മൂന്ന് ദശാബ്ദമായി നടനവിസ്മയം തീര്‍ക്കുന്ന സഹോദരിമാരുടെ കഥ

മൂന്ന് ദശാബ്ദമായി നടനവിസ്മയം തീര്‍ക്കുന്ന സഹോദരിമാരുടെ കഥ

നീതു കെ
കുന്തി കര്‍ണനെ ആദ്യമായി കാണുകയാണ്. മകനെന്ന നിലയില്‍ പാണ്ഡവ മാതാവ് ഇതുവരെ കര്‍ണനെ അംഗീകരിച്ചിട്ടില്ല. സംസാരിച്ചിട്ടുമില്ല. തന്റെ മക്കളുടെ ജീവനു വേണ്ടി കുരുക്ഷേത്ര യുദ്ധ ഭൂമിയിലേക്കിറങ്ങരുതേയെന്ന് കര്‍ണനോട് യാചിക്കാനെത്തിയതാണ് കുന്തി. സൂതന്റെ മകനായി വളര്‍ന്നവനാണ് കര്‍ണന്‍. ആ അധിക്ഷേപം ഏറെ സഹിച്ചിട്ടുമുണ്ട്. സൂത പുത്രനല്ല സൂര്യ പുത്രനാണ് താനെന്നു മാതാവായ കുന്തിയില്‍ നിന്ന് കര്‍ണന്‍ അറിയുന്നു. അംഗരാജ്യത്തിന്റെ രാജാവാണെങ്കില്‍പ്പോലും തന്റെ സഹോദരങ്ങളോടാണ് ഇത്രയുംകാലം യുദ്ധം ചെയ്തതെന്ന് മാതാവില്‍ നിന്നറിഞ്ഞ കര്‍ണന്‍ ഒരു ഘട്ടത്തില്‍ തളര്‍ന്നുവീഴുന്നു. അതേസമയം തന്നെ ഇതുവരെ വളര്‍ത്തിയ ദുര്യോധനനെ കൈവെടിയില്ലെന്ന കര്‍ണന്റെ വാക്കുകള്‍ കുന്തിയെയും തളര്‍ത്തുന്നു. കുരുക്ഷേത്ര യുദ്ധം കഴിയുമ്പോള്‍ കുന്തിക്ക് അഞ്ചുമക്കള്‍ തന്നെയായിരിക്കും അവശേഷിക്കുക. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ അര്‍ജുനന്‍. രണ്ടിലൊരാളെ നഷ്ടമാകുമെന്ന് പുത്രനില്‍ നിന്നു കേള്‍ക്കുന്ന ഒരു മാതാവിന്റെ മനോവ്യഥ എത്രത്തോളമായിരിക്കുമെന്ന് ആര്‍ക്കാണ് ഊഹിക്കാനാവുക. കര്‍ണനും കുന്തിയുമായി സൂര്യ നൃത്തോത്സവ വേദിയില്‍ ധന്യയും വീണയും പകര്‍ന്നാടിയപ്പോള്‍ പ്രേക്ഷകരൊന്നടങ്കം ആ രംഗം വീക്ഷിച്ചത് തികഞ്ഞ ആത്മനിര്‍വൃതിയോടെയാണ്. ആ മാതാവും പുത്രനും പ്രേക്ഷകരുടെ നെഞ്ചില്‍ വിങ്ങലായപ്പോള്‍ നായര്‍ സഹോദരിമാരുടെ കര്‍ണശപഥമെന്ന നൃത്ത ശില്‍പ്പം പൂര്‍ണമാവുകയായിരുന്നു.

