പുതിയ നിയന്ത്രണം: ബാങ്കുകളില്‍ വീണ്ടും തിരക്ക് വര്‍ധിക്കുന്നു

പുതിയ നിയന്ത്രണം:  ബാങ്കുകളില്‍ വീണ്ടും തിരക്ക് വര്‍ധിക്കുന്നു

 

ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് ആര്‍ബിഐ പുതിയ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ രാജ്യത്തെ ബാങ്കുകളില്‍ വീണ്ടും തിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പിന്‍വലിച്ച നോട്ടുകളുടെ 5,000 രൂപയ്ക്ക് മുകളില്‍ വരുന്ന നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമെ 5,000 രൂപയില്‍ കൂടുതലുള്ള അസാധുനോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇത്ര ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ട് നിക്ഷേപം നടത്താന്‍ വൈകിയെന്ന ചോദ്യത്തിന് ബാങ്കുകള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുകയും വേണം.

5000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കോ, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്കു കീഴിലുള്ള നിക്ഷേപങ്ങള്‍ക്കോ നിയന്ത്രണം ബാധകമല്ല. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കൃത്യം നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ബാങ്കുകള്‍ പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെയാണ് കള്ളപ്പണം ബാങ്ക് എക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴും പല ബാങ്ക് ബ്രാഞ്ചുകളിലും പണക്ഷാമം തുടരുകയാണ്. അതേസമയം, എടിഎമ്മുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, പല എടിഎമ്മുകളിലും 2000 നോട്ടുകള്‍ മാത്രമാണ് ലഭ്യമാകുന്നതെന്നാണ് പരാതി ഉയരുന്നത്.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിന്നാലെ ജനങ്ങള്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ അനാവശ്യ തിടുക്കം കാണിക്കുന്നതാണ് പ്രശ്‌നമെന്ന് നേരത്തേ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. ഡിസംബര്‍ 31 വരെ സാവകാശമുണ്ടെന്നും ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ നിലപാട്. എന്നാല്‍ ഇതിനകം തന്നെ അസാധുവാക്കപ്പെട്ട നോട്ടുകളുടെ 90 ശതമാനത്തിലധികം തിരിച്ചെത്തിയതോടെയാണ് അവസാന ദിവസങ്ങളിലെ നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
രാജ്യത്തെ പണപ്രതിസന്ധി തരണം ചെയ്യുന്നതിനു വേണ്ടി എല്ലാ ദിവസവും ആര്‍ബിഐ ബാങ്കുകളിലേക്ക് പണമെത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഭീമമായ തുക വരുന്ന മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ബാങ്കുകളിലെത്തിക്കുമെന്നും ഇതോടെ ബാങ്കുകളുടെ സമ്മര്‍ദ്ധം കുറയുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Slider, Top Stories

Related Articles