ആദിത്യ ബിര്‍ള അടുത്ത വര്‍ഷം 40 മോര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും

ആദിത്യ ബിര്‍ള  അടുത്ത വര്‍ഷം 40 മോര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും

 

മുംബൈ: ഏകദേശം നാല് വര്‍ഷത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡ് (എബിആര്‍എല്‍) തങ്ങളുടെ ഭക്ഷണ, പലചരക്ക് ബിസിനസ് വിപുലീകരിക്കാന്‍ തയാറെടുക്കുന്നു. തങ്ങളുടെ മോര്‍ ബ്രാന്‍ഡിനു കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡ് ഒരുങ്ങുന്നത്.

വരും വര്‍ഷങ്ങളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബില്യണ്‍ ഡോളറിനടുത്ത് വരുമാനമുള്ള വസ്ത്ര വ്യാപാര ബിസിനസിനേക്കാള്‍ വലിയ ലാഭമുണ്ടാക്കുന്ന തരത്തിലേക്ക് ഭക്ഷണ, പലചരക്ക് ബിസിനസിനെ മാറ്റാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, അപ്പാരല്‍ വിഭാഗങ്ങളുടെ ചുമതലയുള്ള ബിസിനസ് ഡയറക്റ്റര്‍ പ്രണാബ് ബാരുവ പറഞ്ഞു. കമ്പനിയുടെ നിലവിലുള്ള മറ്റെല്ലാ ബിസിനസിനേക്കാളും വലിയ സാധ്യതകളാണ് ഭക്ഷണ, പലചരക്ക് ബിസിനസിലുള്ളതെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് ഏകദേശം 5,9367.21 കോടി രൂപയുടെ ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫണ്ട് റൈസിംഗിലൂടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിനാണ് കമ്പനിയുടെ പുതിയ പദ്ധതി. പുതിയ പങ്കാളികളെ തേടുന്നതിനും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ബറുവ വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷത്തോടെ നാല്‍പ്പതോ അധിലധികമോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവില്‍ 487 സൂപ്പര്‍ മാര്‍ക്കറ്റുകളും, 19 ഹൈപ്പര്‍മാര്‍ക്കറ്റുകളുമാണ് ആദിത്യ ഗ്രൂപ്പിനു കീഴിലുള്ളത്. കഴിഞ്ഞ കുറേ വര്‍ഷക്കാലമായി കിഷോര്‍ ബിയാനിയുടെ നിയന്ത്രണത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പാണ് റീട്ടെയ്ല്‍ രംഗത്ത് മുന്നേറ്റം നടത്തുന്നത്. ബിഗ് ആപ്പിള്‍, നില്‍ഗിരിസ്, സംഗം ഡയറക്റ്റ്, ഹെറിറ്റേജ് ഫൂഡ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളെയും ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ ഭാഗമാക്കിയിരുന്നു. എന്നാല്‍ ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകളും നടത്തുന്നത് കൂടുതല്‍ സമയമെടുക്കുമെന്നും ഇതില്‍ നിന്നും വ്യത്യസ്തമായി ഉല്‍പ്പാദനം വര്‍ധിപ്പിച്ചും, ഉപഭേക്തൃ അടിത്തറ വിപുലീകരിച്ചും, പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുമുള്ള ബിസിനസ് വിപുലീകരണമാണ് ആദിത്യ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും ബറുവയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Branding