ജന്‍ധന്‍ എക്കൗണ്ടുകളില്‍ നിക്ഷേപം കുറയുന്നു: എക്കൗണ്ടുകളില്‍ നിന്നും പണം പുറത്തേക്ക് നീങ്ങിത്തുടങ്ങി

ജന്‍ധന്‍ എക്കൗണ്ടുകളില്‍ നിക്ഷേപം കുറയുന്നു:  എക്കൗണ്ടുകളില്‍ നിന്നും പണം പുറത്തേക്ക് നീങ്ങിത്തുടങ്ങി

ന്യൂഡെല്‍ഹി : രാജ്യത്തെ ജന്‍ധന്‍ എക്കൗണ്ടുകളില്‍ നിക്ഷേപം കുറയുന്നു. നോട്ട് അസാധുവാക്കലിന് ശേഷം നേരത്തെ ഈ എക്കൗണ്ടുകളിലെ നിക്ഷേപം ഏകദേശം 75,000 കോടി രൂപയിലെത്തിയിരുന്നു. ചില ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ സംശയാസ്പദമാണെന്ന തരത്തില്‍ നിരീക്ഷണവുമുണ്ടായി. എന്നാല്‍ പിന്നീട് ഇത്തരം എക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ വേഗം കുറയുകയായിരുന്നു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കേണ്ടതിന്റെ സമയപരിധി അവസാനിക്കുന്ന ഡിസംബര്‍ 30ന് വളരെ മുമ്പേയാണ് ജന്‍ധന്‍ എക്കൗണ്ടുകളിലെ ഈ തളര്‍ച്ച പ്രകടമായത്.

കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 8 ന് 500രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ഈ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ബാങ്കുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജന്‍ധന്‍ എക്കൗണ്ടുകളില്‍ മിക്കതും നവംബര്‍ 8ന് മുമ്പ് സീറോ ബാലന്‍സ് ആയിരുന്നെങ്കില്‍ നവംബര്‍ 23 ആയപ്പോഴേക്കും രാജ്യത്തെ ആകെ ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 72,843 കോടി രൂപയായി മാറി. നവംബര്‍ 9ന് മാത്രം ഈ എക്കൗണ്ടുകളിലെ നിക്ഷേപം 45,636 കോടി രൂപയായിരുന്നു.

നവംബര്‍ 23 നുശേഷം ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ തോത് കാര്യമായി കുറയുകയാണ് ചെയ്തതെന്ന് ഏറ്റവും പുതിയ രേഖ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ ജന്‍ധന്‍ നിക്ഷേപം 74,609 കോടി രൂപയായി പതുക്കെ വര്‍ധിച്ചു. പിന്നീട് പണം ഇപ്പോള്‍ ജന്‍ധന്‍ എക്കൗണ്ടുകള്‍ക്ക് പുറത്ത് ഒഴുകുകയാണെന്നുവേണം കരുതാന്‍. ഡിസംബര്‍ 14ന് ജന്‍ധന്‍ എക്കൗണ്ടുകളിലെ ആകെ നിക്ഷേപം 74,123 കോടി രൂപയാണ്. ജന്‍ധന്‍ എക്കൗണ്ടുകളില്‍ ക്രമാതീതമായും സംശയാസ്പദമായും നിക്ഷേപം കണ്ടതോടെ ഇത്തരം എക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജന്‍ധന്‍ എക്കൗണ്ട് ഉടമകളോട് തങ്ങളുടെ എക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിസംബര്‍ 4 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും രംഗത്തെത്തി. ആദായ നികുതി പരിധിയില്‍ വരാത്ത ജനങ്ങള്‍ കൊല്‍ക്കത്ത, മിഡ്‌നാപ്പൂര്‍, ആരാ(ബിഹാര്‍), കൊച്ചി, വാരാണസി എന്നിവിടങ്ങളിലെ ജന്‍ധന്‍ എക്കൗണ്ടുകളില്‍ ഏകദേശം 1.64 കോടി രൂപയുടെ അനധികൃത പണം നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ബീഹാറിലെ ഇത്തരം ഒരു എക്കൗണ്ടില്‍നിന്ന് ആദായ നികുതി വകുപ്പ് 40 ലക്ഷം രൂപ പിടികൂടിയിരുന്നു.

Comments

comments

Categories: Slider, Top Stories