ജെറ്റ് എയര്‍വേ്‌സ് 100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു

ജെറ്റ് എയര്‍വേ്‌സ് 100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു

 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് വായ്പ തിരിച്ചടയ്ക്കുന്നതിനായി 100 മില്ല്യണ്‍ ഡോളര്‍ (680 കോടി രൂപ) സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഇത് സാധ്യമായാല്‍ കൂടുതല്‍ കടം തിരിച്ചടയ്ക്കുവാന്‍ വിമാന കമ്പനിക്ക് കഴിയുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ വാങ്ങല്‍ നിരക്ക് 6-7 ശതമാനമായി കുറയ്ക്കുവാന്‍ സമാഹരണം സഹായകരമാകും.
എന്നാല്‍ ഡോളറില്‍ കടം വാങ്ങുന്നതിനായി ബാങ്കുകളുമായി കമ്പനി ചര്‍ച്ച നടത്തിയതു സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വളരെ വര്‍ഷങ്ങളായി കമ്പനി വിദേശത്ത് നിന്ന് കടം വാങ്ങുന്നതിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ നടത്തിയ വിദേശ വായ്പ കരാറുകള്‍ അബുദാബി ആസ്ഥാനമാക്കിയ ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ പിന്തുണയിലാണ് സാധ്യമാക്കിയത്.

ഇത്തിഹാദിന് ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരി ഉടമസ്ഥതയുണ്ട്. ഈ വര്‍ഷം ഒക്‌റ്റോബറില്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബെന്‍ഞ്ച്വര്‍ വഴി ഇത്തിഹാദ് ഉണ്ടാക്കിയ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിളില്‍ നിന്ന് ജെറ്റ് എയര്‍വേഴ്‌സ് 700 കോടി രൂപ സ്വീകരിച്ചിരുന്നു. കടം തിരിച്ചടയ്ക്കുന്നതിനുവേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിച്ചത്.

അതിന് മുന്‍പ് ഗള്‍ഫ് ബാങ്കുകളായ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് പിജെഎസ്‌സി, കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ പിജെഎസ്‌സി, അഹ്ലി യുണൈറ്റഡ് ബാങ്ക് ബിഎസ്‌സി, അറബ് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ബിഎസ്‌സി എന്നിവയുടെ കണ്‍സോഷ്യത്തില്‍നിന്ന് 150 മില്ല്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. എച്ച്എസ്ബിസിയില്‍ നിന്നും ജെറ്റ് എയര്‍വേ്‌സ് 150 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. അടുത്തിടെയാണ് ജെറ്റ്എയര്‍വേസിന്റെ കടങ്ങള്‍ വര്‍ധിച്ചത്.

Comments

comments

Categories: Branding