എന്തുകൊണ്ട് ജനറല്‍ റാവത്ത് കരസേനാ തലവനായി ?

എന്തുകൊണ്ട് ജനറല്‍ റാവത്ത് കരസേനാ തലവനായി ?

 
ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ കരസേനയുടെ പുതിയ തലവനായി നിയമിച്ചത് വന്‍ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്(vcoas) ആയി സേവനമനുഷ്ഠിക്കവേയാണു ജനറല്‍ റാവത്തിനെ പുതിയ ചുമതലയിലേക്കു നിയമിച്ചത്. വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (vcoas) ആകുന്നതിനു മുന്‍പ് റാവത്ത് പുനെയിലുള്ള ദക്ഷിണ കമാന്‍ഡന്റിന്റെ നായകസ്ഥാനത്തായിരുന്നു സേവനമനുഷ്ഠിച്ചത്.

റാവത്തിനെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം വിവിധ കാരണങ്ങളാല്‍ ശ്രദ്ധനേടുകയുണ്ടായി. ഒന്നാമതായി, ഇന്ത്യന്‍ കരസേന മേധാവി വിരമിക്കാന്‍ വെറും രണ്ട് ആഴ്ച മാത്രം അവശേഷിച്ചപ്പോഴാണു റാവത്തിനെ പുതിയ തലവനായി നിയമിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കരസേനാ മേധാവി പോലെ സുപ്രധാനമായൊരു പദവിയിലേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്ന തീരുമാനം രണ്ട് മാസം മുന്‍പെങ്കിലും പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുള്ളപ്പോഴാണ് ആ പതിവ് തെറ്റിച്ചത്.
രണ്ടാമതായി, ജനറല്‍ റാവത്തിനെ നിയമിച്ചത് സീനിയോറിറ്റി മറികടന്നാണ്. ജനറല്‍ പ്രവീണ്‍ ബക്ഷി, ജനറല്‍ പി.എം. ഹാരിസ് തുടങ്ങിയവരാണ് റാവത്തിനെക്കാള്‍ സീനിയോറിറ്റിയുള്ളവര്‍. ഇന്ത്യന്‍ കരസേനയില്‍ തലവനായി നിയമിക്കുന്നത് സീനിയോറിറ്റി പരിഗണിച്ചാണെന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ ഈ പതിവ് തെറ്റിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അത് 1983ലായിരുന്നു. അന്ന് ജനറല്‍ എസ്.കെ. സിന്‍ഹയെ മറികടന്ന് ജനറല്‍ അരുണ്‍ വൈദ്യയെ നിയമിച്ചു.കരസേനാ മേധാവിയുടെ കാലാവധി സാധാരണയായി മൂന്ന് വര്‍ഷമാണ്. അതുമല്ലെങ്കില്‍ 62 വയസ് വരെ.
കരസേനയില്‍ തലവനെ നിയമിക്കുന്നതിനു കാലങ്ങളായി ഒരു പ്രത്യേക സംവിധാനം പിന്തുടരുന്നുണ്ട്. കരസേനയുടെ ആസ്ഥാനകേന്ദ്രം, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ അഞ്ച് യോഗ്യരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ അപ്പോയിന്‍മെന്റ്‌സ് കമ്മിറ്റി ഓഫ് ക്യാബിനറ്റിന്(എസിസി) സമര്‍പ്പിക്കും. തുടര്‍ന്ന് ഇത്തരത്തില്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ സേവന ചരിത്രം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയ്ക്കു ശേഷം എസിസിക്ക് മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരെ തൃപ്തിയായില്ലെങ്കില്‍ അടുത്ത ലിസ്റ്റ് സമര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തോടും കരസേനയുടെ ആസ്ഥാനകേന്ദ്രത്തോടും ആവശ്യപ്പെടും. ഇങ്ങനെയാണു തെരഞ്ഞെടുപ്പ് പ്രക്രിയ കാലങ്ങളായി പുരോഗമിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ കരസേനാ മേധാവിയായി ജനറല്‍ റാവത്തിനെ നിയമിച്ചത് നിരവധി ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. കാരണം സീനിയോറിറ്റി തലത്തില്‍ നാലാമന്‍ മാത്രമായ ജനറല്‍ റാവത്ത്, രണ്ട് ജനറല്‍മാരെ മറികടന്നാണ് കരസേനയുടെ തലപ്പത്തേയ്ക്കു നിയമിതനായിരിക്കുന്നത്. സര്‍ക്കാരിന് തങ്ങളുടെ അധികാരം ഉപയോഗിച്ച് ഇത്തരത്തില്‍ നിയമനം നടത്താനുള്ള അവകാശമുണ്ടെന്നതു മറ്റൊരു കാര്യം.
നിയമനത്തില്‍ ജനറല്‍ റാവത്ത്, മറികടന്നത് ജനറല്‍ ബക്ഷിയെയും ജനറല്‍ പി എം ഹാരിസിനെയുമാണ്. ഇവരില്‍ ജനറല്‍ ബക്ഷി ഇപ്പോള്‍ ഈസ്റ്റേണ്‍ കമാന്‍ഡന്റിന്റെ തലവനാണ്. ഇദ്ദേഹത്തെ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയില്‍ ജനറലിന്റെ റാങ്കുള്ള പെര്‍മനന്റ് ചെയര്‍മാനായി നിയമിക്കുമെന്നു പ്രചരിക്കുന്നുണ്ട്. ഈ പദവി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനു (സിഡിഎസ്) തുല്യമാണ്.
