ക്രിസ്മസിന് ‘ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്’ കിറ്റുമായി മത്സ്യഫെഡിന്റെ നൂതന പദ്ധതി

ക്രിസ്മസിന് ‘ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്’ കിറ്റുമായി മത്സ്യഫെഡിന്റെ നൂതന പദ്ധതി

 
തിരുവനന്തപുരം: ക്രിസ്മസ് രാത്രി യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ‘ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്’ മാതൃകയില്‍ ഏഴുതരം മത്സ്യങ്ങളുടെ കിറ്റ് വില്‍പ്പന മത്സ്യഫെഡ് ഫിഷ് മാര്‍ട്ടുകളില്‍ ഇന്നലെ ആരംഭിച്ചു. തിരുവനന്തപുരത്ത് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്ത ശുദ്ധമായ മത്സ്യം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനാണ് പദ്ധതി. അതത് മത്സ്യ കേന്ദ്രങ്ങളില്‍ കൂടുതലും ചൂണ്ട വഴി പിടിക്കുന്ന മത്സ്യങ്ങളെ ആയിരിക്കും കിറ്റിനായി ഉപയോഗിക്കുന്നത്.

തിരുവനന്തപുരത്ത് വികാസ് ഭവന്‍, പാളയം; കൊല്ലത്ത് പൊടിയാടി, കോന്നി, പത്തനാപുരം, കോഴഞ്ചേരി, ശക്തികുളങ്ങര; കോട്ടയത്ത് അയര്‍ക്കുന്നം, ഈരാറ്റുപേട്ട, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറുവിലങ്ങാട്, പുതുപ്പള്ളി, പാല, പാമ്പാടി, തിരുവാതുക്കല്‍; എറണാകുളത്ത് ചെറ്റിച്ചിറ, ഹൈക്കോടതിക്കു സമീപം, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്പക്കുട, പനമ്പള്ളി നഗര്‍, പിറവം, തേവര എന്നിടങ്ങളിലെ മത്സ്യഫെഡ് ഫിഷ് മാര്‍ട്ടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഏഴു തരം മത്സ്യങ്ങള്‍ അടങ്ങിയ കിറ്റിന് 1500, 1000 രൂപ നിരക്കുകളില്‍ വാങ്ങാം. നെയ്മീന്‍, ചൂര, കൊഞ്ച്, അയല, മത്തി, കണവ, വേള എന്നീ മത്സ്യങ്ങളാണ് പ്രധാനമായും ഉണ്ടാകുന്നത്. ജനുവരി രണ്ട് വരെ കിറ്റുകളുടെ വിതരണം നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലാണ് പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 9526041320, കൊല്ലം 9526041293, കോട്ടയം 9526041296, എറണാകുളം 9526041391 എന്നീ നമ്പരുകളില്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

Comments

comments

Categories: Branding