സംരക്ഷണ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് ആമസോണ്‍ ഇന്ത്യ മേധാവി

സംരക്ഷണ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് ആമസോണ്‍ ഇന്ത്യ മേധാവി

 

ബെംഗളൂരു : സംരക്ഷണ നടപടികള്‍ നേരിടുന്നതിന് തന്റെ കമ്പനി പൂര്‍ണ്ണമായും തയ്യാറാണെന്ന് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍. ലോക എതിരാളികളെ നേരിടുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന ഫ്‌ളിപ്കാര്‍ട്ടിന്റെയും ഒലയുടെയും ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് അഗര്‍വാളിന്റെ പ്രസ്താവന. ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംരക്ഷണ നടപടികളെന്ന ഉമ്മാക്കിയില്‍ തങ്ങള്‍ പേടിക്കില്ല. ആമസോണ്‍ സിഇഒ ജെഫ് ബിസോസിന്റെ ലക്ഷ്യം വലുതാണ്. സര്‍ക്കാര്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ചാണ് ആമസോണ്‍ ഇന്ത്യയില്‍ എല്ലായ്‌പ്പോഴും ബിസിനസ് നടത്തുന്നതെന്നും അമിത് അഗര്‍വാള്‍ പറഞ്ഞു.

ആഗോള എതിരാളികകള്‍ക്കെതിരെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഇന്ത്യ സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ മാസമാദ്യം ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഫ്‌ളിപ്കാര്‍ട്ട് ചെയര്‍മാന്‍ സച്ചിന്‍ ബന്‍സാല്‍, ഒല ചീഫ് എക്‌സിക്യൂട്ടീവ് ബവീഷ് അഗ്ഗര്‍വാള്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ചൈന മാതൃകയാണെന്നും ഇവര്‍ പറയുകയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫ്‌ളിപ്കാര്‍ട്ടിനും ഒലയ്ക്കുമെതിരെ ആമസോണിന്റെയും യൂബറിന്റെയും വളര്‍ച്ചയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിപണി വിഹിതം കുറയുന്നതും കണക്കിലെടുത്താണ് ബന്‍സാലും അഗ്ഗര്‍വാള്‍ പുതിയ അടവ് പുറത്തെടുത്തത്.

നേരത്തെ ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്ന ആമസോണ്‍ പിന്നീട് ഈ വര്‍ഷം ജൂണില്‍ മറ്റൊരു 3 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories