സെല്‍ഫ് ഡ്രൈവ് കാര്‍: സാന്‍ഫ്രാന്‍സിസ്‌കോ പരീക്ഷണ പദ്ധതി യുബര്‍ റദ്ദാക്കി

സെല്‍ഫ് ഡ്രൈവ് കാര്‍:  സാന്‍ഫ്രാന്‍സിസ്‌കോ പരീക്ഷണ പദ്ധതി യുബര്‍ റദ്ദാക്കി

 

സാന്‍ഫ്രാന്‍സിസ്‌കോ: സ്വയം നിയന്ത്രിത വാഹനങ്ങള്‍ (ഡ്രൈവറില്ലാ കാറുകള്‍) ഉപയോഗിച്ച് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്താനിരുന്ന പരീക്ഷണ പദ്ധതി റദ്ദാക്കിയതായി ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബര്‍. ഈ പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് കമ്പനിക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളുടെ അനുമതി ലഭിച്ചിരുന്നോ എന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ റെഗുലേറ്റര്‍ അതേറിറ്റി യുബറിന്റെ ഡ്രെവറില്ലാ കാറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷണ പദ്ധതി റദ്ദ് ചെയ്യുന്നതായി യുബര്‍ അറിയിച്ചതെന്നാണ് വിവരം.
കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎംവി) ഡ്രൈവറില്ലാ കാറുകളുടെ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടപ്പിലാക്കാനിരുന്ന തങ്ങളുടെ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ പദ്ധതി റദ്ദാക്കുകയാണെന്നാണ് യുബര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. അതേസമയം ഈ വാഹനങ്ങള്‍ ഉപയോഗിച്ച് മറ്റേതെങ്കിലും സ്ഥലത്ത് പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണെന്നും യുബര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ കാലിഫോര്‍ണിയയില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് അതീവശ്രമം നടത്തുമെന്നും കമ്പനിയുടെ ആഭ്യന്തര വിപണിയോടുള്ള ഉത്തരവാദിത്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് യുബര്‍ വിശദീകരിച്ചു.
ഡിസംബര്‍ 14നാണ് യുബര്‍ തങ്ങളുടെ വോള്‍വോ എക്‌സ്‌സി90 ഡ്രൈവറില്ലാ കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ നിരത്തിലിറക്കിയത്. സെപ്റ്റംബറില്‍ യുഎസിലെ പിറ്റ്‌സ്‌ബെര്‍ഗില്‍ ആരംഭിച്ച പരീക്ഷണ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ മതിയായ പെര്‍മിറ്റ് ലഭിക്കുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കാന്‍ കാലിഫോര്‍ണിയ ഡിഎംവി കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗതാഗത വകുപ്പിന്റെ അനുമതിയില്ലാതെ സാന്‍ഫ്രാന്‍സിസ്‌കോയിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ആരോപണം.
ഈ വിഷയം വിശദമായി പഠിച്ച് ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് തങ്ങള്‍ മുന്നോട്ടു പോയതെന്നായിരുന്നു ഡിഎംവിയുടെ കര്‍ശന നിര്‍ദേശം ലഭിക്കുന്നതിനു മുന്‍പ് യുബറിന്റെ പ്രസ്താവന. ഒരു വ്യക്തിയുടെ സഹായമില്ലാതെ നിയന്ത്രിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ക്കു മാത്രമാണ് നിയമം ബാധകമെന്നും യുബര്‍ അഭിപ്രായപ്പെട്ടു. പ്രാരംഭഘട്ടത്തിലാണ് തങ്ങളെന്നും കമ്പനിയുടെ വാഹനങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ഡ്രൈവറിന്റെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമായിട്ടില്ലെന്നും യുബര്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷണ ഘട്ടത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ഒരു ഡ്രൈവര്‍ വാഹനത്തില്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കുന്ന വാഹനങ്ങളില്‍ ടെസ്റ്റ് ഡ്രൈവ് നിയന്ത്രിക്കുന്നതിന് യുബറില്‍ നിന്നുള്ള ഒരു സെക്കന്‍ഡ് എന്‍ജിനീയറും യാത്രികനൊപ്പം വാഹനത്തിലുണ്ടാവും.

Comments

comments

Categories: Branding