സ്‌കിന്നേഴ്‌സ് ഹോഴ്‌സിലെ കവാല്‍റി (അശ്വസേന) ഓഫീസറാണ് ജനറല്‍ ബക്ഷി. കലാപസമയത്തോ, നിയന്ത്രണ രേഖയിലോ ട്രൂപ്പുകളെ അഥവാ സേനയെ കമാന്‍ഡ് ചെയ്യുന്ന പതിവ് കവാല്‍റി ഓഫീസര്‍മാര്‍ക്കില്ല. മരുഭൂമിയില്‍, സമതലപ്രദേശത്ത് തുടങ്ങിയ സ്ഥലങ്ങളിലാണു ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
എങ്കില്‍പ്പോലും കാലാള്‍പട, കുതിരപ്പട്ടാളം, സൈന്യത്തിലെ മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ബ്രിഗേഡിയര്‍ റാങ്ക് മുതലുള്ള ഉന്നത ഉദ്യോഗസ്ഥന്മാര്‍ നിയന്ത്രണ രേഖയിലും, ജമ്മു കശ്മീര്‍ പോലെ കലാപ ബാധിത മേഖലയിലും സേവനമനുഷ്ഠിക്കാന്‍ സജ്ജരായിരിക്കും.
പക്ഷേ, ജനറല്‍ ബക്ഷിക്ക് ഇത്തരത്തില്‍ പ്രവര്‍ത്തന പരിചയമില്ലെന്നതാണു കരസേനാ മേധാവി സ്ഥാനത്തേയ്ക്കു അദ്ദേഹത്തെ പരിഗണിക്കാന്‍ വിസമ്മതിച്ചതിനുള്ള കാരണമായി വിലയിരുത്തുന്നത്. ജനറല്‍ പി.എം. ഹാരിസിനും ഇതു തന്നെയാണു സംഭവിച്ചത്. അദ്ദേഹം മെക്കനൈസ്ഡ് ഇന്‍ഫന്ററി വിഭാഗം ഉദ്യോഗസ്ഥനാണ്. യുകെയിലെ കാംബര്‍ലിയിലുള്ള സ്റ്റാഫ് കോളേജില്‍നിന്നും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥനുമാണ്. പക്ഷേ, ഹാരിസിനു നിയന്ത്രണ രേഖയിലോ, സിയാച്ചിന്‍ മഞ്ഞുമലകളിലോ, അതുമല്ലെങ്കില്‍ കലാപ ബാധിത മേഖലയിലോ ഓപ്പറേഷന്‍ നടത്തിയ അനുഭവസമ്പത്തില്ല.
ജനറല്‍ റാവത്താകട്ടെ, ജമ്മുകശ്മീരിലെ ഉറിയില്‍ സേനയെ നയിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 11 ഗോര്‍ഖ ബറ്റാലിയന്റെയും രാഷ്ട്രീയ റൈഫിള്‍സിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. ബരാമുള്ളയിലെ പ്രമുഖമായ ഡാഗര്‍ ഡിവിഷനിലും റാവത്ത് നായകത്വം വഹിച്ചിട്ടുണ്ട്. നാഗാലാന്‍ഡിലെയും മണിപ്പൂരിലെയും ലോവര്‍ അസമിലെയും കലാപങ്ങളെ മെരുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2015 ജുലൈയില്‍ മ്യാന്മാറുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തിയില്‍ തീവ്രവാദികളുടെ കൂടാരം തച്ചുതകര്‍ത്ത ഓപ്പറേഷന്റെ ചുക്കാന്‍ പിടിച്ചത് മറ്റാരുമല്ല, ഇപ്പോള്‍ കരസേനയുടെ തലപ്പത്തെത്തിയ സാക്ഷാല്‍ റാവത്ത് തന്നെയായിരുന്നു.
വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫാണ് ഇപ്പോള്‍ ജനറല്‍ റാവത്ത്. ഈ പദവി വഹിച്ചിരുന്ന സമയത്തും അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിലും മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിരുന്നു. അവിടെ സുപ്രധാന നയങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. സേവനത്തിലെ മികവിനു ഇന്ത്യന്‍ മിലിട്ടറി അക്കാദമി sword of honour എന്ന പുരസ്‌കാരവും ജനറല്‍ റാവത്തിനു സമ്മാനിച്ചിട്ടുണ്ട്.
കലാപങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പ്രകടിപ്പിച്ച കഴിവും നിയന്ത്രണ രേഖയിലെ അനുഭവ സമ്പത്തുമാണു ജനറല്‍ റാവത്തിനെ ഇന്ത്യയുടെ കരസേനാ മേധാവി സ്ഥാനത്തേയ്ക്കു പരിഗണിക്കാന്‍ കാരണമായത്. പാകിസ്ഥാനും ചൈനയുമായി സമീപകാലത്ത് ഇന്ത്യക്ക് നേരിടേണ്ടി വന്നിരിക്കുന്ന സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ റാവത്തിനെ പോലൊരു സേനാതലവനെയാണ് ഇന്ത്യയ്ക്കാവശ്യമെന്നു സര്‍ക്കാരിനു തോന്നുന്നതില്‍ കുറ്റം പറയാനും സാധിക്കില്ല.
2011ല്‍ ബരാമുള്ള ഡിവിഷന്റെ കമാന്‍ഡായി ജനറല്‍ റാവത്ത് മികവാര്‍ന്ന സേവനമാണു കാഴ്ചവച്ചത്. ഭീഷണികളെ മനസിലാക്കി അതിനെ അതിജീവിക്കാന്‍ ജനറല്‍ റാവത്തിന് അസാമാന്യമായൊരു കഴിവുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ എല്ലാ കണ്ണുകളും രാജ്യമൊന്നാകെയും അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്.

Comments

comments

Categories: Trending