ആപ്പിള്‍- നോക്കിയ പേറ്റന്റ് യുദ്ധം വീണ്ടും മുറുകുന്നു

ആപ്പിള്‍- നോക്കിയ പേറ്റന്റ് യുദ്ധം വീണ്ടും മുറുകുന്നു

 

ന്യൂയോര്‍ക്ക്: പേറ്റന്റുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൊമ്പുകോര്‍ക്കാനൊരുങ്ങുകയാണ് ടെക് ഭീമന്മാരായ ആപ്പിളും നോക്കിയയും. ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോക്കിയ പേറ്റന്റുമായി ബന്ധപ്പെട്ട് ആപ്പിളിനെതിരെ നേരിട്ട് നിയമനടപടി സ്വീകരിച്ചതായാണ് വിവരം.
കമ്പനിയുടെ പേറ്റന്റില്‍ ആപ്പിള്‍ ഇപ്പോഴും അതിക്രമം തുടരുകയാണെന്ന് ആരോപിച്ച് യുഎസിലും യൂറോപ്പിലും നോക്കിയ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് നോക്കിയ ആപ്പിളിനെതിരെ നേരിട്ട് ഹര്‍ജി നല്‍കിയത്. ഡിസ്‌പ്ലേ, യൂസര്‍ ഇന്റര്‍ഫേസ്, സോഫ്റ്റ്‌വെയര്‍, വീഡിയോ കോഡിംഗ് ടെക്‌നോളജി തുടങ്ങിയവ ഉള്‍പ്പെടെ 32 പേറ്റന്റുകളില്‍ ആപ്പിള്‍ കൈയേറ്റം നടത്തിയതായാണ് ഹര്‍ജിയിലെ ആരോപണം. നോക്കിയ യുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പേറ്റന്റ് അസെര്‍ഷ്യന്‍ എന്‍ടൈറ്റീസിനെതിരേ ആപ്പിളും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ആദ്യത്തെ നിയമ പോരാട്ടം അവസാനിപ്പിച്ചതു മുതല്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരുന്ന നോക്കിയയുടെ പേറ്റന്റഡ് ഇന്‍വെന്‍ഷനുകളുടെ വിവിധ ഘടകങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നിരവധി ഓഫറുകള്‍ നല്‍കിയിരുന്നെന്നും ആപ്പിള്‍ ഇവയെല്ലാം നിരസിക്കുകയായിരുന്നെന്നും നോക്കിയ പറയുന്നു. എന്നാല്‍ പേറ്റന്റ് ഉപയോഗിക്കുന്നതിന് നോക്കിയ നിയമപരമായി ലൈസന്‍സ് എഗ്രിമെന്റ് വച്ചിട്ടുണ്ടെന്നാണ് ആപ്പിളിന്റെ വാദം. പക്ഷെ, വരുമാനം വര്‍ധിപ്പിക്കുകയെന്ന തീവ്ര ലക്ഷ്യത്തോടെ നോക്കിയ ഇതേ പേറ്റന്റുകള്‍ പിഎഇക്ക് (പേറ്റന്റ് അസേര്‍ഷന്‍ എന്റിറ്റീസ്) കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് അനുവദനീയമല്ലെന്നും മത്സരവിരുദ്ധവും ചൂഷണാത്മകവുമാണ് നോക്കിയയുടെ നിലപാടെന്നും ആപ്പിള്‍ പ്രതികരിച്ചു.

2011ലാണ് മുന്‍പ് ഇരു കമ്പനികളും തമ്മിലുണ്ടായിരുന്ന പേറ്റന്റ് യുദ്ധത്തിന് തിരശ്ശീല വീണത്. സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയുടെ ലൈസന്‍സിംഗ് എഗ്രിമെന്റുമായി ബന്ധപ്പെട്ടായിരുന്നു അത്. ഒറ്റ തവണ പേമെന്റ് നല്‍കാനും റെഗുലര്‍ റോയല്‍റ്റീസ് അടയ്ക്കാനും ആപ്പിള്‍ ചുമതലപ്പെടുത്തുന്ന കരാറിലൂടെയാണ് അന്ന് നിയമയുദ്ധം അവസാനിച്ചത്.

Comments

comments

Categories: Slider, Top Stories