വാട്ട്‌സാപ്പുമായുള്ള ലയനം: ഫേസ്ബുക്ക് തെറ്റിദ്ധരിപ്പിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍

വാട്ട്‌സാപ്പുമായുള്ള ലയനം:  ഫേസ്ബുക്ക് തെറ്റിദ്ധരിപ്പിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍

 

ലണ്ടന്‍ : മൊബീല്‍ മെസ്സേജിംഗ് ആപ്പായ വാട്ട്‌സാപ്പിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഫേസ്ബുക്ക് തെറ്റായ വിവരം നല്‍കിയതായി യൂറോപ്യന്‍ കമ്മീഷന്‍. ഇത് തെളിയിക്കപ്പെട്ടാല്‍ ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്ത വര്‍ഷമായ 2014ലെ ആഗോള വരുമാനത്തിന്റെ ഒരു ശതമാനം വരെ (അന്ന് 10 ബില്യണ്‍ ഡോളര്‍) പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലയനവും ഏറ്റെടുക്കലും സംബന്ധിച്ച് ഫലപ്രദമായ അവലോകനം നടത്തുന്നതിന് ബന്ധപ്പെട്ട കമ്പനികള്‍ കൃത്യമായ വിവരം നല്‍കേണ്ടതുണ്ട്. എന്നാല്‍ വാട്ട്‌സാപ്പിനെ ഏറ്റെടുത്ത കാര്യത്തില്‍ ഫേസ്ബുക്ക് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് യൂറോപ്യന്‍ കോംപിറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗ്രെത് വെസ്റ്റാഗെര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചില ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുന്ന തരത്തില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ വാട്ട്‌സാപ്പ് പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ അന്വേഷണമാരംഭിച്ചത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ഇപ്പോഴത്തെ പ്രസ്താവന 2014 ലെ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലിന് നല്‍കിയ അനുമതിയെ ബാധിക്കില്ല.

ലയനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളില്‍ കമ്പനികള്‍ കമ്മീഷന് കൃത്യമായ വിവരം സമര്‍പ്പിക്കണമെന്ന് മാര്‍ഗ്രെത് വെസ്റ്റാഗെര്‍ ആവര്‍ത്തിച്ചു. ഈ പ്രതിബദ്ധത കമ്പനികള്‍ ഗൗരവമായെടുക്കണമെന്നും അവര്‍ പറഞ്ഞു.

Comments

comments

Categories: Branding