ഇന്ത്യയില്‍ നിര്‍മിച്ച മൊബീല്‍ ഭാഗങ്ങള്‍ക്ക് കുറഞ്ഞ നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ

ഇന്ത്യയില്‍ നിര്‍മിച്ച മൊബീല്‍ ഭാഗങ്ങള്‍ക്ക് കുറഞ്ഞ നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ

 

ന്യൂഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ നിര്‍മിച്ച മൊബീല്‍ ഘടകവസ്തുക്കള്‍ക്ക് വരുന്ന കേന്ദ്ര ബജറ്റില്‍ കുറഞ്ഞ നികുതി ഏര്‍പ്പെടുത്തണമെന്ന് മൊബീല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ആഭ്യന്തര കമ്പനികള്‍ക്കും ഇത് ഗുണം ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കീപാഡ്, യുഎസ്ബി കേബിള്‍, മൈക്ക്, റിസീവര്‍, നിര്‍മാണത്തിനുപയോഗിക്കുന്ന ലോഹം, പ്ലാസ്റ്റിക് ഭാഗങ്ങള്‍ എന്നിവയ്ക്കാണ് കമ്പനികള്‍ കുറഞ്ഞ നികുതി ആവശ്യപ്പെട്ടത്. മൊബീല്‍ ഫോണ്‍, ചാര്‍ജറുകള്‍, ബാറ്ററികള്‍, ഹെഡ്‌സെറ്റുകള്‍ എന്നിവയുടെ നിര്‍മാണത്തിനായി ഇതേ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വലിയ നികുതിയാണ് ചുമത്തുന്നത്. ഉപകരണ ഭാഗങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനമാണ് ഈ വ്യവസായ രംഗത്തെ പ്രധാന പരിവര്‍ത്തനമെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ (ഐസിഎ) ചൂണ്ടിക്കാട്ടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പ്രക്രിയ ജിഎസ്ടി സംവിധാനത്തിലും അല്ലലില്ലാതെ തുടരുന്നത് ഉല്‍പ്പാദന ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമാണ് -അവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ നികുതി പരിഷ്‌കരണം നടപ്പിലാക്കിയാല്‍ ആഗോള മൊബീല്‍ ഫോണ്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും കയറ്റുമതി കൂടുന്നതിനും ഒരുപോലെ ഗുണം ചെയ്യും.

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മുന്തിയ പരിഗണന മൊബീല്‍ ഫോണുകള്‍ക്കാണ്. ആഭ്യന്തരമായി നിര്‍മിച്ച 54,000 കോടി രൂപ മൂല്യമുള്ള മൊബീല്‍ ഫോണുകളാണ് ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റുപോയത്. ഈ സാമ്പത്തിക വര്‍ഷം ഇത് 94,000 കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മൊബീല്‍ ഫോണുകളുടെ ഇറക്കുമതി 30 ശതമാനം വരെ ഇടിഞ്ഞ് 40,000 കോടി രൂപയിലെത്തുമെന്ന് ഐസിഎ കണക്കു കൂട്ടുന്നു. 2020 ആകുമ്പോഴേക്കും മൊബീല്‍ ഫോണ്‍ വ്യവസായം 1.5 മില്ല്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഇത് 5.8 മില്ല്യണായി ഉയരുമെന്നും അവര്‍ വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തരമായി നിര്‍മിച്ച മൊബീല്‍ ഫോണുകള്‍ക്ക് ഒരു ശതമാനം എക്‌സൈസ് നികുതിയുള്ളപ്പോള്‍ ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ക്ക് 12.5 ശതമാനമാണ്. ഇത് ആഭ്യന്തര ഉല്‍പ്പന്നങ്ങളില്‍ 11.5 ശതമാനത്തിന്റെ വരെ കുറവ് രേഖപ്പെടുത്തുന്നു. ഇതേ വ്യത്യാസം ചാര്‍ജ്ജറുകള്‍, ബാറ്ററി, ഹെഡ്‌സെറ്റ് എന്നിവയ്ക്കും 2016ലെ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy