കാഷ്‌ലെസ് ഇക്കോണമി: ഡിജിറ്റല്‍ ഇടപാടുകളുടെ നിരക്ക് കുറയ്ക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതി

കാഷ്‌ലെസ് ഇക്കോണമി:  ഡിജിറ്റല്‍ ഇടപാടുകളുടെ നിരക്ക് കുറയ്ക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതി

 
ന്യൂഡെല്‍ഹി: ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരമുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ നിതി ആയോഗ് രൂപീകരിച്ച മുഖ്യമന്ത്രിമാരുടെ സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സമിതിയിലെ സാങ്കേതികരംഗത്തു നിന്നുള്ള പ്രതിനിധി നന്ദന്‍ നിലേക്കനി അവതരിപ്പിച്ച നിര്‍ദേശം അംഗീകരിക്കപ്പെടുകയായിരുന്നു.
നൂറ് രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന ബാങ്ക് നിരക്ക് (എംഡിആര്‍) മുപ്പത് പൈസയായും 2,000ത്തിനു മുകളില്‍ നടക്കുന്ന ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് പരമാവധി പത്ത് രൂപ ഈടാക്കാനുമാണ് സമിതി നിര്‍ദേശിക്കുന്നത്. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും സമിതി വ്യക്തമാക്കുന്നു.

2,000 രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 0.75 ശതമാനവും 2,000 രൂപയ്ക്ക് മുകളില്‍ വരുന്ന ഇടപാടുകള്‍ക്ക് ഒരു ശതമാനവുമാണ് 2012ല്‍ ആര്‍ബിഐ എംഡിആര്‍ നിശ്ചയിച്ചിരുന്നത്. ഇടപാടുകളുടെ എണ്ണം കൂടുന്നതിലൂടെ എംഡിആര്‍ വരുമാനം നാലുമടങ്ങ് വര്‍ധിക്കുമെന്നാണ് ചന്ദ്രബാബു നായിഡു സമിതി വിലയിരുത്തുന്നത്.

ഇടപാട് മൂല്യം പുനര്‍ നിര്‍ണയിക്കാന്‍ നന്ദന്‍ നിലേക്കനിയോട് സമിതി ആവശ്യപ്പെട്ടിരുന്നു. നിലേക്കനി സമര്‍പ്പിച്ച നിരക്ക് ഘടനയനുസരിച്ച് 100 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനവും, കൂടിയ തുകയുടെ ഇടപാടുകള്‍ക്ക് 10 രൂപയുമാണ് നിരക്ക് നിര്‍ദേശിച്ചിരിക്കുന്നത്. യുപിഐ വഴിയുള്ള പേമെന്റുകള്‍ക്ക് ആറ് രൂപ, മൈക്രോ എടിഎം ഇടപാടുകള്‍ക്ക് 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ എന്നിങ്ങനെ ഈടാക്കാനാണ് നിലേക്കനിയുടെ നിര്‍ദേശം. ഇതിനു പുറമെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് രണ്ട് ശതമാനം നിരക്ക് ഈടാക്കാനും കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories