തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നിലപാട്

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നിലപാട്

 

കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് നോട്ട് അസാധുവാക്കല്‍ നയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നത്. ഭരണ സംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും സുതാര്യവും ജനസൗഹൃദമാക്കാനും ഇത് ഉപകരിക്കുമെന്നാണ് അവരുടെ വാദം. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം ശുദ്ധീകരിക്കപ്പെടാനുള്ള കാര്യങ്ങളൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആവശ്യം പാര്‍ട്ടികളെക്കൂടി ഇതിലേക്ക് കൊണ്ടുവരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ 2000 രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ കൃത്യമായ രേഖ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് വ്യാപകമാകുന്നതു തടയാന്‍ 2000ത്തിനു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ നിരോധിക്കേണ്ടത് അനിവാര്യമാണെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 29 സി പ്രകാരം 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന സംബന്ധിച്ചുള്ളത്. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ട ഓരോ വീട്ടുപടിക്കലേക്കും എത്തിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളോട് ചേര്‍ന്ന് പോകുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിംഗില്‍ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരുന്നതിനാകണം നരേന്ദ്ര മോദി ഇനി ശ്രമിക്കേണ്ടത്. ഇതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കുന്ന നടപടികളായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് കാലാകാലങ്ങളായി ഉണ്ടായിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന അജ്ഞാത സംഭാവനകള്‍ നിരോധിക്കുകയോ അവയെല്ലാം ഡിജിറ്റല്‍ ആക്കുകയോ ചെയ്യാനുള്ള സംവിധാനങ്ങള്‍ നരേന്ദ്ര മോദി നടപ്പില്‍ വരുത്തണം. സിസ്റ്റം മുഴുവന്‍ ശരിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ ഒരിക്കലും മാറ്റി നിര്‍ത്തരുത്.

Comments

comments

Categories: Editorial