ഒന്നും രണ്ടുമല്ല നീണ്ട മൂന്നു ദശാബ്ദക്കാലത്തെ ബന്ധമാണ് ക്ലാസിക്കല്‍ കലകളുമായി വീണയ്ക്കും ധന്യയ്ക്കുമുള്ളത്. സംഗീതവും നൃത്തവും ഒരുപോലെ വഴങ്ങും. പരമ്പരാഗത നൃത്തരൂപങ്ങളുടെ പൂര്‍ണതയ്ക്കായി തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച കലാകാരികളാണിവര്‍. തങ്ങള്‍ മൂന്നുപേര്‍ക്കും (ധന്യ നായര്‍, വീണ നായര്‍, സഹോദരന്‍ അശ്വിന്‍ നായര്‍ ) ക്ലാസിക്കല്‍ കലകളോട് അടങ്ങാത്ത അഭിനിവേശമാണുള്ളതെന്ന് വീണ പറയുമ്പോള്‍ അത് വെറും വാക്കല്ല. നീണ്ട കാലങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ സ്വായത്തമാക്കിയ തപസ്യയുടെ തീവ്രത ആ വാക്കുകളില്‍ പ്രകടമായിരുന്നു. മൂന്നും അഞ്ചും വയസ് പ്രായമുള്ളപ്പോഴാണ് ഇവര്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയത്. അനുഭവ സമ്പന്നരായ ഒരുകൂട്ടം ഗുരുക്കന്‍മാരുടെ അനുഗ്രഹവും അവര്‍ പകര്‍ന്നുനല്‍കിയ ജ്ഞാനവുമാണ് ഇന്നുകാണുന്ന തങ്ങളെന്നു വീണപറയും. പത്മിനി രാമചന്ദ്രന്റെ കീഴില്‍ ഭരതനാട്യം അഭ്യസിച്ചുകൊണ്ടാണ് ഇരുവരും നൃത്ത പഠനത്തിനു തുടക്കമിടുന്നത്. തുടര്‍ന്നിങ്ങോട്ട് നാട്യവിശാരദ ശ്രീമതി നര്‍മദയുടെ കീഴിലും ഇവര്‍ ഭരതനാട്യം അഭ്യസിച്ചു. ഈ നൃത്ത രൂപത്തോടുള്ള പ്രണയവും താല്‍പ്പര്യവും ജനിപ്പിച്ചത് ഗുരുവായ നര്‍മദയായിരുന്നുവെന്ന് ഇവരും പറയുന്നു. കലാമണ്ഡലം ഡോ. രാധികയുടെയും പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെയും കീഴിലായിരുന്നു മോഹിനിയാട്ടപഠനം. ഗുരുക്കന്‍മാരുടെ അനുഗ്രഹം ഓരോവേദികളിലും തങ്ങള്‍ അനുഭവിച്ചറിയാറുണ്ടെന്നും വീണ കൂട്ടിച്ചേര്‍ക്കുന്നു.

dhanya_dohaഭരതം മോഹനം
ഭരതനാട്യവും മോഹിനിയാട്ടവുമാണ് ഈ സഹോദരിമാര്‍ ലോകമെമ്പാടുമുള്ള വേദികളില്‍ അവതരിപ്പിക്കുന്നത്. സൂര്യ ഫെസ്റ്റിവലില്‍ ഇവര്‍ അവതരിപ്പിച്ച കര്‍ണശപഥത്തിന്റെ മോഹിനിയാട്ട രൂപം ഏറെ ആസ്വാദക ശ്രദ്ധ നേടിയിരുന്നു. മഹാഭാരതത്തിലെ ഏറെ ശക്തരായ രണ്ടു കഥാപാത്രങ്ങളായി വീണയും ധന്യയും വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ ഒരു മാതാവിന്റെ മനോവേദനയും സഹോദരങ്ങളോട് യുദ്ധം ചെയ്യേണ്ടി വരുന്ന അംഗരാജ്യാധിപതിയായ കര്‍ണന്റെ മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകര്‍ അതേപടി നെഞ്ചേറ്റി. 20 വര്‍ഷം മുന്‍പ് കലാമണ്ഡലം ഗോപിയാശാനും സംഘവും അവതരിപ്പിച്ച കര്‍ണശപഥത്തിന്റെ കഥകളി രൂപം
മോഹിനിയാട്ടത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഇവര്‍ അവതരിപ്പിച്ചത്. കഥകളിപ്പദങ്ങളുടെ അര്‍ഥനിബദ്ധത ഒട്ടും കുറയാതെ മോഹിനിയാട്ടത്തിന്റെ രൂപത്തില്‍ കര്‍ണശപഥം ആസ്വദിക്കാനായത് പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭൂതി പകര്‍ന്നു നല്‍കി.
നൃത്താവതരണത്തിലും കൊറിയോഗ്രഫിയിലും പരമ്പരാഗത മാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നതാണ് ഈ സഹോദരിമാരുടെ ഏറ്റവും വലിയ പ്രത്യേകത. സമകാലിക വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനായി ഇവര്‍ നൃത്തത്തെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് സാധാരണക്കാരെ ഏറെ ബാധിച്ച നോട്ട് അസാധുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വരെ പരമ്പരാഗതകലയുടെ ഭാഗമായി ഇവര്‍ അവതരിപ്പിച്ചു. അസാന്‍മാര്‍ഗിക രീതിയില്‍ പണമുണ്ടാക്കുകയും അത് കുമിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ ഒരിക്കലും മനുഷ്യന്‍ ദൈവത്തെ ഓര്‍ക്കാറില്ല. ഭരണകൂടം കറന്‍സി പിന്‍വലിച്ച് അവര്‍ പ്രതിസന്ധിയിലായപ്പോള്‍ അതുവരെ സ്മരിക്കാത്ത ദൈവത്തെ അവര്‍ ഓര്‍ക്കുന്നു. ഈ ആശയമാണ് പൂര്‍ണമായും പരമ്പരാഗതമായി ചെയ്ത നൃത്ത ശില്‍പ്പത്തില്‍ ചെറിയൊരു ഭാഗമായി ഇവര്‍ പ്രതിപാദിച്ചത്.
”പുതിയ ആശയങ്ങളും തീമുകളും വികസിപ്പിക്കുന്ന നിരവധിപ്പേര്‍ ഇന്നുണ്ട്. എന്നാല്‍ സമ്പന്നമായ നമ്മുടെ നൃത്ത പാരമ്പര്യത്തെ ആസ്വാദകര്‍ക്കു മുന്‍പില്‍ എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 3000, 4000 വര്‍ഷം പഴക്കമുള്ളതും ഇന്നത്തെ നമ്മുടെ കമ്പോസര്‍മാര്‍ക്ക് അറിവില്ലാത്തതുമായ അറിവിന്റെ അക്ഷയഖനിയാണ് നമ്മുടെ നൃത്ത പാരമ്പര്യം. ഇത് അടുത്ത തലമുറയിലേക്കു കൂടി എത്തണം. പുതുതലമുറയ്ക്ക് ഇത് അന്യമാകാന്‍ പാടില്ല. അതിനുകൂടി വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തീര്‍ച്ചയായും ആനുകാലിക വിഷയങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലുമുപരിയായി പ്രാധാന്യം നല്‍കുന്നത് പാരമ്പര്യത്തിനു തന്നെയാണ്. വളരെ പരമ്പരാഗതമായ ഒരു തീമെടുക്കുമ്പോള്‍ പോലും അതില്‍ ആനുകാലിക വിഷയങ്ങള്‍ സന്നിവേശിപ്പിച്ചാല്‍ അത് പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി ആസ്വാദ്യകരമാവും,” വീണ പറയുന്നു.

