ഐഎസ്എല്ലില്‍ ഒത്തുകളി വിവാദം : കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായി സൂചന

ഐഎസ്എല്ലില്‍ ഒത്തുകളി വിവാദം : കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായി സൂചന

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ ഒത്തുകളി നടന്നെന്ന് സൂചന. ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ മുതല്‍ വാതുവെപ്പ് നടന്നതായാണ് അറിയുന്നത്. ഇതില്‍ വ്യവസായ പ്രമുഖരും രാഷ്ടീയക്കാരും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ചില മികച്ച താരങ്ങളെ കളിക്കാനിറക്കരുതെന്ന് മാനേജ്‌മെന്റുകള്‍ പരിശീലകര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ആരാധക പിന്തുണയേറെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ഫൈനലിലെത്തിക്കാനായിരുന്നു സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശ്രമമെന്നാണറിയുന്നത്. കാരണം, കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ റൗണ്ടിലെത്തിയാല്‍ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുപോകുമെന്ന് സംഘാടകര്‍ക്കറിയാമായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു നേരത്തെ തന്നെ കൊച്ചിയെ ഫൈനല്‍ മത്സരവേദിയായി നിശ്ചയിച്ചതെന്ന് വേണം കരുതാന്‍.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ എതിര്‍ ടീമിനെതിരെ റഫറിമാര്‍ അനാവശ്യ തീരുമാനങ്ങളെടുത്തതും ഐഎസ്എല്‍ സംരംഭകയായ നിത അംബാനിയുടെ കേരള ബ്ലാസ്റ്റേഴ്‌സിനോടുള്ള അമിതമായ സ്‌നേഹവും ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരങ്ങളുടെ നിര്‍ണായക ഘട്ടങ്ങളില്‍ എതിര്‍ ടീമിലെ പ്രധാന താരങ്ങളെ പരിശീലകര്‍ പിന്‍വലിച്ചതും സംശയിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ കളിക്കണക്കുകളില്‍ ഏറ്റവും മോശം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എങ്ങനെ ഫൈനലില്‍ കടന്നുവെന്നത് നേരത്തെ തന്നെ എല്ലാവരും സംശയത്തോടെയാണ് നോക്കിയിരുന്നത്. എന്നാല്‍ ഇത്തരം സംശയങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക പിന്തുണയുടെ പേരില്‍ പിന്നീട് അധികമാരും ശ്രദ്ധയില്‍ കൊണ്ടുവന്നതുമില്ല.

ഇന്ത്യയുടെ അത്രപോലും ഫൂട്‌ബോളിന് വേരോട്ടമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാരെ ഉള്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യന്‍ റഫറിമാരെയും ഇത്തരത്തില്‍ ഐഎസ്എല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. കളികളില്‍ റഫറിമാരുടെ പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു. പല അവസരങ്ങളിലും കാര്‍ഡുകള്‍ നല്‍കിയതും നല്‍കാതിരുന്നതും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

ഐഎസ്എല്‍ മൂന്നാം സീസണിലെ ടോപ് സ്‌കോററായ ഡല്‍ഹി ഡൈനാമോസിന്റെ മാഴ്‌സലീഞ്ഞോയെ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ നിര്‍ണായക സെമി ഫൈനല്‍ മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ പതിനൊന്ന് മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ പിന്‍വലിച്ചത് സംശയമാണ്. ഡല്‍ഹി പരിശീലകന്റെ ഈ തീരുമാനത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പോലും ആശ്ചര്യത്തോടെയാണ് നിരീക്ഷിച്ചത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന ഫ്‌ളോറന്റ് മലൂദ-മാഴ്‌സെലീഞ്ഞോ സഖ്യം ഏതു നിമിഷവും ഗോള്‍ നേടുമെന്ന് ഉറച്ച ഘട്ടത്തിലായിരുന്നു പരിക്കൊന്നും ഏല്‍ക്കാതിരുന്നിട്ടും താരത്തെ പരിശീലകന്‍ പിന്‍വലിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തണമെന്നത് ഉറപ്പിച്ചതുപോലെയായിരുന്നു അത്.

