എവര്‍ട്ടണിനെതിരെ ലിവര്‍പൂളിന് ജയം

എവര്‍ട്ടണിനെതിരെ ലിവര്‍പൂളിന് ജയം

 

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എവര്‍ട്ടണിനെതിരെ ലിവര്‍പൂളിന് ജയം. എവര്‍ട്ടണിന്റെ തട്ടകമായ ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ ആതിഥേയരെ തകര്‍ത്തത്. മത്സരത്തിന്റെ അധിക സമയത്ത് സെനഗല്‍ താരമായ സാദിയോ മനെയാണ് ലിവര്‍പൂളിന് വേണ്ടി വിജയ ഗോള്‍ സ്വന്തമാക്കിയത്.

ലിവര്‍പൂളിന്റെ ഇംഗ്ലീഷ് താരമായ ഡാനിയല്‍ സ്റ്ററിഡ്ജ് തൊടുത്ത ഷോട്ട് എവര്‍ട്ടണിന്റെ പോസ്റ്റില്‍ തട്ടി മടങ്ങിയെത്തിയപ്പോള്‍ സാദിയോ മനെ കൃത്യമായി പന്ത് എതിര്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എവര്‍ട്ടണിനെതിരായ ജയത്തോടെ, ബോണ്‍മൗത്തിനെതിരായ കഴിഞ്ഞ മത്സരത്തിലെ 4-3ന്റെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും കരകയറാനും ലിവര്‍പൂളിന് സാധിച്ചു.

മത്സരത്തില്‍, യൂര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ ലിവര്‍പൂള്‍ 4-3-3 എന്ന ശൈലിയാണ് സ്വീകരിച്ചത്. അതേസമയം, റൊണാള്‍ഡ് കോമാന്റെ എവര്‍ട്ടണ്‍ 4-2-3-1 ഫോര്‍മാറ്റിലാണ് പന്ത് തട്ടിയത്. എവര്‍ട്ടണിനെതിരായ വിജയത്തോടെ പതിനേഴ് മത്സരങ്ങളില്‍ നിന്നും മുപ്പത്തേഴ് പോയിന്റായ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കരുത്തന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചു. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയര്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ലെറോയ് സെയ്ന്‍, റഹീം സ്‌റ്റെര്‍ലിംഗ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ ഇംഗ്ലണ്ട് താരം തിയോ വാല്‍ക്കോട്ടിലൂടെ ആഴ്‌സീന്‍ വെംഗറുടെ പരിശീലനത്തില്‍ കീഴിലിറങ്ങിയ ആഴ്‌സണലാണ് മുന്നിലെത്തിയത്. എന്നാല്‍ 47, 71 മിനുറ്റുകളില്‍ യഥാക്രമം ജര്‍മനിയുടെ ലെറോയ് സെയ്ന്‍, ഇംഗ്ലീഷ് താരം ജെറോം സ്‌റ്റെര്‍ലിഗ് എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി പെപ് ഗ്വാര്‍ഡിയോള പരിശീലകനായ മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുവദിക്കപ്പെട്ടത് ഓഫ് സൈഡ് ഗോളുകളായിരുന്നുവെന്ന് കളി നിയന്ത്രിച്ച റഫറിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ആഴ്‌സണല്‍ പരിശീലകനായ ആഴ്‌സീന്‍ വെംഗര്‍ രംഗത്തെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയെ പെപ് ഗ്വാര്‍ഡിയോള 4-3-3 ശൈലിയില്‍ മൈതാനത്തിറക്കിയപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ആഴ്‌സണല്‍ പന്ത് തട്ടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറും സതാപ്ടണും വിജയിച്ചു. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ബേണ്‍ലിയെയും സതാംപ്ടണ്‍ ബോണ്‍മൗത്തിനെയുമാണ് പരാജയപ്പെടുത്തിയത്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ഒരു ഗോളിന് പകരം മൂന്ന് ഗോളുകളുടെ മറുപടി നല്‍കിയായിരുന്നു സതാംപ്ടണിന്റെ ജയം.

ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹാര്‍ട്ട് ലെയ്‌നില്‍ നടന്ന കൡയുടെ 21-ാം മിനുറ്റില്‍ ആഷ്‌ലി ബാര്‍നെസിലൂടെ ആദ്യം മുന്നിലെത്തിയത് ബേണ്‍ലിയായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് താരങ്ങളായ ഡെലെ അല്ലിയും ഡാനി റോസും യഥാക്രമം 27, 71 മിനുറ്റുകളിലെ ഗോളുകളിലൂടെ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.

ടോട്ടന്‍ഹാം ഹാം ഹോട്‌സ്പര്‍ 4-2-3-1 ഫോര്‍മാറ്റില്‍ പന്ത് തട്ടിയപ്പോള്‍ 4-4-2 ശൈലിയിലാണ് ബേണ്‍ലി കളത്തിലിറങ്ങിയത്. ബേണ്‍ലിക്കെതിരായ മത്സര വിജയത്തോടെ പതിനേഴ് കളികളില്‍ നിന്നും 33 പോയിന്റായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. പോയിന്റ് നിലയില്‍ ബേണ്‍ലി പതിനാറാം സ്ഥാനത്താണ്.

സതാംപ്ടണിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാഥന്‍ ആക്കെയിലൂടെ ആതിഥേയരായ ബോണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ റയാന്‍ ബെര്‍ട്രാന്‍ഡ് സതാംപ്ടണിനെ ഒപ്പമെത്തിച്ചു. പിന്നീട് ജേ റോഡ്രിഗസിന്റെ ഇരട്ട ഗോളുകള്‍ കൂടി വന്നതോടെ സതാംപ്ടണ്‍ ബോണ്‍മൗത്തിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അന്റോണിയോ കോന്റെ പരിശീലകനായ ചെല്‍സിയാണ് ഒന്നാമത്. പതിനേഴ് കളികളില്‍ നിന്നും ചെല്‍സിക്ക് 43 പോയിന്റാണുള്ളത്. ആഴ്‌സണലിനെതിരായ മത്സര വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്കും കയറി. പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 36 പോയിന്റായി.

മുപ്പത്തിനാല് പോയിന്റുള്ള ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ലീഗിലെ മറ്റൊരു കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 30 പോയിന്റാണ് ഹോസെ മൗറീഞ്ഞോ പരിശീലകനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. 23 പോയിന്റുമായി എവര്‍ട്ടണ്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാമതാണ്.

Comments

comments

Categories: Sports