veena30 വര്‍ഷങ്ങള്‍ നീണ്ട തപസ്യ
30 വര്‍ഷമായി നൃത്തം ധന്യയുടെയും വീണയുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഓരോ ചുവടുകളും ഹരമാണ് ഈ കലാകാരികള്‍ക്ക്. ബിസിനസ് കുടുംബത്തില്‍ ജനിച്ച ഈ സഹോദരങ്ങള്‍ക്ക് കലാരംഗത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത് സ്വന്തം മാതാവാണ്. സംഗീതത്തിലും നൃത്തത്തിലുമെല്ലാം ഒരുപോലെ താല്‍പര്യമുണ്ടായിരുന്ന അവര്‍ തനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത് തന്റെ മക്കളിലൂടെ നേടിയെടുക്കുകയായിരുന്നു. സഹോദരന്‍ അശ്വിനും കലാരംഗത്ത് മികവുതെളിയിച്ചിട്ടുണ്ട്. തങ്ങള്‍ മൂന്നു പേര്‍ക്കും ക്ലാസിക്കല്‍ സംഗീതത്തോടും നൃത്തത്തോടും അടങ്ങാത്ത അഭിനിവേശമാണുള്ളതെന്ന് വീണ പറയുന്നു. അശ്വിന്‍ ക്ലാസിക്കല്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. മൃദംഗവും വായിക്കും. തങ്ങളുടെ പ്രോഗ്രാമുകളുടെ റിഥം കമ്പോസര്‍ കൂടിയാണ് അശ്വിനെന്നും ഇവര്‍ പറയുന്നു. ബിസിനസാണെങ്കിലും കലയാണെങ്കിലും അതിനെ പൂര്‍ണമായ അര്‍ഥത്തില്‍ ഗവേഷണം ചെയ്ത് പഠിച്ച് പരിപോഷിപ്പിക്കാനുള്ള സമയം തങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഒരു സ്വകാര്യ ഐടി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉയര്‍ന്ന പദവി ധന്യ വഹിക്കുന്നു. വീണയും ഐടി മേഖലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സഹോദരന്‍ ബിസിനസും കൈകാര്യം ചെയ്യുന്നു.
”30 വര്‍ഷമായി ഞങ്ങള്‍ ഈ രംഗത്തുണ്ട്. ഓരോ ദിവസവും ഓരോ പെര്‍ഫോമന്‍സും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. ലോകം മുഴുവന്‍ ഇന്ത്യന്‍ ഡാന്‍സ് വ്യാപിക്കണം, അറിയപ്പെടണം എന്നീ ലക്ഷ്യങ്ങളാണുള്ളത്. ഒരാളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാനാവുമ്പോള്‍ മാത്രമേ ഒരു കലാകാരന്‍ പൂര്‍ണനാകുന്നുള്ളുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനുവേണ്ടി തന്നെയാണ് ശ്രമിക്കുന്നതും,” വീണ പറയുന്നു.

