ജൈവസാങ്കേതികവിദ്യയില്‍ കൂടുതല്‍ നിക്ഷേപം വേണം: ഡോ. സുരേഷ്ദാസ്

ജൈവസാങ്കേതികവിദ്യയില്‍ കൂടുതല്‍ നിക്ഷേപം വേണം: ഡോ. സുരേഷ്ദാസ്

കൊച്ചി: പ്രമേഹം, കാന്‍സര്‍, ഹൃദയസംബന്ധമായരോഗങ്ങള്‍ എന്നീ ജീവിതശൈലിരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും നൂതന ജൈവസാങ്കേതിക ഇടപെടലുകള്‍ ഈ മേഖലയില്‍ അനിവാര്യമാണെന്നും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മേധാവി ഡോ. സുരേഷ്ദാസ ്പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ ധാരാളിത്തമുണ്ടെങ്കിലും ജൈവസാങ്കേതികവിദ്യയില്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണെന്നും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജിവകുപ്പ് സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നു നടത്തുന്ന ത്രിദിന അന്തര്‍ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ.സി.എസ്.പൗലോസ് ഗവേഷണപുരസ്‌കാരം അദ്ദേഹത്തിനെ പത്‌നി ഡോ. സാന്‍ഡി പൗലോസിന്റെ സാന്നിദ്ധ്യത്തില്‍ സിംഗപ്പൂര്‍ സര്‍വ്വകലാശാലയിലെ ഡോ.സൂങ്ക്ടക്‌വായ്ക്ക് സമ്മാനിച്ചു. വൈസ്ചാന്‍സലര്‍ ഡോ. ജെ.ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ബയോടെക് മേധാവി ഡോ. സരിതാജി. ഭട്ട്, സിന്‍ഡിക്കേറ്റ് അംഗം ഡോ. എം.കെ. ജയരാജ്, സിങ്കപ്പൂര്‍ സര്‍വ്വകലാശാലയിലെ ഡോ. സജികുമാര്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

സമുദ്രം, സൂക്ഷ്മാണുക്കള്‍, വ്യവസായികം, വൈദ്യം, നാനോ, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ജൈവസാങ്കേതികവിദ്യ നല്‍കുന്ന സംഭാവനകളെക്കുറിച്ചുള്ള സെഷനുകളുമുണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ ഡോ. അജിത്‌വെങ്ങല്ലൂര്‍ അറിയിച്ചു.

Comments

comments

Categories: Life