നോട്ട് അസാധുവാക്കല്‍: ജനങ്ങളുടെ സമ്പത്തില്‍ ഇന്ത്യ നടത്തിയത് വന്‍കൊള്ള- സ്റ്റീവ് ഫോബ്‌സ്

നോട്ട് അസാധുവാക്കല്‍:  ജനങ്ങളുടെ സമ്പത്തില്‍ ഇന്ത്യ നടത്തിയത് വന്‍കൊള്ള- സ്റ്റീവ് ഫോബ്‌സ്

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയത് ജനങ്ങളുടെ സമ്പത്തിന്‍മേലുള്ള വന്‍ കൊള്ളയാണെന്ന് ഫോബ്‌സ് മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ഫോബ്‌സിന്റെ വിമര്‍ശനം. ജനുവരി 24ന് പുറത്തിറക്കുന്ന ഫോബ്‌സിന്റെ പുതിയ ലക്കത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സ്റ്റീവ് ഫോബ്‌സിന്റെ ലേഖനം ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലേഖനം ഇപ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ ലഭ്യമാണ്.

ഒരു മുന്നറിയിപ്പുമില്ലാതെ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിലൂടെ വിവരണാതീതമായ ദുരിതങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് ഫോബ്‌സ് വിലയിരുത്തുന്നു. നിശ്ചലമായ എടിഎമ്മുകളും തിരക്കേറിയ ബാങ്കുകളും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയും ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത വളര്‍ത്തുന്നുണ്ട്.
1970 കളില്‍ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം എന്ന നാസി സ്വഭാവമുള്ള നടപടിക്കുശേഷം ഇത്രയ്ക്കും അധാര്‍മികമായ പെരുമാറ്റത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുന്നത് ആദ്യമായാണെന്നും ഫോബ്‌സ് നിരീക്ഷിക്കുന്നു.
കാഷ്‌ലെസ് ഇക്കോണമി അവതരിപ്പിച്ച് കള്ളപ്പണവും തീവ്രവാദവുമെല്ലാം നേരിടാമെന്ന് സര്‍ക്കാര്‍ അവകാശവാദം നടത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ജനങ്ങളുടെ സ്വകാര്യതയിലും വിനിമയോപാധി തെരഞ്ഞെടുക്കുന്നതിനുള്ള അധികാരത്തിലും സര്‍ക്കാരിന്റെ പിടിമുറുക്കാന്‍ സാധിക്കുന്നു എന്നതാണ്. നികുതി ഘടന ലളിതമാക്കുകയും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ലളിതമായി സമ്പദ് വ്യവസ്ഥയ്ക്കായി മോദി സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Slider, Top Stories