ഗെറ്റ്മിഎഷോപ്പ് പേപാലുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

ഗെറ്റ്മിഎഷോപ്പ് പേപാലുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

 

ന്യൂഡെല്‍ഹി: ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഗെറ്റ്മിഎഷോപ്പ് പേപാലുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നം ഓണ്‍ലൈന്‍ പേയ്‌മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ അന്തര്‍ദേശീയ വിപണിയില്‍ വിറ്റഴിക്കുവാന്‍ സാഹായിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്ന് ഇരുകമ്പനികളും അറിയിച്ചു.

ടൈംസ് ഇന്റര്‍നെറ്റ് പിന്തുണയ്ക്കുന്ന കമ്പനിയാണ് ഗെറ്റ്മിഎഷോപ്പ്. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിക്കുന്നതിന് സഹായിക്കുന്നതിനായി 360 ഡിഗ്രി പ്ലാറ്റ്‌ഫോമും കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. നിലവില്‍ ഗെറ്റ്മിഎഷോപ്പിന് 8000ത്തില്‍ അധികം രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ ഉണ്ട്. 30 ശതമാനത്തില്‍ അധികം ഗെറ്റ്മിഎഷോപ്പ് വ്യാപാരികളും അന്തര്‍ദേശീയ തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അടുത്തിടെ നടത്തിയ ആഭ്യന്തര സര്‍വേ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു.

ഇതിന്റെ ഫലമാണ് പേപാലുമായുള്ള സഹകരണ തീരുമാനം.
ഞങ്ങളുടെ ഒമ്‌നിചാനല്‍ ടെക്‌നോളജി സംവിധാനം ഓഫ്‌ലൈനിലും ഓണ്‍ലൈനിലും തടസ്സമൊന്നും ഇല്ലാതെ വ്യാപാരം നടത്തുവാന്‍ വ്യാപാരികളെ സഹായിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് ലോക വിപണിയിലേക്കുള്ള വഴി തുറക്കുകയാണ്-ഗെറ്റ്മിഎഷോപ്പ് സ്ഥാപകനും ബിസിനസ് വിഭാഗം തലവനുമായ പുഷ്‌കല്‍ ശ്രീവാസ്തവ പറഞ്ഞു.

പേമെന്റുകള്‍ സുരക്ഷിതമാക്കുന്നതിനൊപ്പം വ്യാപാരികളുടെ ഓണ്‍ലൈന്‍ വില്‍പ്പനയെ സംരക്ഷിക്കുന്നതിനായി പേപാല്‍ സെല്ലര്‍ പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട.് ക്ലെയിംസും ചാര്‍ജ്ബാക്കും കുറച്ച് വ്യാപാര മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആഗോള വിപണിയിലേക്ക് ഇറങ്ങുന്ന ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്.

ചെറുകിട വ്യാപാരികള്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരമൊരുക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഗെറ്റ്മിഎഷോപ്പുമായുള്ള പുതിയ സഹകരണം സഹായകമാകും-പേപാലിന്റെ ചെറുകിട, ഇടത്തരം ബിസിനസ് വിഭാഗം തലവനായ ഹിമാന്‍ഷു രാജ്പാല്‍ പറഞ്ഞു.

Comments

comments

Categories: Branding