നാപ്പോളിയുടെ ഗോളടി യന്ത്രമായി ഡ്രീസ് മെര്‍ട്ടന്‍സ്

നാപ്പോളിയുടെ ഗോളടി യന്ത്രമായി ഡ്രീസ് മെര്‍ട്ടന്‍സ്

 

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ 1974ന് ശേഷം ആദ്യമായി തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഹാട്രിക് ഗോളുകള്‍ സ്വന്തമാക്കുന്ന കളിക്കാരനായി നാപ്പോളി ക്ലബിന്റെ താരം ഡ്രീസ് മെര്‍ട്ടന്‍സ് മാറി. ഏഴ് ദിവസത്തിനിടെ രണ്ട് ഹാട്രിക്കുകളിലൂടെ ഏഴ് ഗോളുകളാണ് ബെന്‍ജിയം ഫുട്‌ബോള്‍ താരമായ ഡ്രീസ് മെര്‍ട്ടന്‍സ് സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ടോറിനോയ്‌ക്കെതിരായ മത്സരത്തില്‍ നാല് ഗോളുകളായിരുന്നു ഡ്രീസ് മെര്‍ട്ടന്‍സിന്റെ സമ്പാദ്യം. മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ടോറിനോയെ നാപ്പോളി തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച കാഗ്‌ലിയാരിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കളിയിലായിരുന്നു നാപ്പോളിക്ക് വേണ്ടി ഡ്രീസ് മെര്‍ട്ടന്‍സിന്റെ മറ്റൊരു ഹാട്രിക് നേട്ടം.

ഇറ്റാലിയന്‍ സീരി എയിലെ മറ്റ് മത്സരങ്ങളില്‍ ഇന്റര്‍മിലാന്‍, പാലെര്‍മോ, ലാസിയോ, ഉദിനെസെ, ബൊലോഗ്ന, ചീവോ ടീമുകളും വിജയിച്ചു. ഇന്റര്‍മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് സസോലോയെയും പാലെര്‍മോ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജെനോവയെയും ലാസിയോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫിയോറന്റീനയെയുമാണ് പരാജയപ്പെടുത്തിയത്.

അതേസമയം, ഉദിനെസെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രോട്ടനെയും ബൊലോഗ്ന ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പെസ്‌കാരയെയും മറി കടന്നപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സാംഡോറിയക്കെതിരെയായിരുന്നു ചീവോയുടെ വിജയം. ഇറ്റാലിയന്‍ സീരി എ പോയിന്റ് പട്ടികയില്‍, ടോറിനോയ്‌ക്കെതിരായ വിജയത്തോടെ നാപ്പോളി 34 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

ഫിയോറന്റീനയ്‌ക്കെതിരെ ഹോം ഗ്രൗണ്ട് വിജയം നേടിയ ലാസിയോയും 34 പോയിന്റുമായി നാപ്പോളിക്ക് തൊട്ടുപിന്നിലുണ്ട്. പതിനേഴ് മത്സരങ്ങളില്‍ നിന്നും 42 പോയിന്റുള്ള യുവന്റസാണ് ലീഗില്‍ ഒന്നാമത്. ഇത്രയും കളികളില്‍ നിന്നും 35 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള എഎസ് റോമയ്ക്കാണ് നാപ്പോളിയും ലാസിയോയും ഭീഷണിയായിരിക്കുന്നത്.

Comments

comments

Categories: Sports