മാറ്റത്തിന്റെ രണ്‍ഥംഭോര്‍ മാതൃക

മാറ്റത്തിന്റെ രണ്‍ഥംഭോര്‍ മാതൃക

1983-ലാണ് രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാന നിര്‍മിതിക്കായി ഷേര്‍പൂര്‍, ഖില്‍ജിപൂര്‍ എന്നീ രണ്ടു ഗ്രാമങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിച്ചത്. പ്രദേശവാസികളിലുള്ള പരമ്പരാഗത കഴിവുകള്‍ വികസിപ്പിച്ച് അതിനെ തൊഴിലവസരങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന എന്‍ജിഒ ആണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡസ്ത്കര്‍ ഫൗണ്ടേഷന്‍. സ്ത്രീകള്‍ക്കിടയിലാണ് ഡസ്ത്കറിന്റെ ലൈല തിയാബ്ജി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വനിതകള്‍ക്ക് തൊഴിലും അതുവഴി വരുമാനവും ഉറപ്പുവരുത്തി അവരെ സ്വയം പര്യാപ്തരാക്കുകയാണ് ഈ എന്‍ജിഒയുടെ ലക്ഷ്യം.
രണ്‍ഥംഭോര്‍ ഫൗണ്ടേഷന്‍ ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. ദസ്ത്കറുമായി സഹകരിച്ചുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനവും രണ്‍ഥംഭോര്‍ ഫൗണ്ടേഷന്റെ പിന്തുണയുംകൊണ്ട് ഡസ്ത്കര്‍ രണ്‍ഥംഭോര്‍ ഇന്ന് സ്വയം പര്യാപ്ത നേടിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികസംരംഭമാണ്. രാജസ്ഥാന്‍ സംസ്ഥാനത്തെ അഞ്ചുഗ്രാമങ്ങളിലെ മുന്നൂറോളം വരുന്ന വനിതകളുടെ ജീവനോപാധി കൂടിയാണിത്. തയ്യല്‍ ജോലികള്‍, കളിമണ്‍പാത്ര നിര്‍മാണം, ബാഗ് നിര്‍മാണം, കളിപ്പാട്ട നിര്‍മാണം, തുടങ്ങിയ അടിസ്ഥാനപരമായ സ്ത്രീകളുടെ കഴിവുകള്‍ പരിപോഷിപ്പിച്ച് പ്രതിവര്‍ഷം രണ്ടുകോടിയോളം വരുമാനമാണ് ഇവര്‍ നേടുന്നത്. ഇത് സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക ജീവിതങ്ങളില്‍ മികച്ച മാറ്റങ്ങള്‍ക്കു കാരണമായി. വീടുകളില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ ഇന്ന് സാമ്പത്തികമായി സ്വയം പര്യാപ്തരായി. സ്വന്തം സംരംഭങ്ങള്‍ കൃത്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു.

