യാത്ര നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു

യാത്ര നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു

 

ന്യൂഡെല്‍ഹി: യാത്രാഡോട്ട്‌കോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ ഓണ്‍ലൈന്‍ അതിന്റെ റിവേഴ്‌സ് മെര്‍ജര്‍ പൂര്‍ത്തിയാക്കി നാസ്ഡാക്കില്‍ വ്യാപാരം ആരംഭിച്ചു. ടെക്‌നോളജി സ്‌റ്റോക്കിന് മുന്‍തൂക്കമുള്ള നിക്ഷേപ വിനിമയ കേന്ദ്രത്തില്‍ YTRA എന്ന സിംബലിനു കീഴില്‍ യാത്ര വ്യാപാരം നടത്തും. ലോകത്തെ രണ്ടാമത്തെ വലിയ സ്റ്റോക് എക്‌സ്‌ചേഞ്ച് ആണ് അമേരിക്കന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആയ നാസ്ഡാക്.

നാസ്ഡാക് പട്ടികയില്‍പെടുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ ഫേം ആയ ടെറാപ്പിന്‍ 3 അക്വിസിഷനുമായി റിവേഴ്‌സ് മെര്‍ജര്‍ കരാറില്‍ ഏര്‍പ്പെട്ട് അഞ്ച് മാസത്തിനു ശേഷമാണ് യാത്ര വ്യാപാരം ആരംഭിക്കുന്നത്. 218 ദശലക്ഷം ഡോളറിന്റെയാണ് കരാര്‍. 10 ഡോളറാണ് വ്യാപാരം ആരംഭിക്കുമ്പോള്‍ കംമ്പനിയുടെ സ്‌റ്റോക്ക് വാല്യു. പ്രൈമറി കാപിറ്റല്‍ ഇനത്തില്‍ 92.5 ദശലക്ഷം ഡോളര്‍ ഒരുകൂട്ടം ആഗോള നിക്ഷേപകരില്‍ നിന്ന് കമ്പനി നേടിയിട്ടുണ്ട്.

യാത്രയില്‍ നിക്ഷേപം നടത്തിയവരുടെ പേരുവിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട്, മൂന്ന് പ്രധാന മേഖലകളുടെ വളര്‍ച്ചയിലായിരിക്കും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് യാത്രയുടെ ചീഫ് എക്‌സിക്യൂട്ടീവായ ധ്രുവ് ശ്രിംഗി പറഞ്ഞു. ഒന്നാമതായി വ്യോമഗതാഗതമേഖലയിലെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കും. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ബജറ്റ് ഹോട്ടല്‍ താമസ സൗകര്യങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതും മറ്റ് ലക്ഷ്യങ്ങളാണ്.

യാത്രയുടെ ഹോംസ്‌റ്റേ പ്ലാറ്റ്‌ഫോം നിലവില്‍ ബീറ്റ മോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനുവരി അവസാനം വരെ ഈ രീതി തുടരും. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായും കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കും. റിലയന്‍സിന്റെ ലൈഫ് ബ്രാന്‍ഡഡ് 4ജി ഹാന്റ്‌സെറ്റുകളില്‍ യാത്ര ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യും.

കരാറിന്റെ ഭാഗമായി 35 ദശലക്ഷം റിലയന്‍സ് ലൈഫ് ഡിവൈസുകളില്‍ യാത്ര ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് 2-ാം നിര 3-ാം നിര ഇന്ത്യന്‍ നഗരങ്ങളില്‍ ചുവടുറപ്പിക്കാന്‍ കമ്പനിയെ സഹായിക്കും-ധ്രുവ ശ്രിംഗി പ്രത്യാശ പ്രകടിപ്പിച്ചു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.8 ദശലക്ഷം എയര്‍ ട്രാവല്‍ റിസര്‍വേഷനും ഹോട്ടല്‍ സ്‌റ്റേയും ഉള്‍പ്പെടെ 900 ദശലക്ഷത്തിലധികം ഡോളറിന്റെ ട്രാന്‍സാക്ഷനാണ് യാത്ര സ്വന്തമാക്കിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികമാണിത്.

Comments

comments

Categories: Branding