റഷ്യന്‍ അംബാസഡറുടെ കൊലപാതകം: ആറ് പേരെ തുര്‍ക്കി പൊലീസ് തടഞ്ഞുവച്ചു

റഷ്യന്‍ അംബാസഡറുടെ കൊലപാതകം: ആറ് പേരെ തുര്‍ക്കി പൊലീസ് തടഞ്ഞുവച്ചു

അങ്കാറ(തുര്‍ക്കി): തിങ്കളാഴ്ച അങ്കാറയില്‍ ആര്‍ട് ഗാലറിയില്‍ പ്രഭാഷണം നടത്തുന്നതിനിടെ പിന്നില്‍ നിന്നും വെടിയേറ്റ് റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കര്‍ലോവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പേരെ തുര്‍ക്കി പൊലീസ് തടഞ്ഞുവച്ചു.
അക്രമിയുടെ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയുമാണു പശ്ചിമ പ്രവിശ്യയായ അയ്ദിനില്‍ തടഞ്ഞുവച്ചത്. അങ്കാറയിലുള്ള അക്രമിയുടെ ഫ്‌ളാറ്റിലെ അയല്‍വാസിയെയും പൊലീസ് തടഞ്ഞുവച്ചു.
ആന്ദ്രേ കര്‍ലോവ് കൊല്ലപ്പെട്ട ആര്‍ട്ട് ഗാലറിക്കു പുറത്ത് ചൊവ്വാഴ്ച രാവിലെ പൊലീസ് വന്‍തോതില്‍ സുരക്ഷാ വിന്യാസം നടത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച മുതല്‍ തുര്‍ക്കിയിലെ യുഎസിന്റെ മൂന്ന് ദൗത്യങ്ങള്‍ നിറുത്തിവച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി അങ്കാറയിലെ യുഎസ് എംബസിക്കു നേരെ അജ്ഞാതര്‍ വെടിവെച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
ചൊവ്വാഴ്ച റഷ്യ, തുര്‍ക്കി, ഇറാന്‍ വിദേശകാര്യമന്ത്രിമാര്‍ മോസ്‌കോയില്‍ ഒത്തുചേര്‍ന്നു സ്ഥിതി ഗതികള്‍ വിലയിരുത്തുകയുണ്ടായി.
സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നുണ്ട് റഷ്യ. വിമത നിയന്ത്രണത്തിലായിരുന്നു അലെപ്പോ നഗരം ഇപ്പോള്‍ അസദിന്റെ സൈന്യം തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. അലെപ്പോയില്‍ നടക്കുന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് റഷ്യന്‍ അംബാസഡറെ വകവരുത്തിയത്. വെടിവെച്ചതിനു ശേഷം അക്രമി അലെപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത് എന്ന് ഉറക്കെ പറഞ്ഞിരുന്നു.

Comments

comments

Categories: World