വൈകാതെ നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകണം

വൈകാതെ നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകണം

 
പുതുവര്‍ഷം തുടങ്ങുമ്പോഴും നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ഉറപ്പാണ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബര്‍ എട്ടിലെ പ്രഖ്യാപനത്തെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമായാണ് മോദി അനുകൂലികള്‍ വിശേഷിപ്പിച്ചതെങ്കിലും സാധാരണ ജനങ്ങള്‍ക്ക് വറുതിയാണ് സമ്മാനിച്ചത്. നോട്ട് അസാധുവാക്കല്‍ നയം തികഞ്ഞ ആസൂത്രണത്തോടെയാണ് നടപ്പാക്കിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ അത്തരത്തിലുളള സൂചനകളായിരുന്നില്ല നല്‍കിയത്. 100 രൂപ നോട്ടുകളുടെ വരെ ക്ഷാമം നേരിട്ട് ജനം നട്ടം തിരിയുന്ന അവസ്ഥയായിരുന്നു രാജ്യത്തിന്റെ അങ്ങോളമിങ്ങോളം കണ്ടത്. ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടായെങ്കിലും സാധാരണക്കാരുടെ ദുരിതത്തിന് അറുതി വരുത്താന്‍ അതിനു സാധിച്ചില്ല. പലയിടങ്ങളിലും നീണ്ട ക്യൂവില്‍ നിന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ നോട്ട് കൈയിലില്ലാതയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാഷാകുലരായ ജനം സ്വന്തം പണം ലഭിക്കാതെ പലയിടങ്ങളിലും ബാങ്കുകള്‍ക്ക് നേരെ ആക്രമണം നടത്തിയതുമെല്ലാം വലിയ വാര്‍ത്തയായി.

നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ വലിയ അയവ് വന്നിട്ടില്ല. പുതുവര്‍ഷം തുടങ്ങുമ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടി, ചുരുങ്ങിയത് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആകുമ്പോഴെങ്കിലും നോട്ട് പ്രതിസന്ധി പരിഹരിക്കപ്പെടണം.
രാവും പകലുമില്ലാതെയാണ് രാജ്യത്തെ സെക്യൂരിറ്റി പ്രസുകളില്‍ നോട്ട് അച്ചടിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ അസാധുവാക്കിയ നോട്ടിന്റെ 50 ശതമാനം വിതരണത്തിനെത്തുമെന്നാണ് അടുത്തിടെ എസ്ബിഐ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഫെബ്രുവരി അവാസനത്തോടെ അസാധുവാക്കിയ മുഴുവന്‍ നോട്ടുകള്‍ക്ക് പകരമുള്ള പുതിയ നോട്ടുകള്‍ വിതരണത്തിനെത്തുമെന്നാണ് പഠനം വിലയിരുത്തുന്നത്. കാര്‍ഷിക മേഖലയെപ്പോലുള്ളവ അതിരൂക്ഷമായ പ്രതിസന്ധിയാണ് നോട്ട് അസാധുവാക്കലില്‍ നേരിടുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ഇതിന് അറുതി വരൂ.

Comments

comments

Categories: Editorial