റബ്ബര്‍ കയറ്റുമതിയില്‍ വര്‍ധന, 5000 ടണ്‍ എത്തിയേക്കും

റബ്ബര്‍ കയറ്റുമതിയില്‍ വര്‍ധന, 5000 ടണ്‍ എത്തിയേക്കും

കോട്ടയം: അന്താരാഷ്ട്രവില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള റബ്ബര്‍കയറ്റുമതി വര്‍ദ്ധിച്ചുവരുന്നതായി റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2013 ഡിസംബര്‍ മുതല്‍ റബ്ബറിന്റെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. 2016 ജൂലൈയില്‍ ആര്‍.എസ്.എസ് നാലാംതരം ഷീറ്റുറബ്ബറിന്റെ വില ബാങ്കോക്ക് കമ്പോളത്തിലെ സമാനമായ ഇനത്തിന്റെ വിലയേക്കാള്‍ 35 രുപ കൂടുതലായിരുന്നു. എന്നാല്‍ 2016ന്റെ മൂന്നാം പാദത്തില്‍ ഈ വിലവ്യത്യാസം കുറഞ്ഞുവരാന്‍ തുടങ്ങി. നവംബര്‍ രണ്ടാമത്തെയാഴ്ച മുതല്‍ വിദേശവിപണി കുതിച്ചുകയറി ഇപ്പോള്‍ ആഭ്യന്തരവിലയുടെ ഏറെ മുകളില്‍ എത്തിനില്‍ക്കുന്നു. ചൈനയുടെ ഡിമാന്റ് കൂടിയതും, എണ്ണവിലയും അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നതുമാണ് ഈ വിലക്കയറ്റത്തിനു കാരണം.

പ്രമുഖ ഉത്പാദക രാജ്യങ്ങളായ തായ്‌ലന്റ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന റബ്ബര്‍ ഭൂരിഭാഗവും കയറ്റുമതി ചെയ്യപ്പെടുകയാണ്. അതിനാല്‍ തന്നെ ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഊഹക്കച്ചവടം സംബന്ധിച്ച വാര്‍ത്തകള്‍ റബ്ബര്‍വിലയെ എളുപ്പത്തില്‍ സ്വാധീനിക്കാറുണ്ട്. ഊഹക്കച്ചവടത്തിലെ ഇത്തരം പ്രവണതകളാണ് അന്താരാഷ്ട്രവിലയിലെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തിനു കാരണം. ചൈനയിലെ ഷാങ്ഹായ്, ജപ്പാനിലെ ടോക്കോം എന്നീ അവധിവ്യാപാര എക്‌സ്‌ചേഞ്ചുകളിലെ കുതിപ്പും ഇതിനുകാരണമായി. എന്നാല്‍ ഇന്ത്യയിലെ റബ്ബര്‍ പരമ്പരാഗതമായിത്തന്നെ ഒരു കയറ്റുമതിച്ചരക്കല്ല. ഇവിടെ ഉണ്ടാക്കുന്ന റബ്ബര്‍ ഇവിടെത്തന്നെ വ്യവസായങ്ങളില്‍ ഉപഭോഗം ചെയ്യപ്പെടുകയാണ്. അതിനാല്‍, ആഭ്യന്തരകാരണങ്ങളുമായി ബന്ധമില്ലാതെ, വിദേശവിപണികളിലുണ്ടാകുന്ന ഊഹക്കച്ചവടപരമായ പ്രവണതകള്‍ ഇന്ത്യന്‍വിപണിയില്‍ താരതമ്യേന കുറഞ്ഞ സ്വാധീനമേ ചെലുത്തുകയുള്ളൂ. എങ്കില്‍ത്തന്നേയും ഇന്ത്യന്റബ്ബര്‍വില പൊതുവായി അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ചാണു നീങ്ങുന്നത്-മിക്കപ്പോഴും ഇതില്‍ അല്പമൊരു കാലതാമസം ഉണ്ടാകാറുണ്ടന്നുമാത്രം.
അന്താരാഷ്ട്രവിപണിയിലെ മിച്ചം മുതലെടുത്ത് പരമാവധി കയറ്റുമതി നടത്തുക എന്നതാണ് ഈ അവസരത്തില്‍ റബ്ബര്‍ബോര്‍ഡിന്റെ നിലപാട്.

നല്ലതോതില്‍ കയറ്റുമതി നടന്നാല്‍ ആഭ്യന്തരവില അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യയില്‍ നിന്നുള്ള റബ്ബര്‍ കയറ്റുമതി 650 ടണ്‍ മാത്രമായിരുന്നു. ഇക്കഴിഞ്ഞ മാസം മുതല്‍ കയറ്റുമതി വര്‍ദ്ധിച്ചു. അതിന്റെ ഫലമായി നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതി 5000 ടണ്‍ എങ്കിലുമാകും എന്നു കരുതുന്നു. ഇപ്പോള്‍ ‘ഇന്ത്യന്‍ നാച്ചുറല്‍ റബ്ബര്‍’ എന്ന ബ്രാന്‍ഡിലുള്ള കയറ്റുമതിയാണ് ബോര്‍ഡ് പ്രോല്‍സാഹിപ്പിക്കുന്നത്. ഇങ്ങനെ കയറ്റുമതി ചെയ്യുന്ന റബ്ബറിന് ബോര്‍ഡിന്റെ ഗുണമേന്മാസര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. ഈവര്‍ഷം ഇതുവരെ നടത്തിയ കയറ്റുമതിയില്‍ 80 ശതമാനവും ബ്രാന്‍ഡിംഗ് നടത്തിയിട്ടുണ്ട്.

കയറ്റുമതിയില്‍ ഇന്ത്യയ്ക്കു നഷ്ടമായ വിപണി വിഹിതം തിരികെപ്പിടിക്കാന്‍ ഈ ബ്രാന്‍ഡിംഗ് സഹായകമായി. റബ്ബര്‍ വില്‍പ്പന നടത്താന്‍ ലഭിച്ചിരിക്കുന്ന ഒരു ബദല്‍മാര്‍ഗ്ഗം എന്ന നിലക്ക് കയറ്റുമതിയെ പരിഗണിച്ച്, അതുപയോഗപ്പെടുത്തി വിലസ്ഥിരത കൈവരിക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

Comments

comments

Categories: Trending