167042_177994388909586_144235362285489_383260_7611045_nടീം ഡസ്ത്കര്‍ രണ്‍ഥംഭോര്‍
1989-ലാണ് ഡസ്ത്കര്‍ ചെയര്‍പേഴ്‌സണായ ലൈല തിയാബ്ജി ഗ്രാമത്തില്‍ മൂന്നാഴ്ചയോളം താമസിക്കാനെത്തുന്നത്. ഇത്തരത്തില്‍ അവര്‍ ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം അടുത്തറിയുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് ഫൗണ്ടേഷന്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. രണ്‍ഥംഭോര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡസ്ത്കര്‍ ഡല്‍ഹി ടീം ഇവിടെ രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ചു. അവരുടെ കലകള്‍ ഏകീകരിക്കാനും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
ഖില്‍ജിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷമീം ആണ് ഡസ്ത്കര്‍ രണ്‍ഥംഭോറിന്റെ സംരംഭത്തില്‍ ചേര്‍ന്ന ആദ്യ വനിത. ഇന്ന് ഫൗണ്ടേഷന്റെ ട്രഷറര്‍ ആണവര്‍. തയ്യല്‍ക്കാരനായ അവരുടെ ഭര്‍ത്താവ് അസീസും ടീമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഡസ്ത്കര്‍ രണ്‍ഥംഭോറിന്റെ പ്രാരംഭകാലം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാമേശ്വരി. വിധവയായ അവര്‍ തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതും കുടുംബം നോക്കുന്നതും സ്വന്തം വരുമാനം ഉപയോഗിച്ചാണ്.
കേവലം ഒറ്റമുറിയില്‍ തുടങ്ങിയ ഇവരുടെ കുടില്‍ വ്യവസായങ്ങള്‍ ഇന്ന് വലിയ സംരംഭം തന്നെയാണ്. 1990-ല്‍ ഡല്‍ഹി ബസാറില്‍ ഡസ്ത്കര്‍ രണ്‍ഥംഭോറിനെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയായി രാമേശ്വരി മാറി. അവര്‍ തനിച്ച് യാത്ര ചെയ്യുകയും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. ഇത്തരത്തില്‍ ഗ്രാമത്തിലെ മറ്റു വനിതകള്‍ക്ക് തനിച്ചുയാത്ര ചെയ്യാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുമുള്ള ധൈര്യമാണ് ലഭിച്ചത്. തുടക്കത്തില്‍ തന്നെ 67000 രൂപയുടെ വില്‍പ്പനയാണ് ഇവര്‍ക്കു നേടാനായത്.
1991-ലാണ് കുട്ടികള്‍ വരച്ച കടുവയുടെ രൂപങ്ങള്‍ ലൈല തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്. ഇത് പിന്നീട് ഇവരുടെ ലോഗോയായി മാറി. ദേശീയോദ്യനത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇത് അധികം വൈകാതെ പ്രിയപ്പെട്ടതായി മാറി. ഇത് ആലേഖനം ചെയ്ത ഉല്‍പ്പന്നങ്ങള്‍ അവര്‍ വന്‍തോതില്‍ വാങ്ങി ഉപയോഗിച്ചു. പ്രദേശവാസികള്‍ ചെയ്തിരുന്ന മന്ദനയെന്ന കലയും ഇതോടെ പ്രശസ്തമായി. കളിമണ്‍പാത്ര നിര്‍മാണവും കൈകള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗും അവര്‍ പുനരവതരിപ്പിച്ചു. കുടില്‍പുര ഗ്രാമത്തില്‍ ഇതിന്റെ ഭാഗമായി ഒരു പ്രിന്റിംഗ് യൂണിറ്റ് തന്നെ സ്ത്രീകള്‍ സ്ഥാപിച്ചു. അവിടെ ബന്ധിനി ക്രാഫ്റ്റില്‍ പരിശീലനവും നല്‍കാന്‍ തുടങ്ങി. വിനോദ സഞ്ചാരികള്‍ക്കും മറ്റും കൗതുകമുണര്‍ത്തുന്ന തരത്തില്‍ കൈകളുപയോഗിച്ച് നിര്‍മിക്കുന്ന ശില്‍പ്പങ്ങളും മൃഗരൂപങ്ങളും ഉണ്ടാക്കാന്‍ കരകൗശല തൊഴിലാളികള്‍ക്കും പരിശീലനം നല്‍കി.
1993-ലാണ് രണ്‍ഥംഭോര്‍ ഫൗണ്ടേഷന്‍ ഇവര്‍ക്കായി കേന്ദ്ര എന്ന പേരില്‍ വിശാലമായ ഇടം അനുവദിച്ചുനല്‍കുന്നത്. ഉല്‍പ്പാദനകേന്ദ്രം, അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള സ്റ്റോര്‍, ഓഫീസ്, വിപണി കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, കൂട്ടായ ചര്‍ച്ചകള്‍ക്കായുള്ള വേദി എന്നിവയെല്ലാം കേന്ദ്രയില്‍ ക്രമീകരിച്ചുനല്‍കി. ഇന്ന് ജനറേറ്റര്‍, കംപ്യൂട്ടര്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓട്ടോമാറ്റിക് തയ്യല്‍ യന്ത്രങ്ങള്‍, തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. തുടക്കത്തില്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ വനിതകള്‍ മടിച്ചിരുന്നു. എന്നാലിപ്പോള്‍ അവര്‍ ഇവ വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്നു.

dastkar-ranthambore-1സാമൂഹികമായ മാറ്റങ്ങള്‍
ഗ്രാമീണ സമൂഹങ്ങള്‍ക്കിടയില്‍ വന്‍തോതിലുളള സാമൂഹിക മാറ്റങ്ങള്‍ക്കാണ് ഡസ്ത്കര്‍ രണ്‍ഥംഭോര്‍ വഴിവച്ചത്. വിദ്യാഭ്യാസം, വിവാഹം, ജാതി, സമൂഹം എന്നിവയെക്കുറിച്ചെല്ലാമുള്ള ഇവരുടെ കാഴ്ചപ്പാടുകള്‍ക്ക് കാര്യമായ മാറ്റംവന്നു. സ്ത്രീകളുടെ ജീവിത രീതിയിലും ജീവിത നിലവാരത്തിലും മാറ്റങ്ങളുണ്ടായി. അവര്‍ക്ക് സ്വന്തമായി ബാങ്ക് എക്കൗണ്ടുകളുണ്ടായി. ഗ്യാസ് സ്റ്റൗ ഉപയോഗിച്ചു തുടങ്ങി. ആണ്‍കുട്ടികളോടൊപ്പം തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തി
നും അവര്‍ പ്രാധാന്യം നല്‍കിത്തുടങ്ങി.
പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടായത്. ഇന്ന് ഗ്രാമത്തിലെ മിക്ക പെണ്‍കുട്ടികളും കോളെജില്‍ പോകുന്നു. 25 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് വളരെ അപൂര്‍വ സംഭവമായി മാറി. കുട്ടികള്‍ക്ക് നല്ല രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചുതുടങ്ങി. കുടുംബാസൂത്രണത്തിലും ഗ്രാമത്തിലെ ജനങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കിത്തുടങ്ങി. 1992-ല്‍ എട്ട് ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന ഡസ്ത്കര്‍ രണ്‍ഥംഭോര്‍ 2015-ല്‍ വിറ്റത് 80 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്. കാര്യമായ ഫണ്ടിംഗോ നിക്ഷേപമോ ഇല്ലാതെ തന്നെ അവരുടെ ലാഭം വന്‍തോതില്‍ വര്‍ധിച്ചു. 15 കരകൗശലപ്പണിക്കാര്‍മാത്രമുണ്ടായിരുന്ന ടീമില്‍ ഇന്ന് 350- ഓളം പേരുണ്ട്.

Comments

comments

Categories: FK Special