ബാങ്കുകള്‍ ഡിജിറ്റല്‍ ബോധവത്കരണം ഊര്‍ജിതമാക്കണം

ബാങ്കുകള്‍ ഡിജിറ്റല്‍ ബോധവത്കരണം ഊര്‍ജിതമാക്കണം

 
കൊച്ചി: കറന്‍സിരഹിത സമൂഹം യാഥാര്‍ഥ്യമാകണമെങ്കില്‍ ബാങ്കുകള്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശിച്ചു. യൂണിയന്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പെരുമ്പാവൂര്‍ പോലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെ ജോലി ചെയ്യുന്ന ഇടങ്ങളില്‍ കറന്‍സി പ്രശ്‌നം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്ലൈവുഡ് കമ്പനികളില്‍ കൂലി കൊടുക്കാന്‍ പണം തികയുന്നില്ല. ജോലിക്കാര്‍ക്ക് പണം എങ്ങനെ ഡിജിറ്റലായി കൈകാര്യം ചെയ്യണമെന്നും അറിയില്ല. കോടികള്‍ ബാങ്ക് വായ്പയെടുത്താണ് മിക്ക കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പണത്തിനു പരിധി വളരെ കുറവാണ് എന്നതിനാല്‍ കൂലി കൊടുക്കാനും വാങ്ങിയ തടിക്ക് വില കൊടുക്കാനും കഴിയുന്നില്ല. മാത്രല്ല വേണ്ടത്ര എടിഎമ്മുകളും ഇത്തരം മേഖലകളില്‍ സജ്ജമാക്കണം. ബാങ്കുകളിലൂടെ പണം കൈമാറുന്നതിന് കമ്പനി ഉടമകളെ പ്രേരിപ്പിക്കുന്നതു കൂടാതെ അവര്‍ക്ക് പരിശീലനവും നല്‍കണം. ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് കൂടുതല്‍ പണം എങ്ങനെ നല്‍കാമെന്ന് ആലോചിക്കണം. പലയിടങ്ങളിലും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണിപ്പോള്‍.

ക്രിസ്മസ്, പുതുവത്‌സര വേളയായതിനാല്‍ കൊച്ചിയില്‍ അനവധി ഉത്‌സവ പരിപാടികള്‍ നടക്കാന്‍ പോകുകയാണ്. ബിനാലെ, കാര്‍ണിവല്‍ ഉള്‍പ്പെടെ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം അവസാനത്തോടെ ഒരുലക്ഷത്തോളം ടൂറിസ്റ്റുകളെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലും എടിഎമ്മുകളിലും വേണ്ടത്ര പണം കരുതിവയ്ക്കണമെന്നും മൊബൈല്‍ എടി എമ്മുകള്‍ കൂടുതലായി ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

പിന്‍വലിച്ച പണം തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ സൗകര്യം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കറന്‍സി വിഷയത്തില്‍ ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി താരതമ്യേന തൃപ്തികരമാണ്. ഡിജിറ്റല്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പരമാവധി ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. കോളേജ്, സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പരിശീലനം നല്‍കുന്നതിന് നബാര്‍ഡ് പരമവാധി 15,000 രൂപ വരെ സഹായം നല്‍കും.

യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ സി. സതീഷ്, റിസര്‍വ് ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ സി. ജോസഫ്, നബാര്‍ഡ് ഏരിയ ജനറല്‍ മാനേജര്‍ അശോക് കുമാര്‍ നയ്യാര്‍, യൂണിയന്‍ ബാങ്ക് ഏരിയ ജനറല്‍ മനേജര്‍ പ്രദീപ്, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുത്തു. വിവിധ ബാങ്കുകളുടെ പ്രതിനിധികളും സര്‍ക്കാര്‍ ജില്ലാതല വകുപ്പു മേധാവികളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Comments

comments

Categories: Banking