28 എഎന്‍ഡിഎ അനുമതി പിന്‍വലിക്കണമെന്ന് സണ്‍ ഫാര്‍മ

28 എഎന്‍ഡിഎ അനുമതി പിന്‍വലിക്കണമെന്ന് സണ്‍ ഫാര്‍മ

 

ന്യൂ ഡെല്‍ഹി: 28 അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷന്‍സ് (എഎന്‍ഡിഎ) അനുമതികള്‍ പിന്‍വലിക്കണമെന്ന് തങ്ങളുടെ ഒരു ഉപവിഭാഗം യുഎസ്എഫ്ഡിഎയോട് (യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അഭ്യര്‍ത്ഥിച്ചതായി പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് അറിയിച്ചു. ഓഹരി വിപണികളെ ഫയലിംഗിലാണ് സണ്‍ ഫാര്‍മ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏറ്റെടുക്കലിനു മുമ്പ് റാന്‍ബാക്‌സി ലാബോറട്ടറീസിന്റെതായിരുന്ന പഴയ മരുന്ന് ഉല്‍പ്പന്നങ്ങളാണ് പിന്‍വലിച്ചതെന്നും ഇവ 2008 മുതല്‍ അമേരിക്കയില്‍ വിതരണം ചെയ്യുന്നില്ലെന്നും ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. റാന്‍ബാക്‌സി ലാബോറട്ടറീസിനെ 2014 ലാണ് സണ്‍ ഫാര്‍മ ഏറ്റെടുക്കുന്നത്.

എന്നാല്‍ മരുന്നുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളോ ഉപസ്ഥാപനം ഏതാണെന്നോ സണ്‍ ഫാര്‍മ വെളിപ്പെടുത്തിയില്ല. യുഎസ്എഫ്ഡിഎയ്ക്ക് കീഴിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് കൈമാറുന്ന ജനറിക് മരുന്നുകളുടെ വിശദവിവരങ്ങളടങ്ങിയ അപേക്ഷയാണ് അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷന്‍സ് (എഎന്‍ഡിഎ) എന്ന് അറിയപ്പെടുന്നത്. ഓഫീസ് ഓഫ് ജനറിക് ഡ്രഗ്‌സ് വിശദാംശങ്ങള്‍ പരിശോധിക്കുകയും ജനറിക് മരുന്ന് ഉല്‍പ്പന്നത്തിന് അന്തിമ അനുമതി നല്‍കുകയുമാണ് പതിവ്. അമേരിക്കയില്‍ മരുന്ന് വിതരണം ചെയ്യുന്നതിനും വില്‍ക്കുന്നതിനും യുഎസ്എഫ്ഡിഎയുടെ അനുമതി നിര്‍ബന്ധമാണ്. അനുമതി ലഭിച്ചാല്‍ അപേക്ഷകരായ മരുന്ന് കമ്പനികള്‍ക്ക് അമേരിക്കന്‍ പൊതുജനങ്ങള്‍ക്കായി സുരക്ഷിതവും ഫലപ്രദവും വില കുറഞ്ഞതുമായ ജനറിക് മരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാം.
ഓഹരി വിപണിയിലെ ഫയലിംഗ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ സണ്‍ ഫാര്‍മയുടെ ഓഹരി വില കഴിഞ്ഞ ദിവസത്തേതില്‍നിന്ന് 20 പൈസ കുറഞ്ഞ് 632 രൂപയായി.

Comments

comments

Categories: Branding