ഇറാന്‍ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ശാഖ തുറക്കാന്‍ അനുമതി നല്‍കണമെന്ന് എഫ്‌ഐഇഒ

ഇറാന്‍ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ശാഖ തുറക്കാന്‍ അനുമതി നല്‍കണമെന്ന് എഫ്‌ഐഇഒ

 

ന്യൂഡെല്‍ഹി: ഇറാന്‍ ആസ്ഥാനമാക്കിയ ബാങ്കുകളുടെ ശാഖകള്‍ ഇന്ത്യയില്‍ തുറക്കുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുവദിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സപോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ പല ഇറാനിയന്‍ ബാങ്കുകളും ഇന്ത്യയില്‍ ശാഖകള്‍ തുറക്കാന്‍ അനുമതി തേടിയിരുന്നു.
ബാങ്ക് പസര്‍ഗഡ്, സമന്‍ ബാങ്ക്, പാര്‍സിയന്‍ ബാങ്ക്, സര്‍മായെഹ് ബാങ്ക്, എയ്റ്റ്‌സാഡ് നൊവിന്‍ ബാങ്ക് ഉള്‍പ്പെടെ അഞ്ചു ബാങ്കുകള്‍ ഇന്ത്യയില്‍ ശാഖകള്‍ തുറയ്ക്കുന്നതിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇറാനെതിരെ സാമ്പത്തിക ഉപരോധം നിലനിന്നിരുന്നതില്‍ ഈ പ്രക്രിയ നീണ്ടു പോയി. നിലവില്‍ ഈ ബാങ്കുകളിലധികവും യൂക്കോ ബാങ്ക് വഴിയാണ് തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ഉപരോധം നീങ്ങിയതോടെ ഇറാന്‍ ഇന്ത്യയുമായുള്ള ബാങ്കിംഗ്, വ്യാപാ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. .

ഇറാന് ബാങ്ക് ശാഖകള്‍ തുറക്കുവാന്‍ അനുമതി നല്‍കണമെന്ന് ആര്‍ബിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആര്‍ബിഐ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ജനുവരിയോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഫ്‌ഐഇഒയുടെ ഡയറക്റ്റര്‍ ജനറലായ അജയ് സഹായി പറഞ്ഞു. വ്യാപാരത്തിനു പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങളും വര്‍ധിപ്പിക്കാവുന്നതാണ്. ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ, മെഷിനറി വ്യവസായത്തില്‍ ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സഹായി ചൂണ്ടിക്കാട്ടി.
ഇന്ത്യയും ഇറാനും തമ്മില്‍ 9 ബില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമുണ്ട്. സാമ്പത്തിക ഉപരോധം നീങ്ങിയതും എണ്ണവിലയിലെ വര്‍ധനയും ഇത് 12 ബില്ല്യണ്‍ ഡോളറിലെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓട്ടോമൊബീല്‍ ഘടകങ്ങള്‍, ഉപകരണങ്ങള്‍, മോട്ടോറുകള്‍, കെമിക്കലുകള്‍, ബസ്മതി അരി, പഞ്ചസാര, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എണ്ണയാണ് ഇറാനില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

Comments

comments

Categories: Banking