നിത അംബാനിയുടെ കേരള ബ്ലാസ്‌റ്റേഴ്‌സിനോടുള്ള അമിതമായ സ്‌നേഹവും മറ്റൊരു വെളിപ്പെടുത്തലായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഗ്രഹാം സ്റ്റാക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ആദ്യ പെനാല്‍റ്റി കിക്ക് തടുത്തപ്പോള്‍ നിത അംബാനി കസേരയില്‍ നിന്നെഴുന്നേറ്റ് തുള്ളിച്ചാടി ആഘോഷിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രാചാരം നേടിയിരുന്നു.

ഓരോരുത്തര്‍ക്കും ഇഷ്ട ടീമിനെ പിന്തുണയ്ക്കാന്‍ അവകാശമുണ്ടെങ്കിലും ടൂര്‍ണമെന്റിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രത്യേകമായി ഒരു ടീമിനോട് മാത്രം കൂറ് പുലര്‍ത്തുന്നത് വിലയിരുത്തപ്പെടേണ്ടതാണ്. ടൂര്‍ണമെന്റില്‍ എഫ്‌സി ഗോവ ഏറ്റവും പിന്നിലായതിന് പിന്നിലും ചില ഗൂഢാലോചനകള്‍ ഉണ്ടായിരുന്നതായാണ് അറിവ്.

റഫറിയിംഗില്‍ മറ്റേത് ടീമിനേക്കാളും അവഗണന നേരിട്ടത് എഫ്‌സി ഗോവയായിരുന്നു. ഐഎസ്എല്ലിലെ റഫറിയിംഗിനെ എഫ്‌സി ഗോവയുടെ പരിശീലകനായ ബ്രസീലിയന്‍ മുന്‍ താരം സീക്കോ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എഫ്‌സി ഗോവയെ ഏറ്റെടുത്ത പുതിയ മാനേജ്‌മെന്റില്‍ ഗോവ ഫുട്‌ബോള്‍ അസോസിയേഷന് വലിയ താല്‍പര്യമില്ലായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.

ഐഎസ്എല്‍ മാനേജ്‌മെന്റ് തയാറാക്കിയ ലിസ്റ്റിലുള്ള കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ മാത്രമേ പരിശീലകര്‍ക്ക് സാധിച്ചിരുന്നുള്ളൂ. ആരെയൊക്കെ കളിപ്പിക്കണം എന്നത് തീരുമാനിച്ചത് വരെ മാനേജ്‌മെന്റായിരുന്നുവെന്നാണ് അറിയുന്നത്. കളത്തിലിറങ്ങാന്‍ യോഗ്യനായിരുന്നിട്ടും കളിക്കാനാവാത്തതിന്റെ കാരണം ആരാഞ്ഞ് ഒരു മലയാളി താരം ഒരു പരിശീലകനെ വിളിച്ചപ്പോള്‍ താന്‍ നിസഹായനാണെന്നായിരുന്നു മറുപടി.

കരാറിന് ശേഷം തുകയുടെ കാര്യത്തില്‍ കളിക്കാരനും മാനേജ്‌മെന്റും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പകരക്കാരനായി പോലും കളത്തിലിറക്കരുതെന്ന് പരിശീലകന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മലയാളി താരത്തെ ഒഴിവാക്കിയത്. അതുപോലെ തന്നെ ഐ ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ ടോപ് സ്‌കോററായ സെബോയ് ഹോകിപിനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇറക്കിയത് ഒരു തവണ മാത്രമായിരുന്നു.

കഴിഞ്ഞ സീസണില്‍ ആറ് കളികളില്‍ നിന്നും നാല് ഗോളുകള്‍ നേടുകയും രണ്ട് തവണ എമേര്‍ജിംഗ് താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കളിക്കാരനായിരുന്നു സെബോയ് ഹോകിപ്. ഇതുപോലെ പ്രതിഭാശാലികളായ നിരവധി താരങ്ങളുടെ അവസരങ്ങളാണ് ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിഷേധിക്കപ്പെട്ടത്.

Comments

comments

Categories: Slider, Top Stories