ടാറ്റ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡ് തലത്തില്‍ അഴിച്ചുപണി വേണമെന്ന് സൈറസ് മിസ്ട്രി

ടാറ്റ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡ് തലത്തില്‍ അഴിച്ചുപണി വേണമെന്ന് സൈറസ് മിസ്ട്രി

മുംബൈ : ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ അടുത്തുവരുന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗുകളില്‍ മത്സരിക്കില്ലെന്ന് സൈറസ് മിസ്ട്രി. താന്‍ ഡയറക്റ്ററായ എല്ലാ ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍നിന്ന് പടിയിറങ്ങാനും മിസ്ട്രി തീരുമാനിച്ചു. ടാറ്റ സണ്‍സുമായി രണ്ട് മാസത്തോളമായി നിലനില്‍ക്കുന്ന ‘യുദ്ധം’ പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് സൈറസ് മിസ്ട്രിയുടെ തീരുമാനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ടാറ്റ സണ്‍സിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സൈറസ് മിസ്ട്രി ഒരുങ്ങുന്നതായാണ് സൂചന. ഓഹരി ഉടമകള്‍ നേരിടുന്ന അനിശ്ചിതാവസ്ഥ പരിഗണിച്ചാണ് പുറത്തുപോകാന്‍ തീരുമാനിച്ചതെന്ന് സൈറസ് മിസ്ട്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തോളമായി ടാറ്റ സണ്‍സിന്റെ ഭാഗത്തുനിന്ന് മോശം അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. ഇനി മുതല്‍ ടാറ്റ സണ്‍സിനെതിരായ നീക്കങ്ങള്‍ നടത്തുന്നതിന് നിയമ നടപടികളുടെ പ്ലാറ്റ്‌ഫോമിലേക്ക് മാറേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി ടാറ്റ സണ്‍സില്‍ വലിയ അനിശ്ചിതാവസ്ഥയാണ് നിഴലിക്കുന്നതെന്നും മിസ്ട്രി പറഞ്ഞു.

മാറ്റത്തിന് വേണ്ടിയുള്ള സംഭാഷണങ്ങള്‍ തുടരാന്‍ കഴിയുകയെന്നതാണ് ടാറ്റ ഗ്രൂപ്പ് ഇതുവരെ കൈവരിച്ച നേട്ടമെന്നും എക്‌സ്ട്രാ ഓര്‍ഡിനറി മീറ്റിംഗുകളില്‍ താന്‍ പങ്കെടുക്കുന്നത് ടാറ്റ സണ്‍സിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്നും സൈറസ് മിസ്ട്രി വ്യക്തമാക്കി. ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക് താന്‍ എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നല്‍കിയെന്നാണ് ചരിത്രം തെളിയിക്കുന്നത്. നിയമനടപടികളെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കാത്തിരുന്ന് കാണാമെന്നും സൈറസ് മിസ്ട്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories