വണ്‍വെബില്‍ സോഫ്റ്റ് ബാങ്കിന്റെ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം

വണ്‍വെബില്‍ സോഫ്റ്റ് ബാങ്കിന്റെ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം

 

ടോക്ക്യോ: മസയോഷി സണ്‍ എന്ന ജപ്പാന്‍ സംരംഭകന് വാക്കാണ് പ്രധാനം. നല്‍കുന്ന വാഗ്ദാനങ്ങള്‍ അദ്ദേഹം ഒരിക്കലും തെറ്റിക്കാറില്ല. ഇന്ത്യയില്‍ 10 വര്‍ഷത്തിനുള്ളില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം തന്റെ സംരംഭമായ സോഫ്റ്റ്ബാങ്ക് നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യയിലേക്ക് സണിന്റെ നിക്ഷേപം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇനി യുഎസിലേക്ക് വരാം.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സണ്‍ ഈ മാസം ആദ്യം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഎസില്‍ 50,000 തൊഴിലവസരങ്ങള്‍ താന്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവും കൂടിക്കാഴ്ച്ചയ്ക്കിടെ സണ്‍ ട്രംപിന് നല്‍കി. ട്രംപിന്റെ ഞെട്ടല്‍ മാറും മുമ്പ് അതില്‍ 3,000 തൊഴിലവസരങ്ങള്‍ക്കുള്ള പണം അനുവദിച്ചെന്നുള്ള പ്രഖ്യാപനം വന്നു കഴിഞ്ഞു സണിന്റെ ഭാഗത്തു നിന്ന്.

യുഎസിലെ സാറ്റലൈറ്റ് സ്റ്റാര്‍ട്ടപ്പായ വണ്‍വെബ് ലിമിറ്റഡ് കഴിഞ്ഞ ദിവസം സമാഹരിച്ച 1.2 ബില്ല്യണ്‍ ഡോളറില്‍ ഒരു ബില്ല്യണ്‍ ഡോളറും സണിന്റെ സോഫ്റ്റ്ബാങ്ക് വകയാണ്. എന്‍ജിനീയറിംഗ്, മാനുഫാക്ച്ചറിംഗ് ഉള്‍പ്പെടെ നിരവധി രംഗങ്ങളിലായി 3,000 പുതിയ തൊഴിലവസരങ്ങള്‍ സണിന്റെ ഈ നിക്ഷേപം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസില്‍ 50 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സണ്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍വെബിന്റെ 1.2 ബില്യണിന്റെ നിക്ഷേപസമാഹരണത്തോടനുബന്ധിച്ചാണ് സോഫ്റ്റ്ബാങ്കിന്റെ നേരിട്ടുള്ള നിക്ഷേപം. സോഫ്റ്റ്ബാങ്കിനെ കൂടാതെ വണ്‍വെബിന്റെ നിലവിലെ നിക്ഷേപകരായ ക്വാല്‍കോം ഇന്‍ക്, എയര്‍ബസ് ഗ്രൂപ്പ്, വിര്‍ജിന്‍ ഗ്രൂപ്പ് തുടങ്ങിയവരും പുതിയ നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തു. 200 മില്ല്യണ്‍ ഡോളറാണ് ഈ നിക്ഷേപകരുടെ സംഭാവന. 2017 ആദ്യ പാദത്തോടെ പണമിടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മിതമായ നിരക്കിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ പദ്ധതിയിടുന്ന വണ്‍വെബ് ഫ്‌ളോറിഡയില്‍ കുറഞ്ഞ ചെലവില്‍ കൃത്രിമോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണത്തിനും അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ യുഎസില്‍ 3,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായിരിക്കും നിക്ഷേപ തുക വിനിയോഗിക്കുക. വെര്‍ജീനിയയിലെ അര്‍ലിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍വെബിന് തുടക്കം കുറിച്ചത് 2012ലാണ്.

അടുത്തിടെ സൗദി അറേബ്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ ടെക് ഫണ്ട് സോഫ്റ്റ്ബാങ്ക് അവതരിപ്പിച്ചിരുന്നു. യുഎസ് കാരിയര്‍ സ്പ്രിന്റ്, ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ എന്നിവയില്‍ ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ്ബാങ്ക് ഈ വര്‍ഷം യുകെ ചിപ്പ് ഡിസൈന്‍ സ്ഥാപനമായ ആര്‍മ് ഹോള്‍ഡിംഗ്‌സിനെ 32 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Banking