്ടാണു കണക്കാക്കുന്നത്. ക്രമസമാധാന നില പാടേ തകര്‍ന്നെന്നും പൊലീസ് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബിജെപി നേതാവ് വിജയ് ബഹാദുര്‍ പഥക് പറഞ്ഞു.

Comments

comments

Categories: Trending