ഒലയും ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും സഹകരിക്കുന്നു

ഒലയും ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും സഹകരിക്കുന്നു

 

ബെംഗളൂരു: പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല ഡ്രൈവിംഗ് പരിശീലന പദ്ധതിക്കായി ദേശീയ നൈപുണ്യവികസന കോര്‍പ്പറേഷനു(എന്‍എസ്ഡിസി) മായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഒല സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളും എന്‍എസ്ഡിസി എംഡിയും സിഇഒയുമായ മനീഷ് കുമാറും തമ്മില്‍ ഇതു സംബന്ധിച്ച ധാരാണാപത്രം ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതു പ്രകാരം ഒലയും എന്‍എസ്ഡിസിയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ കണ്ടെത്തി അവര്‍ക്ക് ഡ്രൈവര്‍ സംരംഭകനാകാന്‍ പരിശീലനം നല്‍കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1,00,000 ഡ്രൈവര്‍മാര്‍ക്ക് നൈപുണ്യപരിശീലനം നല്‍കാനാണ് പദ്ധതി.വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ദശലക്ഷം ഡ്രൈവര്‍മാര്‍ എന്ന ഒലയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്.

തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് 1,00,000 ഡ്രൈവര്‍മാരെ കൂട്ടിച്ചേര്‍ക്കുന്നതിന് 100 കോടിയാണ് ഒല നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഗതാഗത മേഖല അതിവേഗതത്തിലുള്ള വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും ഇതിന് അനേകം ആളുകളെ പ്രോല്‍സാഹിപ്പിക്കാനും സ്വയം സംരംഭകരാകാന്‍ സഹായിക്കാനും കഴിയുമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ ലക്ഷക്കണത്തിന് ജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എന്‍എസ്ഡിസിയുമായി സഹകരിച്ച് പരിശീലന പദ്ധതി നടപ്പിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Entrepreneurship