ബിനാലെ: കണ്‍കെട്ടി കലാസ്വാദനവുമായി സ്വീഡിഷ് ആര്‍ട്ടിസ്റ്റുകള്‍

ബിനാലെ: കണ്‍കെട്ടി കലാസ്വാദനവുമായി സ്വീഡിഷ് ആര്‍ട്ടിസ്റ്റുകള്‍

 

കൊച്ചി: കണ്ണുകള്‍ കെട്ടിയശേഷം കല ആസ്വദിച്ചാല്‍ എങ്ങനെയിരിക്കും എന്ന് പരിശോധിക്കാന്‍ കൊച്ചിമുസിരിസ് ബിനാലെയില്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുകയാണ് സ്വീഡിഷ് ആര്‍ട്ടിസ്റ്റുകളായ ക്രിസ്റ്റര്‍ ലുണ്ടാല്‍, മാര്‍ട്ടിന സൈറ്റ്ല്‍ എന്നിവര്‍.

ബിനാലെ അവസാനിക്കുന്നതുവരെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസവും നിരവധിതവണ ഈ പ്രകടനം ഗൈഡഡ് ടൂര്‍ ഉണ്ടായിരിക്കും. സിംഫണി ഓഫ് എ മിസ്സിംഗ് റൂം ദി നെമോസിന്‍ റെവല്യൂഷന്‍ (Symphony of a Missing Room The Mnemsoyne Revolution) എന്നുപേരിട്ടിരിക്കുന്ന പ്രകടനത്തില്‍ നിര്‍ദേശങ്ങളും ബിനാലെയിലെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദങ്ങളും പ്ലേ ചെയ്യുന്ന ഹെഡ്‌ഫോണുകള്‍ ധരിക്കുന്ന സന്ദര്‍ശകരോട് നാടക അഭിനേതാക്കള്‍ ടൂര്‍ ഗൈഡുകളുടെ വേഷത്തിലും രീതിയിലും ഇടപെടും. തുടര്‍ന്ന് വെളുത്ത നിറമുള്ള കണ്ണടകള്‍ സന്ദര്‍ശകര്‍ ധരിക്കുന്നതോടെ കണ്‍കെട്ട് ടൂര്‍ ആരംഭിക്കുന്നു.

ബിനാലെയുടെ ശബ്ദങ്ങള്‍ ഹെഡ്‌ഫോണിലൂടെ കേട്ടുനടക്കുന്ന കണ്‍കെട്ടിയ സന്ദര്‍ശകരെ പ്രദേശത്തുനിന്നുതന്നെയുള്ള നാടകകലാകാരന്‍മാര്‍ കാട്, ഗുഹ, തുരങ്കം എന്നിങ്ങനെയെല്ലാം വിശദീകരിച്ചുകൊണ്ട് ആസ്പിന്‍വാള്‍ ഹൗസിലൂടെ നടത്തും. ഒടുവില്‍ ചിലിയന്‍ വിപ്ലവകവി റൗള്‍ സുറീതയുടെ സീ ഓഫ് പെയിന്‍ എന്ന മുട്ടറ്റം വെള്ളംകെട്ടിനില്‍ക്കുന്ന ഇന്‍സ്റ്റലേഷനില്‍ 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ടൂര്‍ സമാപിക്കും.

ഫൈന്‍ആര്‍ട്‌സ് പ്രൊഫഷണലായ ലുണ്ടലും കൊറിയോഗ്രാഫറായ മാര്‍ട്ടിനയും 2003 മുതല്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നു. ന്യൂറോസയന്‍സ്, സമകാലീന കല, കാണിയെ ഉള്‍പ്പെടുത്തിയുള്ള തിയറ്റര്‍ എന്നിവയിലെയെല്ലാം ഘടകങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള ഇവരുടെ പ്രോജക്റ്റുകളില്‍ എഴുത്തുകാരും ആര്‍ക്കിട്ടെക്റ്റുകളും നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും ശാസ്ത്രജ്ഞരുമുള്‍പ്പെടെ സഹകരിക്കുന്നു. 2009ല്‍ സ്റ്റോക്‌ഹോമില്‍ അരങ്ങേറിയ സിംഫണി എന്ന പ്രകടനം ലോകത്തെ വിവിധ വേദികളിലും ഗ്യാലറികളിലും മ്യൂസിയങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. ദി അണ്‍നോണ്‍ ക്ലൗഡ് (The Unknown Cloud) എന്ന ഇവരുടെ പുതിയ പദ്ധതി സെല്‍ഫോണുകളും യഥാര്‍ഥലോകവും പരമ്പരാഗതസാമൂഹിക മാധ്യമങ്ങളും തമ്മിലുള്ള ഇടപെടലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

വിവിധ സ്വരങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും സന്ദര്‍ശകര്‍ക്ക് അവരവരുടെ ഭാവനയ്ക്കനുസരിച്ച് സങ്കല്‍പ്പിക്കാനുള്ള സ്ഥലം പ്രകടനത്തിലുണ്ടെന്ന് മാര്‍ട്ടിന സൈറ്റ്ല്‍ പറയുന്നു. ത്രിമാനമായി ഗ്രഹിക്കാനുള്ളതാണ് ആകെയുള്ള അനുഭവം. സമയവും പരിണാമവും പ്രധാന ഘടകങ്ങളാണ്. വിശദമായ ഗവേഷണത്തിലൂടെ രൂപകല്‍പ്പനചെയ്ത പദ്ധതി ഓരോ പ്രദേശത്തിനും പ്രത്യേകമായ രീതിയിലാണുള്ളത്. സാംസ്‌കാരികസാങ്കേതിക ഘടകങ്ങളിലൂടെ മനുഷ്യബോധത്തിന്റെ കൂട്ടായ പരിണാമം പഠിക്കാനും ഇതുവഴി ശ്രമിക്കുന്നുണ്ടെന്നും മാര്‍ട്ടിന കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding