ഐസിസ് ആക്രമണം: ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി

ഐസിസ് ആക്രമണം: ബെര്‍ലിനില്‍  ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി

 

ബെര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയിലേക്കു തിങ്കളാഴ്ച രാത്രി ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്നു 12 പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ ആക്രമണമെന്നാണു നിഗമനം.
പോളിഷ് നിര്‍മാണ കമ്പനിയില്‍നിന്നും മോഷ്ടിച്ചെടുത്ത ട്രക്കാണിതെന്നു പൊലീസ് പറഞ്ഞു. ട്രക്കിനുള്ളില്‍ പോളിഷ് വംശജനായ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളല്ല ട്രക്ക് ഓടിച്ച് ദുരന്തമുണ്ടാക്കിയതെന്നു കരുതുന്നുണ്ട്. അതേസമയം മോഷ്ടിച്ചെടുത്ത ട്രക്കിന്റെ ഡ്രൈവറെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ കാണാതായിട്ടുമുണ്ട്.
സംഭവത്തെത്തുടര്‍ന്നു ഒരാളെ അപകടം നടന്നതിനു രണ്ട് കിലോമീറ്ററകലെ നിന്നും കസ്റ്റഡിയിലെടുത്തതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ജര്‍മനിയില്‍ ഈ വര്‍ഷം ഫെബ്രുവരിയിലെത്തിയതാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ അഫ്ഗാന്‍, പാക് പൗരനാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഈ വര്‍ഷം ജുലൈ 14നു ഫ്രാന്‍സില്‍ ദേശീയ ദിനം ആചരിക്കവേ, നീസ എന്ന ഫ്രാന്‍സിലെ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 86 പേരെ കൊലപ്പെടുത്തുകയുണ്ടായി. 430ാളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാതൃകയിലാണു ബെര്‍ലിനിലും അപകടമുണ്ടാക്കിയത്. ഫ്രാന്‍സിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
ബെര്‍ലിനില്‍ ദുരന്തമുണ്ടായത് പ്രമുഖ ക്രിസ്ത്യന്‍ പള്ളിക്കു സമീപമാണ്. ഈ പള്ളി 1891-95 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ്. സംഭവത്തെ നിരവധി ലോക നേതാക്കള്‍ അപലപിച്ചു. ഭയപ്പെടുത്തുന്ന തീവ്രവാദ ആക്രമണമെന്നു യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത് ക്രിസ്ത്യാനികള്‍ക്കു അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ഐഎസും സമാന ഇസ്ലാമിക തീവ്രവാദികളും നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയാണെന്ന് ട്രംപ് പറഞ്ഞു.

Comments

comments

Categories: Slider, World