ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആര്‍ അശ്വിന്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആര്‍ അശ്വിന്

 

ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ടീം ഇന്ത്യ താരം രവിചന്ദ്ര അശ്വിന്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള അവാര്‍ഡും അശ്വിനാണ്. ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയതിന് പിന്നാലെയാണ് രവിചന്ദ്ര അശ്വിനെ 2016 ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബഹുമതി തേടിയെത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റര്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന്റെ പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റിലെ പന്ത്രണ്ടാമനുമാണ് ആര്‍ അശ്വിന്‍. രാഹുല്‍ ദ്രാവിഡ് (2004), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2010) എന്നിവരാണ് ഇതിനുമുമ്പ് ഈ ബഹുമതിക്കര്‍ഹരായ താരങ്ങള്‍.

അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന പുരസ്‌കാരത്തിനര്‍ഹനായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ആര്‍ അശ്വിന്‍ സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയും അറിയിച്ചു. ഈ വര്‍ഷം കഴിഞ്ഞ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 15.39 ശരാശരിയില്‍ 48 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 336 റണ്‍സ് സ്വന്തമാക്കുകയും ചെയ്തു.

2016ല്‍ നടന്ന ട്വന്റി-20യിലെ 19 മത്സരങ്ങലില്‍ നിന്നും 27 വിക്കറ്റുകളും ആര്‍ അശ്വിന്‍ നേടിയിരുന്നു. 2015 മുതല്‍ ഇതുവരെ ഐസിസിയുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിലും ഒന്നാം സ്ഥാനത്താണ് അശ്വിന്‍. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ഏറ്റവും മികച്ച ഏകദിന താരം. അസോസിയേറ്റ് രാജ്യങ്ങളിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദും സ്വന്തമാക്കി.

ന്യൂസിലാന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് ഏറ്റവും മികച്ച വനിതാ ഏകദിന, ടന്റി-20 താരം. പുരുഷ ട്വന്റി-20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനുള്ള അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും കരസ്ഥമാക്കി. ബംഗ്ലാദേശ് ക്രിക്കറ്ററായ മുസ്തഫിസുര്‍ റഹ്മാനാണ് വളര്‍ന്ന് വരുന്ന മികച്ച താരം. എമേര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് പാക്കിസ്ഥാന്റെ മിസ്ബ ഉള്‍ഹഖും അര്‍ഹനായി.

Comments

comments

Categories: Sports, Trending