റിയാലിറ്റി വേണം: ഷോ മാത്രമാവരുത്
ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. ഈ വേദിയിലൂടെ കലാരംഗത്തോടു താല്‍പര്യള്ള പുതുതലമുറയ്ക്ക് ഏറെ അവസരങ്ങള്‍ ലഭിക്കുന്നുമുണ്ട്. നൃത്ത പാരമ്പര്യത്തിന്റെ സമാനതകളിലാത്ത അനുഭൂതികള്‍ പകര്‍ന്നുനല്‍കുന്ന കലാകാരികളെന്ന നിലയില്‍ ഈ പുതിയ സമ്പ്രദായത്തെക്കുറിച്ചും സമ്മിശ്ര രീതിയിലാണ് ഇവര്‍ പ്രതികരിക്കുന്നത്. എല്ലാത്തിനും നല്ലതും ചീത്തയുമായ രണ്ടുവശങ്ങളുണ്ടെന്നും ഈ കലാകാരികള്‍ പറയുന്നു. ഇതിന്റെ നല്ലവശങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ കലാരൂപങ്ങള്‍ക്ക് ഇതുവഴിയുണ്ടാകുന്ന നിലവാരത്തകര്‍ച്ചയെ ഇവര്‍ അപലപിക്കുകയും ചെയ്യുന്നു.

”എല്ലാത്തിനും രണ്ടുവശങ്ങളുണ്ട്. ഒന്നാമതായി ഇത്തരം അവസരങ്ങള്‍ ലഭിക്കുമ്പോള്‍ പല കഴിവുള്ള കുട്ടികളും കലാരംഗത്തേക്ക് കടന്നുവരാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് ഇവ ഉചിതമായ പ്ലാറ്റ്‌ഫോമും ഒരുക്കുന്നുണ്ട്. ഇത് വളരെ നല്ല കാര്യമാണ്. കലാകാരന്മാര്‍ ഉയര്‍ന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വേദികള്‍ എന്തുകൊണ്ടും നല്ലതുതന്നെയാണ്,” വീണ പറയുന്നു. അതേസമയം റിയാലിറ്റി ഷോകള്‍ മൂലമുണ്ടാകുന്ന ചില തെറ്റായ പ്രവണതകളും നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെന്ന നിലയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരത്തിനു മാത്രമായി കുട്ടികള്‍ നൃത്തം പോലുള്ള പരിശുദ്ധമായ കലാരൂപം സ്വായത്തമാക്കുന്നതില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് ആ കലാരൂപത്തിന്റെ നിലവാരത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ”റിയാലിറ്റി ഷോകളിലൂടെ കലയ്ക്ക് ഒരു പരിധിവരെ പ്രോത്സാഹനം ലഭിക്കുന്നുവെന്നത് യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ മത്സരത്തിന്റെ കണ്ണോടുകൂടി മാത്രം കുട്ടികള്‍ കലയെ സമീപിക്കുന്നത് അതിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ട്. യുവജനോത്സവങ്ങളിലും പലപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. മത്സരത്തിനുവേണ്ടി മാത്രം ഏതെങ്കിലുമൊരു ഇനം പഠിക്കുന്നു. അത് അവതരിപ്പിക്കുന്നു. പിന്നീട് അതിനെ സമീപിക്കാറേയില്ല. എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റെന്ന നിലയിലേക്ക് വളരാന്‍ അടിത്തറ ശക്തമായിരിക്കണം. അടിസ്ഥാനപരമായ അറിവുകളില്ലാതെ ഇവയൊന്നും പഠിക്കുന്നത് ആ കലാരൂപത്തിന് ഗുണം ചെയ്യില്ല. എത്രയോ കാലത്തെ തപസ്യകൊണ്ട് ആര്‍ജിച്ചെടുക്കേണ്ടതാണ് ഈ കഴിവുകള്‍,” വീണ പറയുന്നു.

തിരുവനന്തപുരത്ത് അരങ്ങേറുന്ന സൂര്യ ഫെസ്റ്റിവലില്‍ 2006 മുതല്‍ സജീവ സാന്നിധ്യമാണ് ഈ നായര്‍ സഹോദരിമാര്‍. ഖത്തര്‍, മസ്‌കറ്റ്, കുവൈത്ത്, യുഎഇ, സിംഗപ്പൂര്‍, തുടങ്ങി ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇവര്‍ ഭാരതീയ നാട്യ പാരമ്പര്യത്തിന്റെ പ്രഭാവം വിളിച്ചോതുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. നായര്‍ സഹോദരിമാരുടെ നൃത്ത സപര്യകള്‍ തുടരുകയാണ്. ധന്യാ നായര്‍ കളിയായി പറയുന്നതുപോലെ നൃത്തത്തിന്റെ വേരുകള്‍ തേടിയുള്ള യാത്ര.

Comments

comments

Categories: FK Special