സെല്‍ഫി സൗഹൃദ മേഖലയൊരുക്കി മാളുകളുടെ ബിസിനസ് തന്ത്രം

സെല്‍ഫി സൗഹൃദ മേഖലയൊരുക്കി മാളുകളുടെ ബിസിനസ് തന്ത്രം

 

ബെംഗളൂരു: ജനങ്ങളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന സെല്‍ഫി ഭ്രമം ഉപയോഗപ്പെടുത്തി പുതിയ ബിസിനസ് തന്ത്രം മെനയുകയാണ് രാജ്യത്തെ മാളുടമകള്‍. സെല്‍ഫി സൗഹൃദ മേഖല ഒരുക്കുന്നതിനു വേണ്ടി നിക്ഷേപം നടത്താനാണ് മാളുകളുടെ പദ്ധതി. ഒരു വര്‍ഷം മുന്‍പ് ഇനോര്‍ബിറ്റ് മാള്‍ എക്‌സ്‌ക്യൂട്ടീവ് ഡയറക്റ്ററായിരുന്ന രജ്‌നീഷ് മഹാജന്‍ ഷോപ്പിംഗിനോട് അമിതാസക്തിയുള്ള ആളുകളുടെ സെല്‍ഫി പ്രേമം കണ്ടെത്തുന്നതിന് ഒരു ശ്രമം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ സെല്‍ഫി ഭ്രമമെന്ന ആശയം ഉപയോഗിച്ച് മറ്റെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. മാളുകളില്‍ ഒരുക്കിയിട്ടുള്ള ഇത്തരം സെല്‍ഫി സൗഹൃദ മേഖലകളില്‍ നിന്നും ഫോട്ടോ എടുത്ത് അവ നവ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാളിന്റെ പ്രചാരം വര്‍ധിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി മുംബൈ, ബെംഗളൂരു ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇനോര്‍ബിറ്റ് മാളുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ഇത്തരത്തില്‍ സെല്‍ഫി എടുക്കാന്‍ യോജ്യമായ ഇടം മാളുകളിലൊരുക്കുന്നതിലൂടെ ബ്രാന്‍ഡുകള്‍ക്ക് പ്രചാരം ലഭിക്കുന്നതായുംം മാളുകളില്‍ കൂടുതല്‍ ആളുകളെ എത്തിക്കുന്നതിന് സഹായകമാകുന്നതായും റിസര്‍ച്ചുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് രജ്‌നീഷ് മഹാജന്‍ പറയുന്നു.

ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് ഡെല്‍ഹിയിലെ സിറ്റിവാക്ക് മാള്‍ രണ്ട് കോടി രൂപയോളമാണ് ചെലവഴിച്ചിരിക്കുന്നതെന്ന് സെല്‍ഫി പ്രേമികൂടിയായ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ യോഗേശ്വര്‍ ശര്‍മ പറയുന്നു. അടുത്ത വര്‍ഷം ഇതിലേക്കായി പത്ത് ശതമാനത്തിന്റെ അധിക നിക്ഷേപം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഷോപ്പിംഗ് അനുഭവത്തിനുമപ്പുറം ചില മനോഹരമായ നിമിഷങ്ങള്‍ കൂടി സമ്മാനിച്ച് കൂടുതല്‍ ആളുകളെ മാളുകളിലേക്കെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Trending