ഫെഡറല്‍ ബാങ്കിന് പുരസ്‌കാരം

ഫെഡറല്‍ ബാങ്കിന് പുരസ്‌കാരം

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ബിവൈഒഎം (ബി യുവര്‍ ഓണ്‍ മാസ്റ്റര്‍) 2016ലെ സ്‌കോഷ് സ്മാര്‍ട് ടെക്‌നോളജീസ് ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായി. ബാങ്കുകളുടെ വിഭാഗത്തില്‍ 2003 മുതല്‍ നല്‍കിവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ അംഗീകാരമാണിത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്‍ഡ്യയില്‍ നടന്ന 46ാമത് സ്‌കോഷ് സമ്മിറ്റിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സ്‌കോഷ് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കൊച്ചാറില്‍ നിന്ന് ഫെഡറല്‍ ബാങ്കിനു വേണ്ടി ന്യൂഡല്‍ഹി സോണല്‍ മേധാവിയും ഡിജിഎമ്മുമായി കെ.എ.ബാബുവിന്റെ നേതൃത്വത്തില്‍ ബിവൈഒഎം ടീം പുരസ്‌കാരം സ്വീകരിച്ചു. നേരത്തേ, 2016ലെ ഇന്ത്യയിലെ 100 ടോപ് പ്രൊജക്ടുകളുടെ കൂട്ടത്തില്‍ ഓണ്‍ലൈന്‍ വായ്പാ പ്ലാറ്റ്‌ഫോമായ ബിവൈഒഎമ്മിനേയും സ്‌കോഷ് ഉള്‍പ്പെടുത്തിയിരുന്നു.

ബാങ്കിംഗിലെ റീട്ടെയ്ല്‍ വായ്പകളുടെ വിതരണത്തെ പുനര്‍നിര്‍മിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് ബിവൈഒഎം. ഒരു ഇടപാടുകാരന് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും വീട്ടിലിരുന്നോ ഓഫീസിലിരുന്നോ പേഴ്‌സണല്‍ ബിവൈഒഎം വഴി വ്യക്തിഗത വായ്പകള്‍ ലഭ്യമാകും. ഇടപാടുകാര്‍ക്ക് അപ്പോള്‍തന്നെ തങ്ങളുടെ അക്കൗണ്ടിലേക്ക് വായ്പാതുക ലഭിക്കുകയും ചെയ്യും. മൊബൈല്‍ വഴിയും പ്രവര്‍ത്തിപ്പിക്കാവുന്ന, ഫെഡറല്‍ ബാങ്കിന്റെ വെബ് ആപ്ലിക്കേഷനാണ് ബിവൈഒഎം.

ഇടപാടുകാര്‍ക്ക് വ്യക്തിഗത വായ്പകള്‍ ലഭ്യമാക്കുന്നത് മികച്ച ഡിജിറ്റല്‍ അനുഭവമാക്കി മാറ്റുന്നതിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.പി.സണ്ണി പറഞ്ഞു. സമാനതകളില്ലാത്ത ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഇടപാടുകാര്‍ക്ക് വരുംനാളുകളില്‍ കൂടുതല്‍ വായ്പാ ഉല്‍പന്നങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding