ജിഎസ് ടി: ആന്റി പ്രോഫിറ്റീറിംഗ് വ്യവസ്ഥ ഒഴിവാക്കണമെന്ന് അസ്സോചം

ജിഎസ് ടി:  ആന്റി പ്രോഫിറ്റീറിംഗ് വ്യവസ്ഥ ഒഴിവാക്കണമെന്ന് അസ്സോചം

 

ന്യൂഡെല്‍ഹി : പുതുക്കിയ ചരക്ക് സേവന നികുതി നിയമങ്ങളില്‍നിന്ന് ‘കൊള്ളലാഭത്തിനെതിരായ വ്യവസ്ഥ’ ഒഴിവാക്കണമെന്ന് വ്യവസായ സംഘടനയായ ദ അസ്സോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ. ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് അസ്സോചം വാര്‍ത്താക്കുറിപ്പിറക്കിയത്. കൊള്ളലാഭത്തിനെതിരായ വ്യവസ്ഥ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പലതരത്തില്‍ വ്യാഖ്യാനിക്കപ്പെടാമെന്നും അസ്സോചം ആശങ്ക പ്രകടിപ്പിക്കുന്നു. ഈ ആവശ്യമുന്നയിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് സെന്‍ട്രല്‍ ബോര്‍ഡിനും വിശദമായ നിവേദനം സമര്‍പ്പിച്ചു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്ന രജിസ്‌റ്റേഡ് ടാക്‌സബ്ള്‍ വ്യക്തികള്‍ നികുതി കുറയ്ക്കുന്നതിന്റെ പ്രയോജനം ചരക്കുകളിലും സേവനങ്ങളിലും ആനുപാതികമായി വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാന്‍ പരിഷ്‌ക്കരിച്ച ജിഎസ്ടി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. മാത്രമല്ല, ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറച്ചില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. കൊള്ളലാഭത്തിനെതിരായ വ്യവസ്ഥയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും നടപ്പാക്കാന്‍ പ്രയാസമാണെന്നാണ് അസ്സോചം നിരീക്ഷിക്കുന്നത്.

നികുതി പിരിവിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അവകാശങ്ങളെച്ചൊലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏറെ മുന്നോട്ട്‌പോകാനായിരുന്നില്ല. തര്‍ക്കം രൂക്ഷമായതോടെ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യത്തില്‍ തന്നെ ജിഎസ്ടി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നടപ്പാക്കണമെന്നില്ലെന്നും നിയമപരമായി സെപ്റ്റംബര്‍ വരെ ജിഎസ്ടി നടപ്പാക്കുന്നതിനുള്ള നിയമപരമായ കാലാവധി ഉണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കുകയും ഉണ്ടായി.

Comments

comments

Categories: Slider, Top Stories