നോട്ട് അസാധുവാക്കല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതി വരുമാനം വര്‍ധിപ്പിക്കും: അര്‍വിന്ദ് പനഗരിയ

നോട്ട് അസാധുവാക്കല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതി വരുമാനം വര്‍ധിപ്പിക്കും: അര്‍വിന്ദ് പനഗരിയ

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കികൊണ്ടുള്ള സാമ്പത്തിക പരിഷ്‌കരണം ക്രമാനുസൃതമായി നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതി ആയോഗ് വൈസ് ചെയപേഴ്‌സണ്‍ അര്‍വിന്ദ് പനഗരിയ. വരും വര്‍ഷങ്ങളില്‍ സാമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നികുതി പരിഷ്‌കരണങ്ങളും തെരഞ്ഞെടുപ്പിനു വേണ്ടി ചെലവഴിക്കപ്പെടുന്ന തുകയുടെ നിയന്ത്രണവുമാണ് നോട്ട് അസാധുവാക്കലിന്റെ തുടര്‍ച്ചയായി എടുക്കേണ്ട് പ്രധാന നടപടികളെന്നും അദ്ദേഹം വിലയിരുത്തി. ഇക്ക്‌ണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2016-2017 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനമോ അതില്‍ കുറവോ ഇടിയുമെന്നാണ് ഒട്ടുമിക്ക സാമ്പത്തിക നിരീക്ഷകരുടെയും വിലയിരുത്തല്‍. എന്നാല്‍ വളര്‍ച്ചാ നിരക്കില്‍ 2 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്ന നിരീക്ഷണമാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗും ഗവേഷണ സംരംഭമായ അംബിറ്റ് കാപിറ്റലും പങ്കുവെച്ചിട്ടുള്ളത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ തളര്‍ച്ച അനുഭവപ്പെട്ടേക്കാമെന്ന സൂചനയും മുന്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതില്‍ ശരിയായ നിഗമനം ഏതെന്നു പറയുക അസാധ്യമാണെന്നാണ് പനഗരിയ പറയുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷമോ അടുത്ത വര്‍ഷമോ ഉണ്ടായേക്കാവുന്ന വളര്‍ച്ചാ നിരക്കിലെ ഇടിവ് വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിയുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും പനഗരിയ അഭിപ്രായപ്പെട്ടു.
ക്രയവിക്രയങ്ങളില്‍ നിന്നും വലിയ നോട്ടുകള്‍ ഒഴിവാക്കികൊണ്ടുള്ള നയ പരിഷ്‌കരണം കള്ളപ്പണത്തിനെതിരെയുണ്ടായ ആദ്യത്തെ അപ്രതീക്ഷിത പ്രഹരമാണെന്ന സത്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ വളരെ ഗൗരവമുള്ള വിഷയമാണ് പ്രധാനമന്ത്രി കാണുന്നതെന്നും ഇതില്‍ യാതൊരു വിധത്തിലുള്ള സമവായത്തിനും തയാറല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്നും അദ്ദേഹം പറയുന്നു.
പ്രതിസന്ധി ഘട്ടത്തിലുള്ള ബദല്‍ മാര്‍ഗമെന്നതില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളെ ജനങ്ങളുടെ പേമെന്റ് സിസ്റ്റമാക്കി മാറ്റാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ, അനധികൃതമായി വരുമാനം കണ്ടെത്തുന്നതിന് തടയിടാന്‍ കൂടുതല്‍ മുന്നൊരുക്കള്‍ ആവശ്യമാണ്. കള്ളപ്പണം കൈവശമുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക, ഭാവിയില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് നയങ്ങളില്‍ മാറ്റം വരുത്തുക തുടങ്ങിയ രണ്ട് മാര്‍ഗങ്ങളാണ് അനധികൃത സമ്പാദ്യത്തിന് തടയിടുന്നതിനായി മുന്നിലുള്ളത്. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ വരുന്ന നടപടിയാണ് നോട്ട് അസാധുവാക്കല്‍. ഇതിനൊപ്പം നികുതി നയം ലളിതമാക്കുകയും, നികുതി നയത്തില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും അനിവാര്യമാണെന്നും അര്‍വിന്ദ് പനഗാറിയ പറയുന്നു.
നികുതിയിലുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കുന്നതിലുടെ നികുതി നിരക്ക് കുറയക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. വളരെ ലളിതവും സുതാര്യവും സ്ഥിരതയുള്ളതുമായ നികുതി സമ്പ്രദായം രാജ്യത്ത് ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുമെന്നും നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി വ്യാവസായികവല്‍ക്കരണം നടപ്പിലാക്കിയത് വിശ്വാസ്യതയുള്ള നിക്ഷേപ സാഹചര്യങ്ങള്‍ ഒരുക്കികൊണ്ടാണ്. ഇന്ത്യയിലിപ്പോഴും പലതട്ടുകളിലായാണ് വ്യാവസായിക ലോകത്തെ കൈകാര്യം ചെയ്യുന്നതെന്നും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഇതില്‍ മാറ്റം വരണമെന്നും പനഗരിയ വ്യക്തമാക്കി.

Comments

comments

Categories: Business & Economy