പാര്‍ലമെന്ററികാര്യ സമിതി: ഉര്‍ജിത് പട്ടേല്‍ ഹാജരാകുന്നത് മാറ്റിവെച്ചു

പാര്‍ലമെന്ററികാര്യ സമിതി:  ഉര്‍ജിത് പട്ടേല്‍ ഹാജരാകുന്നത് മാറ്റിവെച്ചു

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്റിന്റെ ഫിനാന്‍സ് സമിതിക്കു മുന്‍പാകെ ഹാജരാകുന്നത് സമിതി മാറ്റിവെച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററികാര്യ സമിതിക്ക് വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ വിശദീകരണം നല്‍കുമെന്നാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയുടെ തീരുമാനം.
ധനസെക്രട്ടറി അശോക് ലവാസ അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയ ശേഷമായിരിക്കും കമ്മിറ്റി ഊര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തുക. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധിയായ ഡിസംബര്‍ 30ന് മുന്‍പ് ഊര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലും സമിതിക്കുണ്ട്.

Comments

comments

Categories: Slider, Top Stories