പിഎംഎവൈ പദ്ധതിക്കു കീഴില്‍ 52,319 വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി

പിഎംഎവൈ പദ്ധതിക്കു കീഴില്‍ 52,319 വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി

 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)യുടെ കീഴില്‍ നഗര മേഖലയിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി 52,319 വീടുകള്‍ കൂടി നിര്‍മിച്ച് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ 11,286 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച് നല്‍കുക.

ഭവന നിര്‍മാണത്തിനായി 2,946 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 778 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഔദ്യോഗിക വിവരം. ഉത്തര്‍പ്രദേശിനു പുറമെ മധ്യപ്രദേശില്‍ 25,097, ചത്തീസ്ഗഢില്‍ 8,941, മഹാരാഷ്ട്രയില്‍ 3,805, നാഗാലാന്‍ഡില്‍ 2,422, പുതുച്ചേരിയില്‍ 720, ദമാനില്‍ 48 എന്നിങ്ങനെ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിനാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. നിലവില്‍ 72,781 കോടി രൂപ മുതല്‍ മുടക്കില്‍ 13,43,805 വീടുകളുടെ നിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഭവന നിര്‍മാണ പദ്ധതിയുടെ മൊത്തം ചെലവില്‍ 19,633 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക. 384 കോടി രൂപാ മുതല്‍മുടക്കില്‍ 34 നഗരങ്ങളിലായി 11,286 വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന ഉത്തര്‍പ്രദേശിന്റെ നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 160 കോടി രൂപയാണ് കേന്ദ്രം നല്‍കുക. പിഎംഎവൈ പദ്ധതിയുടെ ഭാഗമായുള്ള ബെനിഫിഷ്യറി ലെഡ് കണ്‍സ്ട്രക്ഷനു കീഴിലാണ് യുപി നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്. ഇതു പ്രകാരം ഓരോ പുതിയ വീടിന്റെ നിര്‍മാണത്തിനും, നിലവിലുള്ള വീടിന്റെ നവീകരണത്തിനുമായി കേന്ദ്രം 1.50 ലക്ഷം രൂപയാണ് അനുവദിക്കുക.

Comments

comments

Categories: Business & Economy