ഒക്കിനാവയ്ക്ക് പ്രതിഷേധം ബാക്കി

ഒക്കിനാവയ്ക്ക് പ്രതിഷേധം ബാക്കി

ഡിസംബര്‍ 21ന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോ ചരിത്രപ്രധാനമായൊരു ചടങ്ങിനാണു സാക്ഷ്യംവഹിച്ചത്.1870കള്‍ മുതല്‍ ജപ്പാന്റെ ഭാഗമാവുകയും പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യുഎസിന്റെ അധീനതയിലാവുകയും ചെയ്ത ഒക്കിനാവ ദ്വീപിലെ 9,909 ഏക്കര്‍ പ്രദേശം ജപ്പാനു യുഎസ് തിരികെ കൊടുത്തു. ഇതിന്റെ ചടങ്ങാണ് ടോക്യോയില്‍ നടന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും യുഎസ് ഫോഴ്‌സസ് ജപ്പാന്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജെറി പി. മാര്‍ട്ടിനെസ്, യുഎസ് അംബാസഡര്‍ കരോലിന്‍ കെന്നഡി, ജപ്പാന്റെയും അമേരിക്കയുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുഎസ് വിട്ടുകൊടുത്ത പ്രദേശം നോര്‍ത്തേണ്‍ ട്രെയ്‌നിംഗ് ഏരിയ അഥവാ ക്യാംപ് ഗൊണ്‍സാല്‍വസ്, ജംഗിള്‍ വാര്‍ഫെയര്‍ ട്രെയ്‌നിംഗ് സെന്റര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ഇതില്‍ 19,300 ഏക്കര്‍ പ്രദേശവും യുഎസ് സൈന്യം തമ്പടിച്ചിരുന്നതാണ്.
ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനുള്ള ഉടമ്പടിയുടെ ഭാഗമായിട്ടാണു നടപടി. ഒക്കിനാവ ദ്വീപിലെ 9,909 ഏക്കര്‍ പ്രദേശം യുഎസ് ജപ്പാന് തിരികെ കൊടുത്തപ്പോള്‍ ദ്വീപിലെ ഒരു പ്രത്യേക പ്രദേശത്ത് യുഎസിന് ഹെലിപാഡ് ഉള്‍പ്പെടെയുള്ള പ്രതിരോധ സൗകര്യങ്ങള്‍ ജപ്പാന്‍ ഒരുക്കിക്കൊടുക്കണമെന്നും ഉടമ്പടിയില്‍ വ്യക്തമാക്കുന്നുണ്ട്.
1996ലാണ് ഒക്കിനാവയിലെ പ്രദേശം ജപ്പാന് വിട്ടുകൊടുക്കാന്‍ യുഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ യുഎസിനു ജപ്പാന്‍ സൈനിക താവളം നിര്‍മിച്ചു കൊടുക്കണമെന്ന കരാറിലെ വ്യവസ്ഥയ്‌ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ കൈമാറ്റ നടപടികള്‍ അലങ്കോലപ്പെട്ടു. പിന്നീട് 20 വര്‍ഷങ്ങള്‍ പിന്നിട്ടതിനു ശേഷം, ഇപ്പോള്‍ കൈമാറ്റം പൂര്‍ത്തീകരിച്ചിരിക്കുന്നു.
ഒക്കിനാവയില്‍നിന്നും യുഎസ് സൈനിക കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിറ്റാണ്ടുകളായി ജപ്പാനിലും ഒക്കിനാവയിലും പ്രതിഷേധം നടക്കുന്നുണ്ട്. ജപ്പാന്റെ മൊത്ത കരഭൂമിയുടെ ഒരു ശതമാനമാണ് ഒക്കിനാവ എന്ന ദ്വീപെങ്കിലും ഇവിടെയാണു യുഎസ് സൈന്യത്തിന്റെ ഏറ്റവും വലിയ സാന്നിധ്യമുള്ളത്. ഏകദേശം 50,000-ത്തോളം യുഎസ് സൈനികര്‍ ഇവിടെയുണ്ട്.
ഒക്കിനാവ ദ്വീപിലെ 9,909 ഏക്കര്‍ പ്രദേശം യുഎസ് ജപ്പാന് തിരികെ കൊടുക്കാന്‍ തീരുമാനിച്ചിട്ടും പ്രതിഷേധം ശമിപ്പിക്കാന്‍ സാധിച്ചിട്ടില്ല. peace okinawa എന്ന പേരിലാണു ജപ്പാനില്‍ പ്രതിഷേധ കൂട്ടായ്മ രൂപ്പപ്പെട്ടത്. ഒക്കിനാവ ദ്വീപിലെ യുഎസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലി ഈ വര്‍ഷം ജൂണ്‍ 19നു നടത്തിയിരുന്നു.
യുഎസ് ഒക്കിനാവ ദ്വീപിലെ 9,909 ഏക്കര്‍ പ്രദേശം ജപ്പാന് തിരികെ കൊടുത്തെങ്കിലും ദ്വീപിലെ 71 ശതമാനം പ്രദേശത്ത് സൈനിക വിന്യാസത്തിന്റേ പേരില്‍ അമേരിക്ക ഇപ്പോഴും അവകാശം സ്ഥാപിച്ചിരിക്കുകയാണെന്നു പീസ് ഒക്കിനാവ സംഘടന ആരോപിക്കുന്നു. രണ്ട് പതിറ്റാണ്ടോളം നടന്ന ചര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ദ്വീപിലെ പ്രദേശം തിരികെ നല്‍കാന്‍ യുഎസ് തയാറായിരിക്കുന്നത്.
ദ്വീപ് തിരികെ നല്‍കുമ്പോള്‍ പകരമായി ജപ്പാന്‍ യുഎസിനു ഹെലിപാഡ് ഉള്‍പ്പെടുന്ന സൈനികതാവളങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഉടമ്പടിയിലുണ്ട്. ഇതിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.
ഇത് ഒക്കിനാവന്‍ പ്രദേശവാസികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി ഹെലിപാഡ് നിര്‍മിക്കുന്ന സ്ഥലം റസിഡന്‍ഷ്യല്‍ ഏരിയയ്ക്കു സമീപമാണ്. യുഎസ് സൈനികാഭ്യാസത്തിന് എംവി-22 ഓസ്‌പ്രേ വിമാനങ്ങള്‍ ഇവിടെ ഉപയോഗിക്കുമെന്നും കരുതപ്പെടുന്നുണ്ട്. ഇത് ശബ്ദമലിനീകരണവും മറ്റ് അപകടസാധ്യതകളും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞായഴ്ച ഒക്കിനാവയുടെ ദക്ഷിണപടിഞ്ഞാറന്‍ തീരത്ത് എംവി-22 ഓസ്‌പ്രേ വിമാനം സൈനികാഭ്യാസത്തിനിടെ ക്രാഷ് ലാന്‍ഡ് ചെയ്യുകയുണ്ടായി. ഇത് പ്രദേശവാസികളില്‍ ആശങ്കയുളവാക്കുകയും ചെയ്ത സംഭവമാണ്.

Comments

comments

Categories: World