ഇന്ത്യന്‍ ഫൂട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത: ഐ ലീഗ്-ഐഎസ്എല്‍ ലയനം?

ഇന്ത്യന്‍ ഫൂട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത: ഐ ലീഗ്-ഐഎസ്എല്‍ ലയനം?

 
മുംബൈ: ഇന്ത്യന്‍ ഫൂട്‌ബോളിന്റെ ഔദ്യോഗിക ലീഗായ ഐ ലീഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ലയിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന് ശേഷം ഇത്തരം പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉണ്ടാകാനാണ് സാധ്യത. അഖിലേന്ത്യാ ഫൂട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

ലയനം സാധ്യമാവുകയാണെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക ലീഗായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാറും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവില്‍ സ്വകാര്യ സംരംഭമാണെങ്കിലും മത്സര കാലയളവ് മൂന്ന് മാസം കൂടി നീട്ടി രാജ്യത്തെ പ്രഥമ ഫുട്‌ബോള്‍ ലീഗായി ഐഎസ്എല്ലിനെ മാറ്റാനാണ് അഖിലേന്ത്യാ ഫൂട്‌ബോള്‍ ഫെഡറേഷന്‍ ആലോചിക്കുന്നത്.

ഇതിന് പുറമെ, ലീഗ്-1, ലീഗ്-2 ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നതിന് ഏഷ്യന്‍ ഫൂട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി), ഫിഫ എന്നിവരുടെ സഹായവും ഇന്ത്യന്‍ ഫൂട്‌ബോള്‍ ഫെഡറേഷന്‍ തേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രധാന ലീഗായി മാറുമ്പോള്‍ ഐ ലീഗ് ക്ലബുകള്‍ ഇതിനെതിരെ വരാന്‍ സാധ്യതയേറെയാണ്.

കാരണം, ഐ ലീഗില്‍ കളിക്കുന്ന ഇന്ത്യയിലെ പ്രധാന ക്ലബുകളെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉള്‍പ്പെടുത്താതിരുന്നാല്‍ സ്വഭാവികമായും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരും. അഖിലേന്ത്യാ ഫൂട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറിയായ കുശാല്‍ ദാസും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഐ ലീഗ്-ഐഎസ്എല്‍ ലയനം സംബന്ധിച്ച് അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസത്തോടുകൂടി അന്തിമ തീരുമാനമുണ്ടായേക്കും.

Comments

comments

Categories: Sports