തദ്ദേശ സ്വയംഭരണ വകുപ്പ് പൂര്‍ണമായും അഴിമതി മുക്തമാക്കും: മന്ത്രി കെ ടി ജലീല്‍

തദ്ദേശ സ്വയംഭരണ വകുപ്പ് പൂര്‍ണമായും അഴിമതി മുക്തമാക്കും: മന്ത്രി കെ ടി ജലീല്‍

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യാതൊരുവിധ അഴിമതിയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്വരാജ് ഭവനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന 33 വെര്‍ച്വല്‍ ക്ലാസ്‌റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവതപ്രശ്‌നങ്ങളില്‍ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പരാതികളില്‍ ശക്തമായ നടപടിയുണ്ടാകും. പതിനാലോളം തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അത്തരം നടപടികള്‍ തുടരുമെന്നും ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള ഫോര്‍ ദി പീപ്പിള്‍ എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജനുവരി ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

തദ്ദേശപ്രതിനിധികള്‍ക്ക് വകുപ്പ് മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും നേരില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് രാജീവ് ഗാന്ധി പഞ്ചായത്ത് സശാക്തീകരണ്‍ അഭിയാന്‍ പ്രകാരം കേരളത്തിലെ 33 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍. ഒരു ജില്ലയില്‍ രണ്ട് വീതം 28 ബ്ലോക്ക് പഞ്ചായത്തുകളില്‍ ട്രെയ്‌നി നോഡുകളും തളിപ്പറമ്പ് ഇടിസി, കില, കടുത്തുരുത്തി ബ്ലോക്ക് ഓഫീസ്, എസ്‌ഐആര്‍ഡി കൊട്ടാരക്കര, സ്വരാജ് ഭവന്‍ എന്നിവിടങ്ങളില്‍ അഞ്ച് ട്രെയ്‌നര്‍ നോഡുകളുമാണ് പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ളത്. ഒരേ സമയം 1300 പേരെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ വെര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ വഴി സാധിക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ വികേന്ദ്രീകൃതമായി നടപ്പാക്കാമെന്നതും പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം സ്ഥലത്ത് പരിശീലനം ലഭ്യമാകുമെന്നതും പദ്ധതിയുടെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ശേഷം വെര്‍ച്വല്‍ ക്ലാസ് റൂം സംവിധാനത്തിലൂടെ എല്ലാ കേന്ദ്രങ്ങളിലെയും ജനപ്രതിനിധികളുമായി മന്ത്രി ആശയവിനിമയം നടത്തി. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും ഗ്രാമവികസന കമ്മീഷണറുമായ എ. ഷാജഹാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ വി ബി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷ് ആര്‍, ജയചന്ദ്രന്‍ ആര്‍ എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Categories: Politics

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*