ടാറ്റാ സ്റ്റീല്‍ ഓഹരിയുടമകളുടെ പിന്തുണ രത്തന്‍ ടാറ്റയ്ക്ക്

ടാറ്റാ സ്റ്റീല്‍ ഓഹരിയുടമകളുടെ പിന്തുണ രത്തന്‍ ടാറ്റയ്ക്ക്

 

മുംബൈ : ടാറ്റാ സ്റ്റീലിന്റെ എക്‌സ്ട്രാഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) ഓഹരിയുടമകളുടെ പിന്തുണ ടാറ്റ സണ്‍സ് ഇടക്കാല ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക്. അതേസമയം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യുകെ ബിസിനസില്‍ ടാറ്റ സ്റ്റീല്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതിനെതിരെ ചില ഓഹരിയുടമകള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. എന്നാല്‍ പുറത്താക്കപ്പെട്ട ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര ഡയറക്റ്റര്‍ നുസ്‌ലി വാഡിയയെ ബോര്‍ഡില്‍ നിന്ന് പുറത്താക്കുന്നതിന് ടാറ്റ സണ്‍സ് ഓഹരിയുടമകളോട് ആവശ്യപ്പെട്ടിരുന്നു. ടാറ്റ സ്റ്റീലിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് ഇജിഎം നടത്തുന്നതെന്നാരോപിച്ച് നുസ്‌ലി വാഡിയ യോഗത്തില്‍ പങ്കെടുത്തതുമില്ല.
ഈയടുത്ത് നടന്ന ടാറ്റ കമ്പനികളിലെ യോഗങ്ങള്‍ ടാറ്റ സണ്‍സിന്റെ ഇംഗിതത്തിനനുസരിച്ചാണ് ചേര്‍ന്നതെന്നും അതിനാലാണ് ടാറ്റാ സ്റ്റീലിന്റെ ഇജിഎമ്മില്‍ പങ്കെടുക്കാതിരുന്നതെന്നും നുസ്‌ലി വാഡിയ ഓഹരിയുടമകള്‍ക്കയച്ച കത്തില്‍ വിശദീകരിച്ചു. വാഡിയയുടെ കത്ത് ഇജിഎമ്മില്‍ വായിക്കുകയും ചെയ്തു. രത്തന്‍ ടാറ്റയ്ക്ക് പിന്തുണ അറിയിക്കുന്നതിന് 220ഓളം തൊഴിലാളി ഓഹരിയുടമകള്‍ ഇജിഎമ്മില്‍ പങ്കെടുത്തിരുന്നു. ആറ് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ 97 ലധികം ഓഹരിയുടമകള്‍ സംസാരിച്ചു. മുന്‍ ബാങ്കര്‍ ഒപി ഭട്ടിന്റെ അധ്യക്ഷതയിലാണ് ഇജിഎം ചേര്‍ന്നത്.
ഇജിഎമ്മില്‍ പങ്കെടുക്കില്ലെന്ന വാഡിയയുടെ തീരുമാനം തൊഴിലാളികളെയും ജീവനക്കാരെയും വേദനിപ്പിക്കുന്നതാണെന്ന് ടാറ്റ സ്റ്റീല്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷാത് ഹുസൈന്‍ പറഞ്ഞു. വാഡിയ, സൈറസ് മിസ്ട്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആടുകയാണെന്നും സ്വതന്ത്ര ഡയറക്റ്റര്‍മാരെ കമ്പനിക്കെതിരായി അണിനിരത്തുകയാണെന്നും ഹുസൈന്‍ ആരോപിച്ചു.
ബോര്‍ഡിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് രത്തന്‍ ടാറ്റ കോറസ് വാങ്ങിയതെന്ന വാഡിയയുടെ ആരോപണം തെറ്റാണെന്നും ഹുസൈന്‍ പറഞ്ഞു. കോറസ് എന്നത് യൂറോപ്പിലെ ടാറ്റ സ്റ്റീലിന്റെ പഴയ പേരാണ്. തന്റെ ജീവിതത്തിലെയും കമ്പനിയുടെയും സുപ്രധാന തീരുമാനമാണ് കോറസ് ഏറ്റെടുക്കുകയെന്നുള്ളതെന്ന് രത്തന്‍ ടാറ്റ പറഞ്ഞിരുന്നതായും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*