ഒത്തുകളി വിവാദം: ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

ഒത്തുകളി വിവാദം:  ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

 

കേപ്ടൗണ്‍: ഒത്തുകളി വിവാദത്തില്‍പ്പെട്ട ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം അല്‍വിരോ പീറ്റേഴ്‌സണ് മത്സരങ്ങളില്‍ നിന്നും വിലക്ക്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ഓപ്പണറായ അല്‍വിരോ പീറ്റേഴ്‌സണ് രണ്ട് വര്‍ഷത്തെ വിലക്കാണ് വിധിച്ചിരിക്കുന്നത്. ഒത്തുകളിക്കേസില്‍ പീറ്റേഴ്‌സണ് ബന്ധമുണ്ടെന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2015ല്‍ നടന്ന ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് അല്‍വിരോ പീറ്റേഴ്‌സണ് പിടി വീണിരിക്കുന്നത്. ഒത്തുകളിക്ക് കൂട്ടുന്നിന്നെന്നും സഹതാരങ്ങളുടെ ഇത്തരം പ്രവൃത്തി അറിയിച്ചില്ല എന്നുമുള്ള ചാര്‍ജുകളാണ് പീറ്റേഴ്‌സണിന് മേല്‍ ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിച്ചില്ല, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും അദ്ദേഹത്തിനെതിരെയുണ്ട്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം അല്‍വിരോ പീറ്റേഴ്‌സണ്‍ നിഷേധിച്ചു. താന്‍ ഒത്തുകളിച്ചിട്ടില്ലെന്നും അതിന് വേണ്ടി ഒത്തുകളിക്കാരെ സമീപിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. താരത്തിനെതിരായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് പീറ്റേഴ്‌സണിന്റെ അഭിഭാഷകനും അറിയിച്ചു.

അല്‍വിരോ പീറ്റേഴ്‌സണെതിരെ ഇപ്പോള്‍ തുടരന്വേഷണം നടക്കുകയാണ്. തെളിവുകളുടെ ബലത്തില്‍ പീറ്റേഴ്‌സണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ താരത്തിനെതിരെ കൂടുതല്‍ നടപടികളുണ്ടായേക്കും. വലം കൈയന്‍ ബാറ്റ്‌സ്മാനും ഓഫ് ബ്രേക്ക് ബൗളറുമായ ഈ 36 വയസുകാരന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായാണ് പീറ്റേഴ്‌സണ്‍ പേരെടുത്തത്. 36 ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങിയ പീറ്റേഴ്‌സണ്‍ 21 ഏകദിന കളികളിലും പങ്കാളിയായി. ആഭ്യന്തര ട്വന്റി-20 മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ യഥാക്രമം 28, 34 വീതമാണ് പീറ്റേഴ്‌സണിന്റെ ബാറ്റിംഗ് ശരാശരി.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും പീറ്റേഴ്‌സണ്‍ അഞ്ച് സെഞ്ച്വറികളും എട്ട് അര്‍ധ ശതകങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന് പുറമെ എസ്‌ക്‌സ്, ഗ്ലാമോര്‍ഗന്‍, ലങ്കാഷെയര്‍ തുടങ്ങിയ കൗണ്ടി ക്ലബുകളിലും പീറ്റേഴ്‌സണ്‍ അംഗമായി. ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പ്രധാനമായും ടൈറ്റാന്‍സിനും ലയണ്‍സിനും വേണ്ടിയാണ് പീറ്റേഴ്‌സണ്‍ കളിച്ചത്. 2010ലായിരുന്നു പീറ്റേഴ്‌സണിന്റെ ക്രിക്കറ്റ് അരങ്ങേറ്റം.

Comments

comments

Categories: Sports