ബയണ്‍ മ്യൂണിക്കും ആര്‍ബി ലീപ്‌സിഗും ഒപ്പത്തിനൊപ്പം

ബയണ്‍ മ്യൂണിക്കും ആര്‍ബി ലീപ്‌സിഗും ഒപ്പത്തിനൊപ്പം

 

മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗയില്‍ ബയണ്‍ മ്യൂണിക്കും ആര്‍ബി ലീപ്‌സിഗും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റം തുടരുന്നു. സീസണിലെ പോയിന്റ് നിലയില്‍ ഇതുവരെ ഇരു ടീമുകളും മാറിമാറിയാണ് ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്‌വി ഡാംസ്റ്റാഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടിയ ബയണ്‍ മ്യൂണിക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

ബയണ്‍ മ്യൂണിക്കിന് പതിനഞ്ച് കളികളില്‍ നിന്നും 36 പോയിന്റാണഉള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും ആര്‍ബി ലീപ്‌സിഗിനും 36 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയിലാണ് ബയണ്‍ മ്യൂണിക് മുന്നിലെത്തിയത്. ഡാംസ്റ്റാഡിനെതിരെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ നേടിയ ഗോളിലൂടെയായിരുന്നു ബുന്ദസ് ലിഗ ചാമ്പ്യന്മാര്‍ മുന്നേറിയത്.

ഇരുപത്തഞ്ച് വാര അകലെ നിന്നായിരുന്നു ഡഗ്ലസ് കോസ്റ്റയുടെ ബയണ്‍ മ്യൂണിക്കിന് വേണ്ടിയുള്ള ഗോള്‍. ബുന്ദസ് ലിഗ സീസണില്‍ ബ്രസീലിയന്‍ താരത്തിന്റെ മൂന്നാം ഗോള്‍ കൂടിയായിരുന്നു ഇത്. അതേസമയം, ലീഗില്‍ ഏറ്റവും പിന്നിലുള്ള ഡാംസ്റ്റാഡിനെതിരെ ഒരു ഗോള്‍ മാത്രം നേടാനായത് കാര്‍ലോ ആന്‍സലോട്ടിയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ ബയണ്‍ മ്യൂണിക്കിനേറ്റ തിരിച്ചടിയാണ്

ഡാംസ്റ്റാഡിനെതിരായ മത്സരത്തില്‍ 79 ശതമാനം ബോള്‍ പൊസഷനുണ്ടായിരുന്നിട്ടും വെറും പതിമൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഗോള്‍വല ലക്ഷ്യമാക്കി തൊടുക്കാന്‍ ബയണ്‍ മ്യൂണിക്കിന് സാധിച്ചുള്ളൂ. ബുന്ദസ് ലിഗയില്‍ എട്ട് പോയിന്റ് മാത്രമാണ് ഡാംസ്റ്റാഡിനുള്ളത്. ലീഗില്‍ ഡാംസ്റ്റാഡിന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വിയായിരുന്നു ബയണ്‍ മ്യൂണിക്കിനെതിരായത്.

ബുന്ദസ് ലിഗയിലെ മറ്റ് മത്സരങ്ങളില്‍ ലീപ്‌സിഗ്, മെയിന്‍സ്, എഫ്‌സി ഇംഗ്ലോസ്റ്റാഡ്, വോള്‍സ്ബര്‍ഗ്, ഓഗ്‌സ്ബര്‍ഗ് ടീമുകള്‍ വിജയിച്ചു. ലീപ്‌സിഗ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹെര്‍ത ബെര്‍ലിനെയും മെയിന്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹാംബര്‍ഗര്‍ എസ്‌വിയെയും എഫ്‌സി ഇംഗ്ലോസ്റ്റാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയര്‍ ലെവര്‍ക്യൂസനെയുമാണ് പരാജയപ്പെടുത്തിയത്.

വോള്‍സ്ബര്‍ഗ്, ഓഗ്‌സ്ബര്‍ഗ് ടീമുകള്‍ എതിരില്ലാത്ത ഓരോ ഗോളുകള്‍ക്ക് യഥാക്രമം ഫ്രാങ്ക്ഫര്‍ട്ടിനെയും ബൊറൂസിയ മോണ്‍ഷെന്‍ഗ്ലാഡ്ബാച്ചിനെയും തോല്‍പ്പിക്കുകയും ചെയ്തു. ജര്‍മന്‍ ബുന്ദസ് ലിഗയിലെ ഷാല്‍ക്കെ-ഫ്രീബര്‍ഗ്, വെര്‍ഡര്‍ ബ്രെമന്‍-എഫ്‌സി കൊളോണ്‍ മത്സരങ്ങള്‍ ഓരോ ഗോളുകളുടെ സമനിലയിലും കലാശിച്ചു.

Comments

comments

Categories: Sports