ഭീകരാക്രമണ ഭീതി: ബക്കിംഹാം കൊട്ടാരത്തില്‍ പ്രത്യേക സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തി

ഭീകരാക്രമണ ഭീതി: ബക്കിംഹാം കൊട്ടാരത്തില്‍ പ്രത്യേക സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തി

ലണ്ടന്‍: ബെര്‍ലിനില്‍ തിങ്കളാഴ്ച ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ മാതൃകയില്‍ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു യുകെയില്‍ എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിംഹാം കൊട്ടാരത്തിനു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി.

ബക്കിംഹാം കൊട്ടാരത്തില്‍ എല്ലാ ദിവസവും changing the guard എന്ന ആഢംബരപൂര്‍ണമായ പ്രദര്‍ശന ഘോഷയാത്ര നടക്കാറുണ്ട്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചടങ്ങ്. ഈ ചടങ്ങിനിടെ ആക്രമണം നടന്നേക്കുമെന്നാണു സ്‌കോട്ടലാന്‍ഡ് യാര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്.
ചടങ്ങ് നടക്കുന്ന സമയത്ത്, അതായത് രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള നേരത്ത് കൊട്ടാരത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ പൊതുഗതാഗതം നിരോധിക്കാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചടങ്ങ് വീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ എത്താറുണ്ട്. ലണ്ടന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഈ ചടങ്ങ്.
ദി ഗാര്‍ഡ്‌സ് എന്ന സൈനിക വിഭാഗമാണ് രാജകുടുംബത്തിന് സുരക്ഷയൊരുക്കുന്നത്. 1660 മുതല്‍ ഇവര്‍ ഈ ഉദ്യമം നിര്‍വഹിച്ചു പോരുന്നു. ദി ഗ്രെനേഡിയര്‍, കോള്‍ഡ് സ്ട്രീം, സ്‌കോട്‌സ്, ഐറിഷ്, വെല്‍ഷ് ഗാര്‍ഡ്‌സ് തുടങ്ങിയവരുള്‍പ്പെടുന്ന അഞ്ച് ഇന്‍ഫന്ററി റെജിമെന്റ്‌സും(കാലാള്‍പ്പട) കുതിരപ്പട്ടാളത്തിലെ രണ്ട് റെജിമെന്റ്‌സും ദി ലൈഫ് ഗാര്‍ഡ്‌സും, ബ്ലൂസും, റോയല്‍സും അടങ്ങുന്നതാണ് ദി ഗാര്‍ഡ്‌സ്. changing the guard, guard mounting എന്നും അറിയപ്പെടുന്നു.

Comments

comments

Categories: World